- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്ര മുഹൂർത്തം: എസ്.എസ്.രാജമൗലിയുടെ ആർആർആറിന് ഓസ്‌കർ നാമനിർദ്ദേശം; തൊണ്ണൂറ്റി അഞ്ചാമത് അക്കാദമി അവാർഡിനുള്ള നാമനിർദ്ദേശം കിട്ടിയത് മികച്ച ഗാനവിഭാഗത്തിൽ ചിത്രത്തിലെ നാട്ടു നാട്ടു എന്ന തകർപ്പൻ ഗാനത്തിന്; ഡോക്യുമെന്ററി വിഭാഗത്തിലും ഇന്ത്യയുടെ രണ്ടുചിത്രങ്ങൾക്ക് നാമനിർദ്ദേശം
ന്യൂഡൽഹി: കാത്തിരിപ്പ് വെറുതെയായില്ല. എസ്.എസ്.രാജമൗലിയുടെ ആർആർആറിന് ഓസ്‌കർ നാമനിർദ്ദേശം. ചിത്രത്തിലെ നാട്ടു നാട്ടു എന്ന തകർപ്പൻ ഗാനമാണ് മികച്ച ഗാനവിഭാഗത്തിൽ നാമനിർദ്ദേശം നേടിയത്.
ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക് ചോയ്‌സ് എന്നീ പുരസ്‌കാരങ്ങൾ നേടി തിളങ്ങി നിൽക്കവേയാണ് ആർആർആറിന് ഓസ്‌കർ നാമനിർദ്ദേശവും കിട്ടിയത്. 95 ാമത് അക്കാദമി അവാർഡിനുള്ള നാമനിർദ്ദേശങ്ങളാണ് പ്രഖ്യാപിച്ചത്. യുഎസിലെ കാലിഫോർണിയ ബവേറി ഹിൽസിലാണ് നാമനിർദ്ദേശ പ്രഖ്യാപന ചടങ്ങ് നടന്നത്. ഡോക്യുമെന്ററി ഷോട്ട് ഫിലിം വിഭാഗത്തിൽ എലിഫന്റ് വിസ്പറേഴ്‌സും, ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓൾ ദാറ്റ് ബ്രീത്ത്‌സും നാമനിർദ്ദേശം നേടിയതും ഇന്ത്യക്ക് നേട്ടമായി.
മദർ ഇന്ത്യ, സലാം ബോംബെ, ലഗാൻ എന്നീ ഓസ്‌കർ നാമനിർദ്ദേശം നേടിയ ചിത്രങ്ങളുടെ പട്ടികയിലാണ് ഇനി ആർആർആറും. അവയെല്ലാം മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിൽ ആയിരുന്നുവെന്ന് മാത്രം. മികച്ച ഗാനവിഭാഗത്തിൽ ഓസ്‌കർ നേടിയാൽ, ഭാനു അതയ്യ, എ ആർ റഹ്‌മാൻ, ഗുൽസാർ, റസൂൽ പൂക്കുട്ടി തുടങ്ങിയ ഇന്ത്യാക്കാരുടെ നിരയിലേക്ക് സംഗീത സംവിധായകൻ എം എം കീരവാണിയും എത്തും. ഭാനു അതയ്യയ്ക്ക്, ആറ്റൻബറോയുടെ ഗാന്ധി ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനിങ്ങിനും, റഹ്‌മാനും, ഗുൽസാറിനും, പൂക്കുട്ടിക്കും സ്ലംഡോഗ് മില്യനൈറിനുമാണ് ഓസ്‌കർ കിട്ടിയത്.
ആർ ആർ ആറിലെ നാട്ടു നാട്ടുവിനായി ചന്ദ്രബോസിന്റെ വരികൾ രാഹുൽ, കാല ഭൈരവ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയർ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിലെ നൃത്തച്ചുവടുകളും വൻ ഹിറ്റായിരുന്നു. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി എന്നീ താരങ്ങളും 'ആർആർആറി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിൽ തിരക്കഥയെഴുതിയത്. 1920കൾ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. ഡിവിവി എന്റർടൈന്മെന്റിന്റെ ബാനറിൽ ഡിവിവി ദാനയ്യയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 1200 കോടിയിലധികം രൂപ ചിത്രം കളക്ഷൻ നേടിയിരുന്നു.
ഓസ്‌കർ ചുരുക്ക പട്ടികയിൽ നാല് ഇന്ത്യൻ ചിത്രങ്ങൾ ഉണ്ടായിരുന്നു. ആർആർആറിനെ കൂടാതെ, ചെല്ലോ ഷോ, ഓൾ ദാറ്റ് ബ്രീത്ത്‌സ്, ദി എലിഫന്റ് വിസ്‌പേഴ്‌സ് എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ചത്. കഴിഞ്ഞ വർഷം ആദ്യമായി ഓസ്‌കർ നേടിയ ബ്രിട്ടീഷ് നടൻ റിസ് അഹമ്മദും, അമേരിക്കൻ നടി അലിസണ്ഡ വില്യംസും ചേർന്നാണ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്.
മാർച്ച് 12 നാണ് അന്തിമ പുരസ്‌കാര പ്രഖ്യാപനം. ലോസ് ഏഞ്ചസ് ഒവേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിലായിരിക്കും ചടങ്ങ് നടക്കുക.
മറുനാടന് മലയാളി ബ്യൂറോ