ചിന്നക്കനാൽ: സർവ്വ സന്നാഹങ്ങളുമായി അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഓപ്പറേഷൻ തുടങ്ങി. ചിന്നക്കനാൽ 301 കോളനിയിലാണ് ഓപ്പറേഷൻ അരിക്കൊമ്പൻ നടക്കുന്നത്. ആന സിമന്റ് പാലത്തിന് സമീപമുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. കാലാവസ്ഥ അനുകൂലമായതോടെ അരിക്കൊമ്പനെ പിടികൂടാൻ പുലർച്ചെ നാലിന് തന്നെ വനംവകുപ്പ് അധികൃതർ ഇറങ്ങുക ആയിരുന്നു. വനം വകുപ്പിന്റെ പദ്ധതികൾ ലക്ഷ്യം കണ്ടാൽ ഇടുക്കി ജില്ലയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വർഷങ്ങളായി അടക്കി ഭരിച്ച അരിക്കൊമ്പൻ എന്ന കാട്ടാന ഇന്നു പിടിയിലാവും.

പുലർച്ചെ ആരംഭിച്ച ദൗത്യം എട്ടോടെ പൂർത്തിയാക്കാനാണു തീരുമാനം. ഇതിനായി ചിന്നക്കനാൽ പഞ്ചായത്ത് പൂർണമായും ശാന്തൻപാറ പഞ്ചായത്തിന്റെ 1, 2, 3 വാർഡുകളിലും ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസവും ശ്രമം തുടരുമെന്നു കോട്ടയം ഡിഎഫ്ഒ എൻ.രാജേഷ് പറഞ്ഞു. അതേസമയം പിടികൂടുന്ന അരിക്കൊമ്പനെ എവിടേക്കു കൊണ്ടുപോകും എന്ന കാര്യം വനം വകുപ്പ് പുറത്തുവിടുന്നില്ല. അക്കാര്യം അതീവ രഹസ്യമായി വെച്ചിരിക്കുകയാണ്. പെരിയാർ ടൈഗർ റിസർവും അഗസ്ത്യാർകൂടം വനമേഖലയും പരിഗണിക്കുന്നതായാണു സൂചന.

മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാർ, വനം വകുപ്പ് ജീവനക്കാർ, കുങ്കിയാനകളുടെ പാപ്പാന്മാർ എന്നിവർ ഉൾപ്പെടെ 150 പേരാണു ദൗത്യത്തിൽ നേരിട്ടു പങ്കെടുക്കുന്നത്. എട്ടു സംഘങ്ങളായി തിരിഞ്ഞാണ് ഇവർ ആനയെ കുടുക്കാൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വനം വകുപ്പ് വാച്ചർമാർ, ഓഫിസർമാർ, പൊലീസ്, ഡോക്ടർമാർ, വെറ്ററിനറി ഡോക്ടർമാർ, അഗ്‌നിരക്ഷാ സേനാംഗങ്ങൾ, ദ്രുതകർമസേനാംഗങ്ങൾ തുടങ്ങിയവർ ടീമിലുണ്ട്. വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയാണു സംഘത്തലവൻ

കോട്ടയം സർക്കിൾ സിസിഎഫ് ആർ.എസ്.അരുണിന്റെ നേതൃത്വത്തിൽ ചിന്നക്കനാലിൽ വനം, പൊലീസ്, മോട്ടർ വാഹന വകുപ്പ്, അഗ്‌നിരക്ഷാസേന, ആരോഗ്യ വകുപ്പ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച വിശദമായ യോഗം ചേർന്നു. സംഘാംഗങ്ങളെ ഉൾപ്പെടുത്തി മോക്ഡ്രില്ലും സംഘടിപ്പിച്ചു.

അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള സംഘത്തിന്റെ സന്നാഹങ്ങൾ ഇങ്ങനെ കുങ്കിയാന, തോട്ടി, വടി, പടക്കം. മയക്കുവെടിയേൽക്കുന്ന അരിക്കൊമ്പനെ അനുനയിപ്പിച്ച് മര്യാദയ്ക്കു നിർത്താനായി കുഞ്ചു, സൂര്യൻ, വിക്രം, കോന്നി സുരേന്ദ്രൻ എന്നീ 4 കുങ്കിയാനകളെയാണ് വനം വകുപ്പ് എത്തിച്ചിരിക്കുന്നത്.

ന്മ ഉപകരണങ്ങൾ
ന്മ സാറ്റലൈറ്റ് കോളർ

ന്മ ഡാർട്ടിങ് ഗൺ 12 എണ്ണം

ന്മ ആനയെ മെരുക്കാനുള്ള തോട്ടി, വടി, പടക്കങ്ങൾ, കയർ

ന്മ ആനയെ സ്ഥലംമാറ്റുന്നതിനായി പ്രത്യേകം തയാറാക്കിയ ലോറി

ന്മ സംഘാംഗങ്ങൾ തമ്മിൽ ആശയവിനിമയത്തിനായി പ്രത്യേകം ഉപകരണങ്ങൾ