- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിയുടെ ധ്യാനം തിരഞ്ഞെടുപ്പ് തന്ത്രമെന്ന് ആരോപിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ 48 മണിക്കൂർ ധ്യാനമിരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ പ്രതിപക്ഷം കാണുന്നത് സംശയത്തോടെ. മെയ് 30 മുതൽ ജൂൺ 1 വരെ മോദി മൗനവ്രതമിരിക്കുന്നത് ടെലിവിഷനിലൂടെ കാട്ടിയാൽ അത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം ആകുമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെയും, കോൺഗ്രസിന്റെയും വാദം.
മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ടെലിവിഷനിൽ സംപ്രേഷണം ചെയ്താൽ മാതൃകാപെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും തൃണമൂൽ നേതാവും, ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞു. 'ആർക്കും ധ്യാനത്തിന് പോകാം, ധ്യാനിക്കുമ്പോൾ ആരെങ്കിലും ക്യാമറയും കൊണ്ടുപോകുമോ? മമത ബാനർജി ചോദിച്ചു.
ധ്യാനത്തിന്റെ പേരിൽ എ.സി റൂമിലിരിക്കാൻ പോകുകയാണെന്ന ആരോപണവും മമത ഉന്നയിച്ചു. അതേസമയം കന്യാകുമാരിയിലേക്ക് പോകാൻ താനും തീരുമാനിച്ചിരുന്നുവെന്നും പിന്നീടാണ് മോദിയുടെ പദ്ധതിയെക്കുറിച്ച് അറിഞ്ഞതെന്നും മമത പറഞ്ഞു. ദൈവം അയച്ചതാണെന്ന മോദിയുടെ പരാമർശത്തെയും മമത പരിഹസിച്ചു. ' മോദി ദൈവമാണെങ്കിൽ പിന്നെ എന്തിന് ധ്യാനിക്കാൻ പോകണം, മറ്റുള്ളവർ അദ്ദേഹത്തെയാണ് ധ്യാനിക്കുക"-മമത പറഞ്ഞു.
വിവകാനന്ദപ്പാറയിലെ മോദിയുടെ ധ്യാനവേള രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മോദിയുടെ ധ്യാനവിശേഷം അച്ചടിക്കുകയോ, പ്രക്ഷേപണം ചെയ്യുകയോ, ടെലിവിഷൻ വഴി സംപ്രേഷണം ചെയ്യുകയോ അരുതെന്ന് നാസർ ഹുസൈൻ, അഭിഷേക് മനു സിങ്വി, രൺദീപ് സിങ് സുർജേവാല എന്നിവരടങ്ങിയ കോൺഗ്രസ് പ്രതിനിധി സംഘം കമ്മീഷനോട് പരാതിപ്പെട്ടു. ' പ്രധാനമന്ത്രി മെയ് 30 ന് വൈകുന്നേരം ധ്യാനം ആരംഭിക്കും. ഞങ്ങൾ കമ്മീഷനിൽ പരാതിപ്പെട്ടുകഴിഞ്ഞു. മൗനവ്രതം മെയ് 30 ന് ആരംഭിക്കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്', സിങ്വി മാധ്യമങ്ങളോട് പറഞ്ഞു. 48 മണിക്കൂറിന് ശേഷം പ്രധാനമന്ത്രിക്ക് ധ്യാനം ആരംഭിക്കാം, ജൂൺ 1 ന് വൈകുന്നേരം മുതൽ. മെയ് 30 മുതലാണ് ധ്യാനം ആരംഭിക്കുന്നതെങ്കിൽ, അത് ടെലിവിഷനിലോ, അച്ചടി മാധ്യമത്തിലോ പ്രസിദ്ധീകരിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണം.
ജൂൺ ഒന്നിന് നടക്കുന്ന അവസാന ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി പരോക്ഷ പ്രചാരണമാണ് മോദി ലക്ഷ്യമിടുന്നതെന്ന് ടിഎൻസിസി പ്രസിഡന്റ് സെൽവപെരുന്തഗൈ ആരോപിച്ചു. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
മെയ് 30-ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ 48 മണിക്കൂറോളം ധ്യാനത്തിലിരിക്കും. സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനനിമഗ്നനാവുക. ധ്യാനമണ്ഡപത്തിലെ ധ്യാനത്തിനുശേഷം ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം തിരിച്ച് ഡൽഹിയിലേക്ക് പോകും. വലിയ സുരക്ഷയാണ് പ്രധാനമന്ത്രിക്കായി ഒരുക്കുന്നത്. തെക്കേ ഇന്ത്യ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മോദി ഇത്തവണ ധ്യാനത്തിന് കന്യാകുമാരി തിരഞ്ഞെടുത്തത്.
കന്യാകുമാരി ജില്ലയിലും ലക്ഷദ്വീപ് കടലിലും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും അറബിക്കടലും സംഗമിക്കുന്നിടത്ത് 500 മീറ്ററോളം കടലിലേക്ക് മാറിയാണ് വിവേകാനന്ദപ്പാറ. ഇതിനടുത്തായി തിരുവള്ളുവർ പ്രതിമയുമുണ്ട്. 2019-ലെ തിരഞ്ഞെടുപ്പ് ഫലത്തിനുമുമ്പും മോദി സമാനരീതിയിൽ ധ്യാനത്തിന് പോയിരുന്നു. ഉത്തരാഖണ്ഡിലെ കേദാർനാഥിലെ ഗുഹയിലാണ് അദ്ദേഹം ധ്യാനത്തിനെത്തിയത്. ഹിമാലയത്തിൽ 11,700 അടി മുകളിലുള്ള ഇന്ന് രുദ്ര ധ്യാനഗുഹ എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു അന്ന് അദ്ദേഹം ഒരുദിവസം ചെലവഴിച്ചത്. 2014-ൽ പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ ശിവാജി മഹാരാജാവിന്റെ പ്രതാപ്ഗഡിലായിരുന്നു സന്ദർശനം നടത്തിയത്.
പരിവ്രാജകനായി ആസേതുഹിമാചലം സഞ്ചരിച്ച സ്വാമി വിവേകാനന്ദൻ കന്യാകുമാരിയിൽ കടൽ നീന്തിക്കടന്നാണ് പാറയിലെത്തിയത്. 1892 ഡിസംബർ 25 മുതൽ 27 വരെ അദ്ദേഹം ഇവിടെ ധ്യാനനിരതനായി. 1970-ലാണ് ഇവിടെ സ്വാമി വിവേകാനന്ദന് സ്മാരകം നിർമ്മിച്ചത്.