തിരുവനന്തപുരം: ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം പരിഹരിക്കുന്നകിന് നിയമം നിർമ്മിക്കാൻ സർക്കാരിന് എൽഡിഎഫ് നിർദ്ദേശം നൽകിയിരിക്കുകയാണ്. ആരാധനാസ്വാതന്ത്ര്യവും പള്ളിയുടെ ഉടമസ്ഥാവകാശവും രണ്ടായി കണക്കാക്കിയാണ് നിയമം കൊണ്ടുവരുന്നത്. ഉടമസ്ഥാവകാശം ഓർത്തഡോക്സ് സഭയ്ക്കാണെങ്കിലും യാക്കോബായ സഭയ്ക്ക് ആരാധനാസ്വാതന്ത്ര്യം ഉറപ്പുവരുത്തും. ഓരോ പള്ളിക്കുകീഴിലും ഏത് സഭയിലെ അംഗങ്ങളാണ് കൂടുതലുള്ളതെങ്കിലും ഇരുവിഭാഗത്തിനും അവരുടെ ആചാരമനുസരിച്ച് ആരാധന നടത്താം. എന്നാൽ, സർക്കാരിന്റെ ബില്ലിനെതിരെ ഓർത്തഡോക്‌സ് സഭ രംഗത്തെത്തി.

നിയമനിർമ്മാണത്തിനുള്ള നീക്കത്തെ സഭ ശക്തമായി പ്രതിരോധിക്കുമെന്നും എല്ലാ ഭദ്രാസനങ്ങളിലും പ്രതിഷേധം നടത്തുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി. തിങ്കളാഴ്ച മെത്രാപ്പൊലീത്തമാരും പുരോഹിതന്മാരും തിരുവനന്തപുരത്ത് ഉപവാസ പ്രാർത്ഥനായജ്ഞം നടത്തും. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും.

ബിൽ നടപ്പിലായാൽ പ്രശ്‌നം കൂടുതൽ വഷളാകുമെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. സുപ്രീം കോടതി വിധിക്കു മുകളിൽ സർക്കാർ ഇടപെടൽ അംഗീകരിക്കില്ല. സർക്കാർ പ്രതിരോധത്തിലായിരിക്കുന്ന സമയത്ത് സഭാ വിഷയം ഉയർത്തി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു സംശയിച്ചാൽ തെറ്റില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

''സഭ വളരെ അദ്ഭുതത്തോടെയാണ് ഇടതുമുന്നണിയുടെ നിലപാടിനെ നോക്കിക്കാണുന്നത്. നിയമനിർമ്മാണനീക്കം വേദനാജനകം. ഈ ബില്ലിൽ പുനഃപരിശോധനയ്ക്ക് സർക്കാരും മുന്നണിയും തയാറാകുമെന്നാണ് ഓർത്തഡോക്‌സ് സഭ പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ നടത്തിയ നിയമനിർമ്മാണങ്ങൾ കോടതി തന്നെ റദ്ദാക്കിയിട്ടുണ്ട്. സഭയുടെ പ്രതിഷേധം മുന്നണി ഗൗരവമായി കാണണം. സർക്കാർ ഇതുമായി മുന്നോട്ടുപോയാൽ നിയമനടപടി സ്വീകരിക്കും'' നേതൃത്വം അറിയിച്ചു.

അതേസമയം, സുപ്രീംകോടതി വിധി ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായതിനാൽ യാക്കോബായ വിശ്വാസികൾക്ക് സ്വാധീനമുള്ള പള്ളികളിൽ പോലും അവരെ ആരാധനയ്ക്കായി പ്രവേശിപ്പിക്കുന്നില്ല. ക്രമസമാധാനപ്രശ്‌നം ഉണ്ടാകാതെ, യാക്കോബായ വിശ്വാസികൾക്കും പള്ളികളിൽ ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധം കരുതലോടെയാകണം നിയമനിർമ്മാണം എന്നാണ് ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം സർക്കാരിനോട് നിർദ്ദേശിച്ചത്.

നിയമനിർമ്മാണത്തിന്റെ കരട് രൂപം നിയമമന്ത്രി പി. രാജീവ് യോഗത്തിൽ അവതരിപ്പിച്ചു. ജസ്റ്റിസ് കെ.ടി. തോമസ് ഇതുസംബന്ധിച്ച് തയ്യാറാക്കിയ കരട് ഫോർമുലയിൽ ഭേദഗതി വരുത്തിയാണ് നിയമനിർമ്മാണം. ആസ്തിനിയന്ത്രണം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ സുപ്രീംകോടതിവിധിയിൽ സർക്കാർ കൈകടത്തില്ല. ക്രമസമാധാന പ്രശ്‌നമൊഴിവാക്കിക്കൊണ്ട് ഇരു വിഭാഗങ്ങളുടെയും ആരാധനാസ്വാതന്ത്ര്യം പഴുതുകളടച്ച് ഉറപ്പാക്കുക എന്നതാണ് നിയമനിർമ്മാണത്തി?ലൂടെ ഉദ്ദേശിക്കുന്നത്.

തർക്കമുണ്ടായാൽ പരിഹരിക്കാൻ ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവരടങ്ങുന്ന ജില്ലാതല തർക്കപരിഹാര അഥോറിറ്റി രൂപീകരിക്കും. ഈ അഥോറിറ്റിക്കും പരിഹരിക്കാനായില്ലെങ്കിൽ സംസ്ഥാനസർക്കാരിന് അപ്പീൽ നൽകാം. ദീർഘനാളായി തുടരുന്ന തർക്കം പരിഹരിക്കാത്തതിൽ എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അനവധി തവണ ചർച്ച നടത്തിയിട്ടും പരിഹരിക്കാനാവാത്തതിൽ തനിക്ക് ദുഃഖമുണ്ടെന്നും അതിനാലാണ് ഇരുകൂട്ടരുടെയും ആരാധനാസ്വാതന്ത്ര്യമുറപ്പാക്കാൻ നിയമനിർമ്മാണത്തിന് സർക്കാർ നിർബന്ധിതമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സെമിത്തേരി തർക്കം തീർക്കാൻ സർക്കാർ നേരത്തേ നിയമം കൊണ്ടുവന്നിരുന്നു. ഉടമസ്ഥാവകാശം ഏതു വിഭാഗത്തിനാണെങ്കിലും മറ്റു വിഭാഗക്കാർക്കും ശവസംസ്‌കാരത്തിന് അനുമതി നൽകുന്ന വ്യവസ്ഥകളായിരുന്നു ഈ ബില്ലിലുണ്ടായിരുന്നത്.സുപ്രീംകോടതിയെ മറികടക്കാതെ പ്രശ്‌നം തീർക്കാനാണ് സർക്കാരിന്റെ ശ്രമം.