കോട്ടയം: ഓർത്തഡോക്‌സ് - യാക്കോബായ സഭാതർക്കം പരിഹരിക്കുന്നതിനുള്ള സർക്കാർ നീക്കത്തിനെതിരെ എതിർപ്പ് പരസ്യമാക്കി ഓർത്തഡോക്‌സ് സഭ. പ്രശ്‌നം പരിഹരിക്കുന്നതിലുള്ള സർക്കാർ ബിൽ വേദനാജനകമാണെന്ന് ഓർത്തഡോക്‌സ് സഭാ നേതാക്കൾ പറഞ്ഞു. നീക്കത്തെ സഭ ശക്തമായി പ്രതിരോധിക്കുമെന്നും എല്ലാ ഭദ്രാസനങ്ങളിലും പ്രതിഷേധം നടത്തുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി. തിങ്കളാഴ്ച മെത്രാപ്പൊലീത്തമാരും പുരോഹിതന്മാരും തിരുവനന്തപുരത്ത് ഉപവാസ പ്രാർത്ഥനായജ്ഞം നടത്തും. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും.

ബിൽ നടപ്പിലായാൽ പ്രശ്‌നം കൂടുതൽ വഷളാകുമെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. സുപ്രീം കോടതി വിധിക്കു മുകളിൽ സർക്കാർ ഇടപെടൽ അംഗീകരിക്കില്ല. സർക്കാർ പ്രതിരോധത്തിലായിരിക്കുന്ന സമയത്ത് സഭാ വിഷയം ഉയർത്തി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു സംശയിച്ചാൽ തെറ്റില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

''സഭ വളരെ അദ്ഭുതത്തോടെയാണ് ഇടതുമുന്നണിയുടെ നിലപാടിനെ നോക്കിക്കാണുന്നത്. നിയമനിർമ്മാണനീക്കം വേദനാജനകം. ഈ ബില്ലിൽ പുനഃപരിശോധനയ്ക്ക് സർക്കാരും മുന്നണിയും തയാറാകുമെന്നാണ് ഓർത്തഡോക്‌സ് സഭ പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ നടത്തിയ നിയമനിർമ്മാണങ്ങൾ കോടതി തന്നെ റദ്ദാക്കിയിട്ടുണ്ട്. സഭയുടെ പ്രതിഷേധം മുന്നണി ഗൗരവമായി കാണണം. സർക്കാർ ഇതുമായി മുന്നോട്ടുപോയാൽ നിയമനടപടി സ്വീകരിക്കും'' നേതൃത്വം അറിയിച്ചു.

ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ക്രമസമാധാനപാലനം ഉറപ്പാക്കാൻ സുപ്രീം കോടതി വിധിയുടെ അന്തസ്സത്തയെ ഹനിക്കാത്ത വിധം നിയമനിർമ്മാണത്തിന് എൽഡിഎഫ് യോഗം സർക്കാരിന് അനുമതി നൽകിയിരുന്നു. പള്ളികളിൽ ഓർത്തഡോക്സ് സഭയ്ക്കുള്ള അവകാശം അംഗീകരിച്ചുകൊണ്ട് യാക്കോബായ വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് ബിൽ വഴി സർക്കാർ ഉന്നമിടുന്നത്. നിയമനിർമ്മാണത്തിന്റെ ഉദ്ദേശ്യവും ഏകദേശരൂപവും നിയമമന്ത്രി പി.രാജീവ് യോഗത്തിൽ അവതരിപ്പിച്ചു.

സർക്കാർ നീക്കത്തോട് ഇവർ പ്രതികരിക്കുന്നത് പൊതുവിൽ എല്ലാ കക്ഷികളും ഇത് അംഗീകരിച്ചു. എന്നാൽ സർക്കാരിന്റെ സദുദ്ദേശ്യം ഇരുവിഭാഗങ്ങളെയും ബോധ്യപ്പെടുത്തണമെന്ന് നിർദേശമുണ്ടായി. ഈ വിഷയത്തിൽ ജസ്റ്റിസ് കെ.ടി.തോമസ് കമ്മിഷൻ മുൻപ് സർക്കാരിനു ശുപാർശ സമർപ്പിക്കുകയും അത് നിയമവകുപ്പ് പരിശോധിക്കുകയും ചെയ്തിരുന്നു. അതിൽ ആവശ്യമായ ഭേദഗതി വരുത്തി ആവും നിയമനിർമ്മാണം.

തർക്കമുണ്ടായാൽ പരിഹരിക്കാൻ ജില്ലാ കലക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവരടങ്ങുന്ന ജില്ലാതല അഥോറിറ്റി രൂപീകരിക്കും. ഈ അഥോറിറ്റിക്കും പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ സംസ്ഥാനസർക്കാരിലേക്ക് അപ്പീൽ നൽകാം. അതേസമയം നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട സർക്കാർ നീക്കം തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള നീക്കമെന്നാണ് ആരോപണവും ശക്തമാണ്.