തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആയുർവ്വേദ മരുന്ന് നിർമ്മാണ കമ്പനിയായ ഔഷധി, തൃശൂരിന് പുറത്ത് ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയിൽ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഉൾപ്പെടുത്താൻ നീക്കം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, വയനാട് അല്ലെങ്കിൽ കോഴിക്കോട് ജില്ലകളിലാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാൻ ചർച്ചകൾ നടക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതി. വാടകയ്‌ക്കോ വിലയ്‌ക്കോ സ്ഥലങ്ങൾ ഏറ്റെടുക്കാനാണ് ആലോചന. 2018 ഒക്ടോബർ 27 ന് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഉൾപ്പെടെ നാലു സ്ഥലങ്ങളിൽ ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ശുപാർശയാണ് സർക്കാരിനു സമർപ്പിച്ചത്.

തിരുവനന്തപുരത്തെ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ചികിത്സാ കേന്ദ്രം തുടങ്ങാൻ ഔഷധി താത്പര്യപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആദ്യഘട്ട ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് ഔഷധി അധികൃതർ പറയുന്നത്.

82 വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും തൃശൂരിനു പുറത്തേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ഔഷധിക്ക് കഴിഞ്ഞിരുന്നില്ല. തൃശൂരിലെ ചികിൽസാ കേന്ദ്രത്തിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ നടപടി തുടങ്ങിയത്. മുൻ ചെയർമാന്റെ കാലത്ത് കൂടുതൽ കേന്ദ്രങ്ങൾക്കായുള്ള ആലോചന തുടങ്ങിയിരുന്നു.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ചികിത്സാ കേന്ദ്രം തുടങ്ങാനുള്ള നിർദ്ദേശം മുൻ ചെയർമാൻ ഭരണസമിതിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ കേന്ദ്ര ആയുഷ് വകുപ്പിന്റെ ഫണ്ട് ലഭിക്കുന്നതോടെയാണ് നിലച്ച ചർച്ചകൾ ഇപ്പോൾ പുനരാരംഭിച്ചത്. വാടകയ്ക്കോ വിലയ്ക്കോ സ്ഥലങ്ങൾ ഏറ്റെടുക്കാനാണ് ചർച്ചകളിലെ നിർദ്ദേശം.

സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി അധികൃതർ സന്ദർശിച്ചു. അവിടെയുള്ള സൗകര്യങ്ങളിൽ ഉദ്യോഗസ്ഥർ സംതൃപ്തി രേഖപ്പെടുത്തി. സർക്കാർ അനുമതി ലഭിച്ചാൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ വ്യത്യസ്തമായ പാക്കേജുകൾ തയാറാക്കാനാണ് ഔഷധിയുടെ ആലോചന.

അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണ് ചികിൽസാ കേന്ദ്രങ്ങൾക്കായി പരിഗണിക്കുന്നത്. ആശ്രമത്തിൽ ചികിത്സാ കേന്ദ്രം ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും ചെയർപേഴ്‌സൺ ശോഭന ജോർജ് പറഞ്ഞു. ഔഷധി കേന്ദ്രം തുടങ്ങുമെന്ന കാര്യം സന്ദീപാനന്ദഗിരി നിഷേധിച്ചിട്ടുമുണ്ട്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അക്കാര്യം എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

1941ലാണ് കേരള വർമ ആയുർവേദ ഫാർമസി എന്ന പേരിൽ സ്ഥാപനം ആരംഭിക്കുന്നത്. പിന്നീട് ഔഷധി എന്ന പേരു നൽകി. പ്രവർത്തനം തുടങ്ങി വർഷങ്ങളായെങ്കിലും തൃശൂരിനു പുറത്തേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഔഷധി ഇപ്പോൾ ലാഭത്തിലാണ്. തൃശൂരിലെ ചികിൽസാ കേന്ദ്രത്തിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ നടപടി തുടങ്ങിയത്. സർക്കാർ അനുമതി ലഭിച്ചാലും വിവിധ പരിശോധനകൾക്കുശേഷമേ ചികിൽസാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കൂ.