കണ്ണൂർ: ആറളം ഫാമിൽ നിന്നും കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുന്നഓപറേഷൻ എലിഫന്റ് പദ്ധതി പ്രദേശവാസികളുടെ പ്രതിഷേധത്തെ കടുത്ത തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചു.തിങ്കളാഴ്‌ച്ച രാവിലെ ആരംഭിച്ച വനംവകുപ്പ് പ്രത്യേക സേനയുടെ തുരത്തൽ നടപടികളാണ് നിർത്തിവെച്ചത്. കാട്ടാനകൾ വീണ്ടും പുനരധിവാസ പ്രദേശങ്ങളിലേക്ക് തിരിച്ചെത്തുമെന്ന ആശങ്കയിലാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തിറങ്ങിയത്. തുടർന്ന് ചൊവ്വാഴ്‌ച്ച പകൽ ഓടൻതോട്് ഫാം ഹൗസിൽ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സംയുക്ത യോഗം വനംവകുപ്പ് വിളിച്ചു ചേർത്തിട്ടുണ്ട്. ഈയോഗത്തിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമാണ് തുടർ നടപടികൾ സ്വീകരിക്കുക.

വനംവകുപ്പിനെ കൂടാതെ, ആറളം ഫാം, പൊലിസ് സേനാംഗങ്ങളുടെ സംയുക്ത സംഘമാണ് ആനകളെ തുരത്താനിറങ്ങിയത്. ആറളം ഫാം ബ്ളോക്ക് ഒന്ന്, രണ്ട് മൂന്ന് , നാല് എന്നിവടങ്ങളിൽ നിന്നായി തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനായിരുന്നു പദ്ധതി. തുടർന്ന് ഈ ബ്ളോക്കുകൾ സംരക്ഷിക്കാനായി സ്ഥാപിച്ച സോളാർ വൈദ്യുത വേലി ചാർജ്ജ് ചെയ്യാനായിരുന്നു തീരുമാനം. കഴിഞ്ഞ മൂന്ന് വർഷത്തിനു ശേഷമാണ് വയനാട്ടിൽ കാട്ടാന രണ്ടുപേരെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ ആറളം ഫാമിൽ നിന്നും തുരത്താൻ വനംവകുപ്പ് തീരുമാനിച്ചത്.

ആറളം ഫാമിലെ ബ്ളോക്കുകളിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നത് ആനമതിൽ നിർമ്മാണത്തിന് ശേഷം മാത്രമാണ് ചെയ്യേണ്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആനയെ പൂർണമായും തുരത്തുന്നത് പ്രായോഗികമല്ലെന്നും കാട്ടിലേക്ക് കയറാതെ ആനകൾ ജനവാസ മേഖലകളിലേക്ക് നീങ്ങിയാൽ എന്തു ചെയ്യുമെന്നാണ് ഇവർ ചോദിക്കുന്നത്. ഫാമിന്റെ നിലനിൽപ്പിനെ മാത്രം പരിഗണിച്ചു കൊണ്ടു ആനകളെതുരത്താനിറങ്ങുന്നത് പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്നും ഇവർ പറയുന്നു. ഈക്കാര്യം ഫാം അഡ്‌മിനിസ്ട്രേറ്റർക്ക് നിവേദനമായി നേരത്തെ നൽകിയതാണെന്നും ഈക്കാര്യത്തിൽ നടപടിയെടുത്തില്ലെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.

വർഷങ്ങളായി ഫാമിലെ കൃഷിയിടത്തിൽ വസിച്ചുവന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്തുകയെന്നത് അതീവ അപകടകരമായ കാര്യമാണെന്നാണ് വനംവകുപ്പ് പറയുന്നത്. ആനക്കൂട്ടത്തെ പൂർണമായി വനത്തിലേക്ക് കയറ്റി വിട്ടില്ലെങ്കിൽ ജനവാസ കേന്ദ്രത്തിലേക്ക്വീണ്ടും പ്രകോപിതരായി ഇറങ്ങാനുള്ള സാധ്യതയുംകൂടുതലാണ്. ആറളം ഫാംസ്‌കൂളിന്റെ പ്രവർത്തനത്തെപ്പോലും ഇതു പ്രതികൂലമായി ബാധിക്കും. പരീക്ഷകൾ ആരംഭിക്കാനിരിക്കെ തിടുക്കപ്പെട്ടു ആനയെ തുരുത്താനുള്ളതീരുമാനം ദോഷം ചെയ്യുമെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.

ആനമതിൽ നിർമ്മാണം പുരോഗമിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനായി കാത്തിരിക്കണമെന്നും അല്ലെങ്കിൽ കശുവണ്ടി തോട്ടങ്ങളിൽ പോകാതെ കാട്ടാനകൾ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലെത്തുമെന്നാണ് സ്‌കൂൾ അദ്ധ്യാപകരും പ്രദേശവാസികളും ഒരേ സ്വരത്തിൽ പറയുന്നത്. കർണാടക വനാതിർത്തിയോട് ചേർന്ന് എഴുപതോളം ആനകൾ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. ആനക്കൂട്ടംവിഹരിക്കുന്ന മുന്നൂറ് ഏക്കർ ഫാം ഭൂമിയാണ് വനംവകുപ്പ് തിരിച്ചുപിടിക്കാൻലക്ഷ്യമിടുന്നത്.കഴിഞ്ഞ കുറെക്കാലമായി ഫാമിലെകശുവണ്ടി തോട്ടങ്ങളിൽ കാട്ടാനകൾ തമ്പടിച്ചതുകാരണം വിളവെടുപ്പ്അസാധ്യമായിരുന്നു.

ഫാമിന്റെ പ്രധാന വരുമാന സ്രോതസായ കശുവണ്ടി വിളവെടുപ്പ് മുടങ്ങിയതോടെ കനത്ത സാമ്പത്തിക നഷ്ടമാണ് ഫാമിന് നേരിട്ടത്. തൊഴിലാളികൾക്കും പണിയില്ലാതായി മാറി. മൂന്നൂറ് ഏക്കറോളം കശുവണ്ടി തോട്ടത്തിൽ എഴുപതോളം കാട്ടാനകളാണ് തമ്പടിച്ചിട്ടുള്ളത്. ഈസാഹചര്യത്തിലാണ് ഇവിടെ 35ലക്ഷം രൂപ ചെലവഴിച്ചു സോളാർ കമ്പി വേലികൾ സ്ഥാപിച്ചത്. ഫാമിലെക്കുള്ള എല്ലാറോഡുകളും അടച്ചിട്ട് തിങ്കളാഴ്‌ച്ച രാവിലെ ഒൻപതുമണിമുതൽ ഓപ്പറേഷൻ എലിഫെന്റ് തുരത്തൽ പദ്ധതി തുടങ്ങിയെങ്കിലും പ്രദേശവാസികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.