- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂട്ടാന്‍ വഴിയുള്ള വാഹന ഇടപാടില്‍ വന്‍ സാമ്പത്തിക ക്രമക്കേട്; കോടികള്‍ മറിഞ്ഞെന്ന നിഗമനം; ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും സംശയം; വിശദമായ അന്വേഷണത്തിന് ഇ.ഡിയും; ഉദ്യോഗസ്ഥരെത്തി കസ്റ്റംസില്‍ വിവരങ്ങള്‍ ശേഖരിച്ചു; മറ്റ് കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ തേടും; വാഹന ഉടമകള്‍ നിയമക്കുരുക്കില്‍
ഭൂട്ടാനില്‍ നിന്നുള്ള വാഹന കടത്ത് അന്വേഷിക്കാന്‍ ഇഡിയും
കൊച്ചി: ഭൂട്ടാന്‍ വഴി കോടികള്‍ നികുതിവെട്ടിച്ചുള്ള വാഹന കടത്ത് കണ്ടെത്താനുള്ള കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെ വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കേസില്‍ സാമ്പത്തിക ക്രമക്കേടുകളടക്കം നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കസ്റ്റംസില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഓഫീസിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. കേസില്‍ സാമ്പത്തിക ക്രമക്കേടുകളടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണത്തിന് ഒരുങ്ങുന്നത്. വാഹന ഇടപാടുകളിലൂടെ ലഭിച്ച തുക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെന്ന കസ്റ്റംസ് വെളിപ്പെടുത്തതില്‍ ഇ.ഡിക്ക് പുറമെ മറ്റ് കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ തേടും.
വാഹന ഇടപാടില്‍ പലരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇടപാടില്‍ കോടികള്‍ മറിഞ്ഞെന്ന നിഗമനത്തിലാണ് ഇഡിയുള്ളത്. ഫെമ, പിഎംഎല്‍എ കുറ്റങ്ങള്‍ വാഹനക്കടത്തില്‍ നിലനില്‍ക്കുന്നതിന്റെ വിവരങ്ങള്‍ ഇഡി പരിശോധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡി ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. കേസില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഡിയും കേസില്‍ ഇടപെട്ടിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ഇഡി അന്വേഷണം അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാന്‍ പല പ്രമുഖരും വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നാണ് സംശയം.വാഹനക്കടത്തിലൂടെ കോടികളുടെ ജി എസ് ടി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് കമ്മീഷര്‍ വെളിപ്പെടുത്തിയിരുന്നു. ജിഎസ്ടി വെട്ടിപ്പില്‍ കേന്ദ്ര ജി.എസ്.ടി വകുപ്പും അന്വേഷണം തുടങ്ങിട്ടുണ്ട്. വാഹന രജിസ്‌ട്രേഷന് എംബസികളുടെയും മറ്റും വ്യാജരേഖകള്‍ ചമച്ചതില്‍ വിദേശകാര്യമന്താലയത്തിനും വിവരങ്ങള്‍ കൈമാറാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.
നിയമക്കുരുക്ക്, കാത്തിരിപ്പ് നീളും
നിയമനടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ വാഹനങ്ങള്‍ ഉടമകളുടെ തന്നെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റാനാണ് കംസ്റ്റസിന്റെ നീക്കം. സുപര്‍ധനാമ എന്നാണ് ഈ രീതിയുടെ പേര്. കംസ്റ്റംസ് കണ്ടുകെട്ടിയ വാഹനങ്ങള്‍ പുറത്തെവിടെയും ഉപയോഗിക്കാതെ ഉടമകള്‍ വീട്ടില്‍ തന്നെ സൂക്ഷിക്ഷണം. നിരപരാധിത്വം തെളിയിച്ചാല്‍ വാഹനം വിട്ടുനല്‍കും. ഇല്ലാത്തപക്ഷം കംസ്റ്റംസ് സ്ഥിരമായി കണ്ടുകെട്ടും. ഏറെക്കാലം നീളുന്ന നിയമനടപടിയാണ് ഓരോ വാഹന ഉടമകളെയും കാത്തിരിക്കുന്നതെന്ന് ചുരുക്കം.
അന്വേഷണം തുടരുന്നു
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലെന്ന് സംശയിക്കുന്ന രണ്ട് ആഡംബര കാറുകള്‍ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നിസാന്‍ പട്രാള്‍ വൈ 60, വൈ 61 കാറുകളാണ് തെരയുന്നത്. വാഹനങ്ങള്‍ കടത്തിയ കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനോട് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്ന് നിര്‍ദേശവും നല്‍കും. കൃത്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസ് തീരുമാനം. ദുല്‍ഖറിന്റെ രണ്ടു വാഹനങ്ങള്‍ കൂടി കസ്റ്റംസ് നിരീക്ഷണത്തിലാണ്. രേഖകഖള്‍ പരിശോധിക്കുന്ന മുറക്ക് ദുല്‍ഖറടക്കമുള്ള ആര്‍. സി ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. അതേസമയം തന്റെ പേരിലുള്ള ഒരു വാഹനം മാത്രമാണ് പിടിച്ചെടുത്തത് എന്ന് അമിത് ചക്കാലയ്ക്കല്‍ ഇന്നും ആവര്‍ത്തിച്ചു.