തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഉമ്മൻ ചാണ്ടിക്ക് തുടർ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന കുടുംബത്തിനെതിരായ ആരോപണങ്ങൾക്കിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

ഉമ്മൻ ചാണ്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരൻ അലക്സ് വി. ചാണ്ടി രംഗത്തെത്തിയിരുന്നു. അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്.

ഉമ്മൻ ചാണ്ടിക്ക് തുടർ ചികിത്സ ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട അലക്സ് വി. ചാണ്ടിയും മറ്റു ചില കുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ.ആന്റണിയും എം.എം.ഹസ്സനും ഇന്ന് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു.

ഉമ്മൻ ചാണ്ടിയെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞത്. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്‌സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. ഇന്നലെയാണ് അലക്‌സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.

ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയിൽ അലക്‌സ് വി ചാണ്ടി ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്‌സ് വി ചാണ്ടി കുറ്റപ്പെടുത്തി. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി അദ്ദേഹത്തിന്റെ കുടുംബം ശക്തമായി എതിർക്കുന്നു. അലക്‌സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകൾക്ക് അച്ഛന്റെ സഹോദരന് മറുപടി നൽകാൻ താനില്ലെന്ന് പറഞ്ഞ് ചാണ്ടി ഉമ്മൻ ഒഴിഞ്ഞു. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മൻ ചാണ്ടി തന്നെ മറുപടി നൽകിക്കഴിഞ്ഞു. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വിവാദം കത്തിനിൽക്കുന്നതിനിടെ എകെ ആന്റണിയും എംഎം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. താൻ ഇടയ്ക്കിടയ്ക്ക് ഉമ്മൻ ചാണ്ടിയെ കാണാൻ വരാറുണ്ടെന്നായിരുന്നു സന്ദർശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എകെ ആന്റണിയുടെ പ്രതികരണം. ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഉമ്മൻ ചാണ്ടിയെ സാധാരണ കാണുന്നത് പോലെ തന്നെയുണ്ടെന്നായിരുന്നുവെന്നും എകെ ആന്റണി പറഞ്ഞു. വിവാദ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ചികിത്സ നിഷേധിക്കുന്നതായുള്ള പരാതിക്ക് ഉമ്മൻ ചാണ്ടി ഇന്നലെ വിശദീകരണം നൽകിയിരുന്നു. തനിക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണു കുടുംബവും പാർട്ടിയും നൽകുന്നതെന്ന് ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മന്റെ ലൈവ് വിഡിയോയിൽ വ്യക്തമാക്കി.

യാതൊരു വീഴ്ചയും ഇല്ലാത്ത വിധത്തിൽ ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. താൻ പൂർണസംതൃപ്തനാണ്. പാർട്ടി എല്ലാവിധത്തിലുള്ള സഹായവും ചെയ്തു തന്നിട്ടുണ്ട്. ഇങ്ങനെ ഒരു പ്രസ്താവനയ്ക്ക് ഇടയായ സാഹചര്യം എന്നെ മുറിപ്പെടുത്തലാണ്. ഇത്തരമൊരു സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും വിശദവിവരങ്ങൾ അറിയിക്കുമെന്നും നേർത്ത ശബ്ദത്തിൽ ഉമ്മൻ ചാണ്ടി വിഡിയോയിൽ പറഞ്ഞു.