- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാം ത്യജിച്ച് രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി പോരാടി; പക്ഷേ ബഹാവല്‍പൂരില്‍, ഇന്ത്യന്‍ സൈന്യം മൗലാന മസൂദ് അസറിന്റെ കുടുംബത്തെ കഷണങ്ങളാക്കി കീറിമുറിച്ചു'; ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദ് തലവന്റെ കുടുംബം ഛിന്നഭിന്നമായെന്ന് സ്ഥിരീകരിച്ച് ജെയ്ഷെ കമാന്‍ഡര്‍
ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദ് തലവന്റെ കുടുംബം ഛിന്നഭിന്നമായെന്ന് സ്ഥിരീകരിച്ച് ജെയ്ഷെ കമാന്‍ഡര്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ബഹാവല്‍പുരിലേതടക്കം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞ ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ കുടുംബത്തെ ഇന്ത്യന്‍ സൈന്യം ഛിന്നഭിന്നമാക്കിയെന്ന് തുറന്നു സമ്മതിച്ച് ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരി. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലുള്ള വീഡിയോ പുറത്തുവന്നത്. മൗലാന മസൂദ് അസര്‍ എല്ലാം ത്യജിച്ച് രാജ്യത്തിനായി പോരാടി കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് മസൂദ് ഇല്യാസ് കശ്മീരി ആക്രോശിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തോക്കേന്തിയ ഭീകര്‍ക്കിടയില്‍ നിന്നും പ്രസംഗിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
''എല്ലാം ത്യജിച്ച് ഈ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി ഡല്‍ഹി, കാബൂള്‍, കാണ്ഡഹാര്‍ എന്നിവരുമായി പോരാടി. മെയ് 7 ന് ബഹാവല്‍പൂരില്‍, ഇന്ത്യന്‍ സൈന്യം മൗലാന മസൂദ് അസറിന്റെ കുടുംബത്തെ കഷണങ്ങളാക്കി കീറിമുറിച്ചു,'' കശ്മീരി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ ഇപ്പോഴും ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഭയക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ബവല്‍പൂരിലെ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്ത് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ അസ്ഹര്‍ 10 കുടുംബാംഗങ്ങളും നാല് അടുത്ത സഹായികളും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പാകിസ്ഥാന്‍ സമ്മതിച്ചിരുന്നില്ല. ഇതിനിടെയാണ് കമാന്‍ഡര്‍ മസൂദ് ഇല്ല്യാസ് കശ്മീരിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ നടന്ന പൊതുപരിപാടിക്കിടെയാണ് ഇല്ല്യാസ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
മസൂദ് ഇല്ല്യാസിന്റേതായി പ്രചരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇന്ത്യയുടെ ആക്രമണം വലിയ ആഘാതമുണ്ടാക്കിയെന്ന് അംഗീകരിക്കുന്ന രീതിയിലാണ് വീഡിയോയില്‍ ഇല്ല്യാസ് സംസാരിക്കുന്നത്. ബഹാവല്‍പുരില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടതായി ഇല്ല്യാസ് പറയുന്നു.
ഇന്ത്യയുടെ വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ അഞ്ച് പാകിസ്താന്‍ യുദ്ധവിമാനങ്ങളെയും ആകാശ നിരീക്ഷണത്തിനും മുന്നറിയിപ്പ് നല്‍കുന്നതിനും വേണ്ടി രൂപകല്‍പ്പന ചെയ്ത പ്രത്യേക സൈനിക വിമാനത്തെയും തകര്‍ത്തു. ഒമ്പത് ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ബഹവല്‍പൂരിലെയും മുരിദ്കെയിലെയും രണ്ട് ആസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചില്ലെന്നായിരുന്നു പാക് വാദം.
'പാകിസ്താന്‍ അവരുടെ ആഭ്യന്തര, അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. അസ്ഹറിന്റെ കുടുംബത്തെ ലക്ഷ്യമിട്ടത് ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) കമാന്‍ഡ് ശൃംഖലയില്‍ വലിയ സംഘര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഫലപ്രാപ്തി ഇപ്പോള്‍ ജെയ്‌ഷെ മുഹമ്മദ് പരോക്ഷമായി സ്ഥിരീകരിച്ചിരിക്കുന്നു. പാകിസ്താന്‍ എങ്ങനെ ഭീകരര്‍ക്ക് അഭയം നല്‍കുന്നു എന്നതിലുള്ള ഇന്ത്യയുടെ വാദത്തെ ഇത് ശക്തിപ്പെടുത്തുകയാണ്. പാകിസ്താന്റെ പ്രചാരണ തന്ത്രങ്ങള്‍ പാളിപ്പോയിരിക്കുന്നു, ഉത്തരവാദിത്ത്വത്തില്‍ നിന്ന് രക്ഷപ്പെടാനായി ഭീകരരെ സാധാരണക്കാര്‍ക്കിടയില്‍ നിര്‍ത്തുന്ന അവരുടെ തന്ത്രത്തെയാണ് ഇത് വെളിച്ചത്തുകൊണ്ടുവരുന്നത് എന്ന് മസൂദ് ഇല്യാസിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സൈന്യവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദിന്റെ നാഡീകേന്ദ്രമായ ബഹാവല്‍പുരില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനത്തെ ശരിവെക്കുന്നതാണ് മസൂദ് ഇല്യാസിന്റെ പരാമര്‍ശം. അതേസമയം ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നായിരുന്നു പാകിസ്താന്റെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സും അന്താരാഷ്ട്ര നിരീക്ഷകസംഘവും വിശദീകരിച്ചിരുന്നത്.
കുടുംബത്തിലെ പത്ത് പേര്‍ മരിച്ചത് മസൂദ് അസറും സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ അതില്‍ തനിക്ക് വേദനയോ ദുഃഖമോ ഇല്ലെന്നും താനും അവര്‍ക്കൊപ്പം പോകേണ്ടിയിരുന്ന ആളായിരുന്നുവെന്നാണ് തോന്നുന്നതെന്ന് മസൂദ് അസര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയുടെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് മസൂദ് അസ്ഹര്‍, 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016-ലെ പഠാന്‍കോട്ട് ആക്രമണം, 2019ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയില്‍ മസൂദ് അസറും പങ്കാളിയാണ്.
ജയ്ഷെ മുഹമ്മദിന്റെ (ജെഇഎം) ശക്തികേന്ദ്രമായിരുന്നു ബഹാവല്‍പുര്‍. ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബഹാവല്‍പുര്‍, പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണ്. ഇവിടെ 18 ഏക്കറില്‍ പരന്നുകിടക്കുന്ന സുബ്ഹാനള്ളാ കാമ്പസായിരുന്നു പരിശീലനത്തിനും ആയുധശേഖരത്തിനും ജെയ്‌ഷെ മുഹമ്മദ് പ്രയോജനപ്പെടുത്തിയത്. 2011 വരെ കാര്യമായ സംവിധാനങ്ങളൊന്നുമില്ലതെ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പസ് 2012-ഓടെ പരിശീലനത്തിനും പറ്റുന്ന വിധത്തില്‍ വലിയ സമുച്ചയമാക്കി മാറ്റുകയായിരുന്നു.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന് പ്രതികാരമായാണ് മെയ് ഏഴിന് ഇന്ത്യ സംയുക്ത സൈനിക ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സംയുക്ത സേന നടത്തിയ ആക്രമണം ലഷ്‌കറെ തൊയ്ബ (എല്‍ഇടി), ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജയ്‌ഷെ മുഹമ്മദ് (ജെഇഎം) എന്നീ മൂന്ന് ഭീകര സംഘടനകളെ ലക്ഷ്യമിട്ടിരുന്നു. ആക്രമണങ്ങളില്‍ എണ്‍പതിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി ഉന്നത സുരക്ഷാ സേന അറിയിച്ചു.