- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കല്ലേറും കുറുവടിയുമായി തന്നെ നേരിട്ട രാഷ്ട്രീയ എതിരാളികളെയും ഉമ്മൻ ചാണ്ടി വെറുത്തില്ല! കണ്ണൂരിലെ വധശ്രമ കേസിൽ സുരക്ഷാ ഉദ്യോഗസ്ഥന് തുണയായത് ഉമ്മൻ ചാണ്ടിയുടെ മൊഴി; കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയത്തെ ഉമ്മൻ ചാണ്ടി പഠിപ്പിച്ചത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവവറ്റാത്ത പാഠങ്ങൾ
കണ്ണൂർ: മുഖ്യമന്ത്രിയെന്ന ഉന്നതസ്ഥാനത്തിരിക്കവെ കല്ലേറും കുറുവടിയുമായി തന്നെ നേരിട്ട രാഷ്ട്രീയ എതിരാളികളെപ്പോലും കരുണവറ്റാതെ സ്നേഹിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ ദയകൊണ്ടു മാത്രമാണ്2013 ഒക്ടോബർ 27ന് സോളാർ ചാണ്ടിയെ കൊല്ലെടായെന്നു ആക്രോശിച്ചുകൊണ്ടു ഔദ്യോഗിക വാഹനത്തിനു മുൻപിൽ കല്ലും കറുവടിയുമായി ചാടിവീണ സി.പി. എം നേതാക്കൾ കാരിരുമ്പ് അഴിക്കുള്ളിലാകാതെ രക്ഷപ്പെട്ടത്.
ഈ കേസിൽ മൂന്ന് പ്രതികളെ കോടതി തടവുശിക്ഷയ്ക്കു വിധിച്ചിരുന്നുവെങ്കിലുംസി.പി. എം നേതാക്കൾ ഉൾപ്പെടെയുള്ള നൂറ്റിപത്തുപേരെ മതിയായ തെളിവില്ലാത്തതിന്റെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു. കേസിലെ എൺപത്തിയെട്ടാം പ്രതി ദീപക് ചാലാട്, പതിനെട്ടാം പ്രതി സി.ഒ.ടിനസീർ, തൊണ്ണൂറ്റി ഒൻപതാം പ്രതി ബിജുപറമ്പത്ത് എന്നിവർക്ക് മാത്രമാണ് ശിക്ഷിവിധിച്ചത്. നൂറ്റിപതിനാണ് പ്രതികളിൽ നൂറ്റിപത്തുപേരെയും വെറുതെ വിടുകയാണ് ചെയ്തത് കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ ഉമ്മൻ ചാണ്ടി താൽപര്യംകാണിക്കാത്തതുകൊണ്ടു മാത്രമാണ്.
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെ കല്ലെറിഞ്ഞു പരുക്കേൽപ്പിക്കുകയെന്നത് കേരളസംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യസംഭവങ്ങളിലൊന്നായിരുന്നു. സോളാർ കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടാണ് കണ്ണൂർ പൊലിസ് മൈതാനിയിൽ2013- ഒക്ടോബർ 27- ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. കാറിൽ മുഖ്യമന്ത്രിയോടൊപ്പം മന്ത്രി കെ.സി ജോസഫും ടി.സിദ്ദിഖുമുണ്ടായിരുന്നു. കല്ല് കാറിന്റെ ചില്ലിൽ തട്ടി തെറിച്ചു മുഖ്യമന്ത്രിക്ക് നെറ്റിക്ക് മുറിവേറ്റു. മുറിവേറ്റു ചോരയൊഴുകിയ നിലയിലാണ് അദ്ദേഹം പൊലിസ് മേളയുടെ സമാപനവേദിയിലെത്തിയത്. പിന്നീട് അവിടെ നിന്നും ആശുപത്രിയിലേക്ക് തിരിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തതോടെ അതിൽ നിന്നും പിൻതിരിപ്പിച്ചതും മുഖ്യമന്ത്രി തന്നെയായിരുന്നു. ഇതോടെ കണ്ണൂരിൽ സി.പി. എം -കോൺഗ്രസ് സംഘർത്തിന്റെ മഞ്ഞുരുകകയും ചെയ്തു. സി.കൃഷ്ണൻ, കെ.കെ നാരായണൻ എന്നിങ്ങനെ രണ്ടു സി.പി. എം എംഎൽഎമാരുടെ നേതൃത്വത്തിൽ അക്രമം നടത്തിയെന്നായിരുന്നു കേസ്. നൂറ്റിപത്തു സി.പി. എം പ്രവർത്തകർക്കെതിരെയുള്ള കേസിൽ മൂന്ന് പേരെ കോടതി ശിക്ഷിക്കുകയും മറ്റുള്ളവരെ വെറുതെ വിടുകയും ചെയ്തു.
എന്നാൽ ഈ കേസ് നടത്തുന്നതിനോട് തുടക്കത്തിലെ ഉമ്മൻ ചാണ്ടി താൽപര്യം കാണിച്ചിരുന്നില്ല. നേരിട്ടു അറിയാവുന്ന രണ്ടു നിയമസഭാ സമാജികരുടെ പേരും അദ്ദേഹം കോടതിയിൽ പറഞ്ഞില്ല. കേസിലെ പ്രതിയായി പിന്നീട് ശിക്ഷിക്കപ്പെട്ട സി.ഒ. ടി നസീറിനെ തലശേരിയിലെ ഒരു പൊതുപരിപാടിക്കിടെ കണ്ടപ്പോൾ വാരിപുണർന്ന് സ്നേഹം പ്രകടിപ്പിക്കാനും ഉമ്മൻ ചാണ്ടി മറന്നില്ല. കൊന്നും കൊലവിളിച്ചും മുന്നേറിയിരുന്ന കണ്ണൂർ രാഷ്ട്രീയത്തിന് പുത്തൻ അനുഭവമായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിശാലഹൃദയവും കാരുണ്യവും നിറഞ്ഞ വഴികൾ. അതുകൊണ്ടു തന്നെ കണ്ണൂരുകാർ കൂടുതൽ ആത്മാർത്ഥമായി അദ്ദേഹത്തെ സ്നേഹിച്ചു.
ഗുരുതരമായ സുരക്ഷാവീഴ്‌ച്ചയുണ്ടെന്ന ആരോപണമുയർന്നതിനെ തുടർന്ന് കണ്ണൂരിലെ കല്ലേറുകേസിൽ നിന്നും തന്റെ ഗൺമാനായ പേഴ്സനൽ സെക്യൂരിറ്റി ഓഫീസറുടെജോലി സംരക്ഷിച്ചതും ഉമ്മൻ ചാണ്ടിയുടെ കാരുണ്യം മാത്രമായിരുന്നു. അക്രമം നടക്കുമ്പോൾ ഗൺമാൻ പുറകിലത്തെ സീറ്റിലായിരുന്നു ഇരുന്നത്. ടി.സിദ്ദിഖായിരുന്നു മുൻവശത്തിരുന്നത്. എന്നാൽ വിവാദമുണ്ടായപ്പോൾ ഗൺമാൻ മുൻപിലിരിക്കണമെന്ന നിഷ്‌കർഷ തനിക്കുണ്ടായിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
തന്റെ അറിയിപ്പനുസരിച്ചാണ് ഗൺമാൻ പുറകിലിരുന്നതെന്നാണ്ഉമ്മൻ ചാണ്ടി കേസിന്റെ വിചാരണ നടക്കവെ കണ്ണൂർ സെഷൻസ് കോടതിയിലും മൊഴിനൽകിയത്. ഇതോടെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയുള്ള നിയമനടപടികളിൽ നിന്നും ജോലി പോകാതെ ഗൺമാൻ രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനരാഷ്ട്രീയത്തിൽ തന്നെ ഏറെ വിവാദമുണ്ടാക്കിയ കേസിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിലല്ല അവരോട് പോലും ക്ഷമിക്കാനുള്ള ഹൃദയ വിശാലതയാണ് ഉമ്മൻ ചാണ്ടി കാണിച്ചത്.




