- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2012 ൽ ഒഞ്ചിയത്തും കണ്ണൂരിലും പൊലീസ് നടത്തിയ തേർവാഴ്‌ച്ച ഓർമ്മയുണ്ടോ..? ഭരണകൂട ഭീകരതയിൽ വിട്ടുപിരിഞ്ഞ കുഞ്ഞനന്തേട്ടനെ മറക്കാൻ പറ്റുമോ..? കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള കുറുക്കന്റെ കൗശലമുള്ള ഉമ്മൻ ചാണ്ടി! കോടിയേരിയുടെ വീട്ടിൽ ഉമ്മൻ ചാണ്ടി വന്നത് ചിലർക്ക് പിടിച്ചില്ല; ഉമ്മൻ ചാണ്ടിയുടെ കൈപിടിച്ച ബിനീഷിനെ കണ്ട് സഹിക്കാതെ സൈബർ ആക്രമണം; പിജെയുടെ മകൻ നിലവാരം വിടുമ്പോൾ
കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചപ്പോൾ കണ്ടത് വികാര നിർഭര രംഗങ്ങളായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുൻ മന്ത്രി കെ.സി.ജോസഫ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് എന്നിവർക്കൊപ്പം കോടിയേരി മുളിയിൽനടയിലെ വീട്ടിൽ ഉമ്മൻ ചാണ്ടി എത്തിയത്. രോഗങ്ങൾ അലട്ടുമ്പോഴും ഏറെ അടുത്തറിയാവുന്ന കോടിയേരിയുടെ കുടുംബത്തെ കാണാനാണ് ഉമ്മൻ ചാണ്ടി കണ്ണൂരിലേക്ക് എത്തിയത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ വരവിനെ വിവാദത്തിലാക്കുകയാണ് പി ജയരാജന്റെ മകൻ ജയിൻ രാജ്.
ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കുഞ്ഞനന്തനെ അടക്കം പുകഴ്‌ത്തിയാണ് ഉമ്മൻ ചാണ്ടിയെ ഇകഴ്‌ത്തുന്നത്. കോടിയേരിയുടെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടിക്ക് കുടുംബാഗങ്ങൾ വികാര നിർഭരമായാണ് വരവേൽപ്പ് നൽകിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരോട് ഉമ്മൻ ചാണ്ടി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഉമ്മൻ ചാണ്ടി എത്തുമ്പോൾ സ്പീക്കർ എ.എൻ.ഷംസീർ ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള ഉമ്മൻ ചാണ്ടിയെ, ബിനീഷ് കൈപിടിച്ചാണ് കാറിൽ കയറ്റിയത്. രാഷ്ട്രീയം മറന്നുള്ള സ്‌നേഹമാണ് പ്രതിഫലിച്ചത്. ഇതിനിടെയാണ് ജയരാജന്റെ മകന്റെ സൈബർ ആക്രമണം.
രാഷ്ട്രീയത്തിലുപരിയായ വ്യക്തിബന്ധം താനുമായി കോടിയേരിക്കുണ്ടായിരുന്നെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വളരെ അപ്രതീക്ഷിതമാണ് ഈ മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എംപി.അരവിന്ദാക്ഷൻ, നേതാക്കളായ വി.എ.നാരായണൻ, സജീവ് മാറോളി, കെ.ശിവദാസൻ, സന്തോഷ് കണ്ണവെള്ളി, എ.ആർ.ചിന്മയി തുടങ്ങിയവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു. കേരളം കണ്ട ഏറ്റവും സൗമ്യനായ മുഖ്യമന്ത്രിമാരിൽ ഒരാളായാണ് ഉമ്മൻ ചാണ്ടിയെ വിലയിരുത്തുന്നത്. എന്നാൽ കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള, കുറുക്കന്റെ കൗശലമുള്ള ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെ ജയരാജന്റെ മകൻ വിമർശിക്കുന്നത് അന്ന് അനിവാര്യതയായിരുന്ന നടപടികളുടെ പേരിലാണ്.
കോടിയേരിയുടെ സംസ്‌കാരത്തിന് ശേഷം വിദേശത്തേക്ക് പറന്ന മുഖ്യമന്ത്രിയ്‌ക്കെതിരേയും തിരുവനന്തപുരത്ത് പൊതു ദർശനത്തിന് കൊണ്ടു വരാത്ത നടപടിയുമെല്ലാം വിമർശനമായി കഴിഞ്ഞു. എംബാം ചേയ്ത മൃതദേഹം അധികം യാത്ര ചെയ്യുന്നതിലെ ആശങ്ക ഡോക്ടർമാർ പങ്കുവച്ചെന്നുള്ള കോമഡി വിശദീകരണം അടക്കം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു. അതിനിടെയാണ് ചർച്ചകൾ വഴിതിരിച്ച് പി ജയരാജന്റെ മകന്റെ പോസ്റ്റും എത്തുന്നത്.
ജയിൻ കെ രാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
2012 ൽ ഒഞ്ചിയത്തും കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങളിലും പൊലീസ് നടത്തിയ തേർവാഴ്‌ച്ച ഓർമ്മയുണ്ടോ..?
ഭരണകൂട ഭീകരതയിൽ രോഗാരുതനായ നമ്മെ വിട്ടുപിരിഞ്ഞ കുഞ്ഞനന്തേട്ടനെ മറക്കാൻ പറ്റുമോ..?
ഷുക്കൂർ കേസിൽ യാതൊരു തെളിവുമില്ലാഞ്ഞിട്ട് കൂടി സിപിഐ എം നേതാക്കളെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത് ഓർമ്മയുണ്ടോ.?
ഷുക്കൂർ കേസിൽ തന്നെ സിപിഐ എം പ്രവർത്തകന് മേൽ കമ്പിപാര പ്രയോഗിച്ചത് ഓർമ്മയുണ്ടോ.?
യു എ പി എ ചുമത്തപ്പെട്ട കതിരൂർ കേസിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് 7 വർഷത്തോളം
ജയിൽവാസം അനുഭവിച്ച കതിരൂർ സഖാക്കളെ മറക്കാൻ പറ്റുമോ.?
കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള,കുറുക്കന്റെ കൗശലമുള്ള ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു ഇതൊക്കെ നടന്നത്..
ടിപി ചന്ദ്രശേഖരന്റെ കൊലയെ തുടർന്നായിരുന്നു 2012ലെ പൊലീസ് നടപടികൾ. അതിന് പിന്നിൽ കുഞ്ഞനന്തനാണെന്ന് കോടതിയും കണ്ടെത്തിയതാണ്. എന്നാൽ ഇതൊന്നും ജയരാജന്റെ മകൻ അംഗീകരിക്കുന്നില്ല. ഭരണകൂട ഭീകരതയാണ് അത്. കുഞ്ഞനന്തന്റെ മരണം സംഭവിച്ചത് ഇടതുപക്ഷ ഭരണകാലത്താണ്. മതിയായ ചികിൽസയും പരോളുമെല്ലാം കൊടുത്ത് ഇടതു സർക്കാർ കുഞ്ഞനന്തനോട് വാൽസല്യം കാട്ടിയിരുന്നു. ടിപിയെ കൊന്ന പ്രതിയെ രക്തസാക്ഷിയുടെ പരിവേഷത്തിൽ യാത്രയാക്കുകയും ചെയ്തു.
ഷൂക്കൂർ കേസും കതിരൂർ കൊലപാതകവുമെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതങ്ങളായിരുന്നു. പല കേസുകളിലും പ്രതി സ്ഥാനത്തേക്ക് പി ജയരാജനും എത്തിയെന്നതാണ് വസ്തുത. ഇതെല്ലാം ഉമ്മൻ ചാണ്ടിയുടെ കൗശലമുള്ള ഇടപെടലാണെന്നാണ് ജയരാജന്റെ മകന്റെ കണ്ടെത്തൽ. കോടിയേരിയുടെ വീട്ടിലേക്ക് ഇനി ആരെത്തിയാലും ഇത്തരം സൈബർ ആക്രമണങ്ങൾ നടക്കുമെന്ന സന്ദേശം കൂടിയാണ് ജയിൻ കെ രാജ് നൽകുന്നത്. ഈ പോസ്റ്റിന് താഴെ വിമർശനവുമായി കമന്റുകളുമെത്തുന്നു.
മരണപ്പെടുബോൾ വീട്ടിൽ പോവുന്നതും, രാഷ്ട്രീയത്തിന് അപ്പുറം ബന്ധം ഉണ്ടാവുന്നതും തെറ്റ് അല്ല.. രാഷ്ട്രീയം എന്താണ് എന്ന് മനസിലാക്കുക.. സ്ഥിരം ശത്രു രാഷ്ട്രീയത്തിൽ ഇല്ല ഇത് പി ജയരാജൻ സഖാവ് തന്നെ പറഞ്ഞത് ആണ്... ഒകെ വാസു മാസ്റ്റർ പാർട്ടിയിൽ വന്നില്ലേ അപ്പോൾ??-ഇതാണ് കമന്റ്. മരണവീട്ടിൽ പോയതിനെയോ, വീട്ടുകാർ സ്വീകരിച്ചതിനെയോ ആരും കുറ്റം പറഞ്ഞില്ല.. അത് ശരിയായ നിലപാട് തന്നെയാണെന്നാണ് എന്റെ അഭിപ്രായം ..പക്ഷെ അയാൾ അതുവരെ ചെയ്ത കാര്യങ്ങളെ മറച്ച് വെച്ച് കൊണ്ട് ചില സൈബർ വിദഗ്ദന്മാർ അയാളെ വെളുപ്പിക്കുന്നതിനെ കുറിച്ചേ ഞാൻ പറഞ്ഞുള്ളൂ..-ഇതാണ് ആ കമന്റിനുള്ള മറുപടിയും. ഇങ്ങനെ ചർച്ചയും നടക്കുന്നു.
മറ്റൊരു ശ്രദ്ധേയമായ കമന്റ് ചുവടെ
അവശനായ ഉമ്മൻ ചാണ്ടി,
ഷംസീറിന്റെ കയ്യിൽ പിടിച്ച് കോടിയേരിയുടെ വീട്ടിൽ എത്തി. പ്രായമായതിന്റെ എല്ലാ വേദനയും അയാളുടെ മുഖത്തും ശരീരത്തിലും ഉണ്ട്. കുറെയേറെ സമയം അവിടെ ചിലവഴിച്ചു. പിന്നീട് ബിനീഷിന്റെ കയ്യിൽ മുറുകെ പിടിച്ച് വൃദ്ധനും അവശനുമായ ഉമ്മൻ ചാണ്ടി അയാളുടെ വാഹനത്തിലേക്ക് നടന്ന് വന്നു കയറി.
കൗമാരവും യൗവ്വനവും കടന്നാൽ മനുഷ്യൻ ദുർബലനാണ്. ഏതൊരാളും പര സഹായത്തിന് വിധേയനാകേണ്ടി വരും. ആ കാഴ്‌ച്ച കണ്ടപ്പോൾ എന്താണ് മനസ്സിൽ തോന്നിയത് എന്ന് ചോദിച്ചാൽ വിവരണങ്ങൾക്ക് അധീതമാണ്. താനും അനിവാര്യമായ മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്ന് ആ മുഖത്ത് നിന്ന് വായിക്കാം.
പറയാനുള്ളത് എന്റെ ഇടതുപക്ഷ സുഹൃത്തുക്കളോട് ആണ്. ബിന്ദു കൃഷ്ണയെ കണ്ട്, BRM ഷഫീറിനെ കണ്ട് അവരുടെ അതേ നിലവാരം ഉള്ള സൈബർ കോൺഗ്രസുകാരെ കണ്ട് അതിലെല്ലാം ഉപരി അവരെ സൃഷ്ടിച്ച VT ബൽറാമിനെ ഓർത്ത് ചങ്ക് പറിയുന്ന വേദനയും അരിശവും തോന്നിയവരാണ് ദിവസങ്ങൾക്ക് മുമ്പ് നമ്മൾ ഏവരും. അത് ഉൾകൊണ്ട് തന്നെ പറയുകയാണ്,
ബൽറാം ആവരുത്
ബിന്ദു കൃഷ്ണ ആവരുത്
BRM ഷഫീർ ആകരുത് .........
ഒരിക്കലും ഒരിക്കലും സൈബർ കോൺഗ്രസ് ആവരുത് ............!
നമ്മളല്ലാതെ ആവരുത് ............!
ഷിഹാബ് മദീന
മറുനാടന് മലയാളി ബ്യൂറോ