- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പൻ കാണാമറയത്ത്; സംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെ; സമയം വൈകിയതോടെ ദൗത്യം പ്രതിസന്ധിയിൽ; വെയിൽ ശക്തമായാൽ വെടിവെക്കാനും ബുന്ധിമുട്ട്; അരിക്കൊമ്പൻ ഉൾക്കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ; ആർആർടി സംഘം കാട്ടിൽ അരിക്കൊമ്പനായുള്ള തിരച്ചിൽ തുടരുന്നു
ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. ദൗത്യം ഇന്ന് പൂർത്തീകരിക്കാൻ സാധിക്കുമോ എന്നതിൽ ആശങ്ക തുടരുകയാണ്. അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. രാവിലെ കാട്ടാനക്കൂട്ടത്തോടൊപ്പം കണ്ടത് ചക്കക്കൊമ്പനെയാണ്. ഇത് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അരിക്കൊമ്പനെ കണ്ടെത്താനായി ദൗത്യസംഘം തിരച്ചിൽ തുടരുകയാണെന്നും അധികൃതർ സൂചിപ്പിച്ചു.
രാവിലെ 6.30 ഓടെ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണെന്ന് ആർആർടി സംഘം സ്ഥിരീകരിച്ചു. മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായില്ല. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ആർആർടി സംഘം കാട്ടിൽ അരിക്കൊമ്പനായുള്ള തിരച്ചിൽ തുടരുകയാണ്.
അരിക്കൊമ്പൻ ഇപ്പോൾ എവിടെയെന്ന് വ്യക്തമല്ല. ചിന്നക്കനാലിന്റെ വിവിധ മേഖലയിൽ തെരച്ചിൽ നടത്തുകയാണ് ദൗത്യസംഘമിപ്പോൾ. നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പൻ കൂട്ടത്തിൽ നിന്നും മാറി കാട്ടിൽ ഉറങ്ങുന്നുവെന്നും വനംവകുപ്പ് സംശയിക്കുന്നുണ്ട്. മുൻപ് പല ദിവസങ്ങളിലും ഈ സമയത്ത് അരിക്കൊമ്പൻ കാട്ടിൽ മാറിയിട്ടുണ്ട്. അങ്ങനെ വന്നാൽ പതിനൊന്ന് മണിക്ക് ശേഷമേ പുറത്തിറങ്ങൂ. വന മേഖലയിൽ പല ഭാഗത്തായി വനപാലകർ തെരച്ചിൽ നടത്തുകയാണ്.
സമയം കുറയുന്തോറും അരിക്കൊമ്പൻ ദൗത്യം വെല്ലുവിളി കൂടുകയാണ്. വെയിൽ ശക്തമായാൽ ആനയെ വെടിവയ്ക്കാൻ തടസമേറെയാണ്. വെയിൽ കൂടിയാൽ ആനയെ തണുപ്പിക്കാൻ സൗകര്യം വേണ്ടിവരും. റേഡിയോ കോളർ ഘടിപ്പിക്കാൻ കുടുതൽ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്. അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ വിദഗ്ധരെയും കുങ്കിയാനകളെയും പ്രദേശത്തെത്തിച്ചിരുന്നു. ഉൾക്കാട്ടിൽ അരിക്കൊമ്പനെ കണ്ടെത്തിയാൽ മയക്കുവെടി വെക്കുക ദുഷ്‌കരമാണ്. മയക്കു വെടിയേറ്റാൽ അരിക്കൊമ്പൻ എങ്ങോട്ടു പോകുമെന്നത് ദൗത്യത്തിൽ നിർണായകമാണ്. വാഹനം എത്താത്ത പ്രദേശത്താണെങ്കിൽ ദൗത്യം വീണ്ടും ദുഷ്‌കരമാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കാലാവസ്ഥ അനുകൂലമാണ്. അരിക്കൊമ്പനെ ഒറ്റയ്ക്ക് കിട്ടുക എന്നത് ശ്രമകരമായ ദൗത്യമാണ്. അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താനാകില്ല. സ്ഥലം സംബന്ധിച്ച് മുദ്രവച്ച കവറിൽ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അരിക്കൊമ്പനെ പിടിക്കാനായി പുലർച്ചെ നാലേ മുക്കാലോടെയാണ് ദൗത്യസംഘം കാടുകയറിയത്. വനംവകുപ്പിന്റെ വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം പേരാണ് ദൗത്യസംഘത്തിലുള്ളത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വെള്ളിയാഴ്ച പുലർച്ചെ നാലര മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികൾക്കും നിയന്ത്രണമേർപ്പെടുത്തി.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്. വനം വകുപ്പ് സി സി എഫ് ആർ എസ് അരുണിന്റെയും മൂന്നാർ ഡി എഫ് ഒ രമേശ് ബിഷ്നോയിയുടെയും നേതൃത്വത്തിലാണ് ദൗത്യം. കഴിഞ്ഞ 7 വർഷത്തിനിടെ ദേവികുളം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ 13 പേർ മരണപ്പെടുകയും 3 പേർക്ക് ഗുരുതര പരിക്കേൽക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന 'അരിക്കൊമ്പൻ' എന്ന കാട്ടാന കഴിഞ്ഞ ജനുവരി മാസം മാത്രം 3 കടകൾ തകർക്കുകയും അരിയും മറ്റ് റേഷൻ സാധനങ്ങളും കവരുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ