ബെംഗളൂരു: ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽനിന്ന് രാജ്യത്ത് മടങ്ങിയെത്തിയ 25 മലയാളികൾ ബെംഗളൂരുവിൽ കുടുങ്ങി. യെലോ ഫീവർ പ്രതിരോധ വാക്‌സീൻ കാർഡ് ഇല്ലെങ്കിൽ പുറത്തുവിടില്ലെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. വാക്‌സീൻ എടുക്കാത്തവർ അഞ്ചുദിവസം സ്വന്തം ചെലവിൽ ക്വാറന്റീനിൽ പോകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ജീവനുംകൊണ്ടു നാട്ടിലേക്ക് തിരികെ എത്തിയ തങ്ങൾക്ക് ഇനി ബെംഗളൂരുവിൽ ക്വാറന്റീൻ ചെലവ് കൂടി താങ്ങാനുള്ള ശേഷിയില്ലെന്ന് യാത്രക്കാർ അറിയിച്ചു. മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ എത്തിയവർ വാക്‌സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളിൽ എത്തിയവർ വാക്‌സിൻ സർട്ടിഫിക്കറ്റ് നിബന്ധന ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന് സർക്കാറിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രതികരിച്ചു. ഡൽഹിയിലും മുംബൈയിലും എത്തിയവർക്ക് ഇത്തരം നിബന്ധനകളില്ലായിരുന്നു. ഉദ്യോഗസ്ഥരോട് ഈ വിഷയത്തിൽ സംസാരിക്കുമെന്നും കെ വി തോമസ് പറഞ്ഞു.

പിന്നാലെ വിശദീകരണവുമായി ബംഗളുരു അന്താരാഷ്ട്ര വിമാനത്താവള വക്താവ് രംഗത്ത് വന്നു. കേന്ദ്രസർക്കാർ നിഷ്‌കർഷിക്കുന്ന ക്വാറന്റീൻ ചട്ടങ്ങൾ യാത്രക്കാർ പാലിക്കണമെന്ന് പറഞ്ഞ അധികൃതർ ആറ് ദിവസം ക്വാറന്റീൻ എന്നത് കേന്ദ്രസർക്കാർ നിർദേശമാണെന്നും അതിന്റെ ചെലവ് യാത്രക്കാർ വഹിക്കേണ്ടതില്ലെന്നും പറഞ്ഞു.

നേരത്തെ യാത്രക്കാർ സ്വന്തം ചെലവിൽ ക്വാറന്റീനിൽ പോകണം എന്നായിരുന്നു വിമാനത്താവള അധികൃതരുടെ വാദം. എന്നാൽ ഇന്ന് യാത്രക്കാർ കേരളത്തിലേക്ക് ബുക്ക് ചെയ്ത ഫ്‌ളൈറ്റിന്റെയോ മറ്റ് യാത്രാ മാർഗങ്ങളുടെയോ നഷ്ടം സർക്കാർ നികത്തില്ലെന്നും അധികൃതർ അറിയിച്ചു.

ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്ന് വന്ന മലയാളികൾ ബംഗളുരു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. യെല്ലോ ഫീവർ പ്രതിരോധ വാക്‌സിൻ കാർഡ് ഇല്ലെങ്കിൽ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. അതല്ലെങ്കിൽ സ്വന്തം ചെലവിൽ അഞ്ച് ദിവസം ക്വാറന്റീനിൽ പോകണമെന്നും അധികൃതർ ആവശ്യപ്പെടുന്നു. 25 മലയാളികൾ ആണ് ബെംഗളൂരുവിൽ കുടുങ്ങിയിരിക്കുന്നത്.