- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുത്തനെയിടിഞ്ഞ് കറാച്ചി സ്റ്റോക്ക് മാര്‍ക്കറ്റ്; പാനിക്ക് സെല്ലിങ്ങില്‍ ഇടിഞ്ഞത് 6 ശതമാനം; കുതിച്ചുയര്‍ന്ന ഇന്ത്യന്‍ വിപണിയില്‍ ഒറ്റ ദിവസം കൊണ്ട് ലാഭം രണ്ടുലക്ഷം കോടി; ഒരു കിലോ ചിക്കന് 1000 രൂപ, ഒരു ലിറ്റര്‍ പാലിന് 150 രൂപ; ഓപ്പറേഷന്‍ സിന്ദൂര്‍ പാക് സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലൊടിക്കുമ്പോള്‍!
ഓപ്പറേഷന്‍ സിന്ദൂര്‍ പാക് സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലൊടിക്കുമ്പോള്‍!
കാര്‍ഗില്‍ യുദ്ധം തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയായ സെന്‍സെക്സ് 4 ശതമാനമായിരുന്നു ഇടിഞ്ഞത്. എന്നാല്‍ ഇന്ത്യ യുദ്ധം ജയിച്ചതോടെ സ്റ്റോക്ക് മാര്‍ക്കറ്റും ഉയര്‍ന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 60 ശതമാനം വളര്‍ന്ന് സെന്‍സെ്കസ്് റിക്കാര്‍ഡ് ഇടുകയും ചെയ്തു. അതുപോലെ ഒരു സാഹചര്യമാണ് ഓപ്പറേഷന്‍ സിന്ദൂറും ഉണ്ടാക്കിയത്.
ഇന്ത്യ ഓഹരി വിപണി ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം കുതിക്കയാണ്. എപ്രില്‍ 22ന് നടന്ന പഗല്‍ഹാം ഭീകരാക്രമണത്തിനുശേഷം പാക് ഓഹരി വിപണി താഴോട്ടേക്കാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയാവട്ടെ 1.5 ശതമാനം നേട്ടത്തിലുമാണ്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ കത്തിനില്‍ക്കുന്ന ഇന്നലെയും ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിലാണ്. ചെറിയ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച വിപണി അധികം താമസിയാതെ കരകയി. ബിഎസ്സിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം, 421 ലക്ഷം കോടിയില്‍നിന്ന് 423 ലക്ഷം കോടിയായി. ഒറ്റ ദിവസംകൊണ്ട് നിക്ഷേപകര്‍ക്ക് രണ്ടുലക്ഷംകോടി രൂപയുടെ ലാഭം!
അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യം ഉണ്ടായിരുന്നിട്ടും, വിദേശ നിക്ഷേപകര്‍ ഇന്നും കൂട്ടത്തോടെ വാങ്ങലുകാര്‍ ആയി. യുകെയുമായി സ്വതന്ത്രവ്യാപാര കരാറില്‍ ഇന്ത്യ എത്തിയതും വിപണിക്ക് ഊര്‍ജം പകര്‍ന്നു. ചൈന നിരക്ക് കുറയ്ക്കുന്നത്, യുഎസ് ഫെഡിന്റെ ബോണ്ട് വാങ്ങല്‍ നടപടി തുടങ്ങിയവയും ഇന്ത്യക്ക് തുണയായി. പക്ഷേ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഭീകര കേന്ദ്രങ്ങള്‍ മാത്രമല്ല സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കൂടി തകര്‍ത്തിരിക്കയാണ് ഇന്ത്യയുടെ സൈനിക ഓപ്പറേഷന്‍.
കറാച്ചി സ്റ്റോക്ക് മാര്‍ക്കറ്റ് തകരുന്നു
ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഓഹരി വിപണി കുത്തനെയിടിഞ്ഞതോടെ പാകിസ്ഥന്റെ ധന പ്രതിസന്ധി രൂക്ഷമാകുകയാണ്. പിന്നാലെ പാക് ധനകാര്യ മന്ത്രാലയത്തിന്റെ അടിയന്തര കൂടിക്കാഴ്ച. വിശദീകരണം ഇറക്കിയെങ്കിലും വിപണിയിലെ നഷ്ടം പിടിച്ചുനിര്‍ത്താനാവുന്നില്ല. അതിനിടെ താത്കാലികമായി വ്യാപാരം നിര്‍ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ പ്രത്യാക്രമണത്തിന് പിന്നാലെ 6,500 പോയിന്റുകളാണ് (6ശതമാനം) കറാച്ചി ഓഹരി സൂചികക്ക് (കെ.എസ്.ഇ) നഷ്ടമായത്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നഷ്ടമാണിത്. നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റൊഴിഞ്ഞു. പല സെക്ടറുകളിലും പരിഭ്രാന്തി വില്‍പ്പന (പാനിക്ക് സെല്ലിങ്ങ്) പ്രകടമാണ്.
ഇന്ത്യയുമായുള്ള സംഘര്‍ഷം തുടര്‍ന്നാല്‍ പാകിസ്ഥാനില്‍ വിദേശ നിക്ഷേപകര്‍ പണം ഇറക്കാന്‍ മടിക്കുമെന്ന് വിവിധ റേറ്റിങ്ങ് ഏജന്‍സികള്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശരാജ്യങ്ങളില്‍നിന്നടക്കം എടുത്ത വായ്പ്പ തിരിച്ചടക്കുന്നതില്‍ പാക്കിസ്ഥാന് തിരിച്ചടിയാവുന്ന നീക്കമാണിത്. 131 ബില്യണ്‍ ഡോളറാണ്, പാക്കിസ്ഥാന്റെ വിദേശ കടം. കഴിഞ്ഞ രണ്ടുവര്‍ഷമായി ലോകബാങ്ക് നല്‍കുന്ന സഹായത്തിലാണ് ഈ വായ്പയുടെ തിരിച്ചടവ്. ഇപ്പോള്‍ യുദ്ധ സാഹചര്യം വന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ കാലുമാറുന്നത് ആന്ത്യന്തികമായി ബാധിക്കുക പാക്കിസ്ഥാനെ തന്നെതാണ്.
ചിക്കന് വില ആയിരം, പാലിന് 150
അതേസമയം നേരത്തെ തന്നെ പാപ്പരായ പാക്കിസ്ഥാനില്‍ യുദ്ധ സാഹചര്യം വന്നതോടെ വിലക്കയറ്റവും അതിന്റെ മൂര്‍ധന്യത്തിലെത്തി. സമീപവര്‍ഷങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും തുടര്‍ച്ചയായി പാക്കിസ്ഥാന് നേരിടേണ്ടി വന്നിരുന്നു. ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനം വലിയ തോതില്‍ ഇടിയാന്‍ ഇതു വഴിയൊരുക്കിയി. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ അട്ടാരി ചെക്ക് പോസ്റ്റ് അടച്ചതോടെ ഭക്ഷ്യവസ്തുക്കളുടെ വില വലിയതോതില്‍ ഉയര്‍ന്നിരുന്നു. ഒരുകിലോ കോഴിയിറച്ചിക്ക് ഒരു മാസം മുമ്പ് ഇസ്ലാമാബാദിലെ വില 900 രൂപ മുതല്‍ 1,200 രൂപ വരെയാണ്. പാലിന് വില ലിറ്ററിന് 150 രൂപയാണ്.
പഞ്ചസാരയ്ക്ക് പാക്കിസ്ഥാനില്‍ ഇപ്പോള്‍ കിലോഗ്രാമിന് 180 രൂപ വരെ നല്‍കുന്നു. കറാച്ചിയില്‍ വില കിലോഗ്രാമിന് 200 രൂപയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ക്വറ്റപോലുള്ള ഉള്‍പ്രദേശങ്ങളില്‍ പഞ്ചസാര കിട്ടാനേയില്ല. അവിടെ കരിഞ്ചന്തയില്‍ ഒരു കിലോ പഞ്ചസാരക്ക് 650 രൂപ കൊടുക്കണം. ഒരു കിലോ ആട്ടക്ക് 400രൂപയാണ്. ചായപ്പൊടിയില്ലാതെ ജനം ചായകുടി നിര്‍ത്തി. ഇപ്പോള്‍ ചെറുനാരങ്ങയും വിലകൂടിയ ഒരു വസ്തുവായി മാറിയിരിക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 250 ഗ്രാം ചെറുനാരങ്ങ ഇപ്പോള്‍ 234 പാകിസ്ഥാന്‍ രൂപയ്ക്ക് വില്‍ക്കുന്നു. അതേസമയം, തേനിന്റെ വിലയും കുതിച്ചുയര്‍ന്നു. 500 ഗ്രാമിന് 550 മുതല്‍ 770 രൂപ വരെ വില. വിലക്കയറ്റം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ നട്ടെല്ല് ഒടിച്ചിരിക്കയാണ് എന്നാണ് പാക് പത്രങ്ങള്‍ പറയുന്നത്.
പാകിസ്ഥാനിലെ അടുക്കളകളിലെ മറ്റൊരു അവശ്യ ഘടകമായ നെയ്യ് നിലവില്‍ കിലോഗ്രാമിന് 2,895 രൂപയ്ക്ക് വില്‍ക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നെയ്യ് അട്ടാരി ചെക്ക്‌പോസ്റ്റ് വഴിയാണ് പാക്കിസ്ഥാനിലേക്ക് പോയിക്കൊണ്ടിരുന്നത്. മരുന്നുകളുടെയും വളങ്ങളുടെയും ക്ഷാമം സാമ്പത്തിക ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യ അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള കോടിക്കണക്കിന് രൂപയുടെ വ്യാപാരം നിര്‍ത്തിവച്ചതുമാണ് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണ്.
പാക്കിസ്ഥാനിലെ ഇന്ധനവിലയും കുതിക്കുയാണ്. ഇപ്പോള്‍ പെട്രോളിന് ലിറ്ററിന് 252 രൂപയാണ്. നിലവില്‍ ഒരു ഡോളറിന്റെ മൂല്യം 281പാകിസ്ഥാന്‍ രൂപയ്ക്ക് തുല്യമാണ്. അതേസമയം ഇന്ത്യന്‍ രൂപയെ അപേക്ഷിച്ചും വളരെ കുറഞ്ഞ മൂല്യമാണ് പാക്കിസ്ഥാനി രൂപയ്ക്ക്. 0.30 പൈസ മാത്രമാണ് ഒരു പാക്കിസ്ഥാനി രൂപയുടെ നിലവിലെ മൂല്യം. ഇന്ത്യയുടെ ആക്രമണ പശ്ചാത്തലത്തില്‍ പൂഴ്ത്തിവയ്പുകാര്‍ വില ഉയര്‍ത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്. ബലൂചിസ്ഥാനിലും അഫ്ഗാന്‍ അതിര്‍ത്തിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതും പാക് സര്‍ക്കാരിന് തലവേദനയായി.