ലണ്ടൻ: 500 വർഷം പഴക്കമുള്ള തിരുമങ്കൈ ആൾവർ എന്ന ഹിന്ദു സന്യാസിയുടെ ശിൽപം ഇന്ത്യക്ക് തിരികെ നൽകുമെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല. 60 സെന്റിമീറ്റർ ഉയരമുള്ള വെങ്കല പ്രതിമ സർവകലാശാലയിലെ ആഷ്മോലിയൻ മ്യൂസിയത്തിലാണ് പ്രദർശിപ്പിച്ചിരുന്നത്. തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ നിന്ന് കൊള്ളയടിക്കപ്പെട്ടതാണ് ഈ വിഗ്രഹം. 1967ൽ ജെആർ ബെൽമോണ്ട് (18861981) എന്ന കളക്ടറുടെ ശേഖരത്തിൽ നിന്നാണ് ഈ വിഗ്രഹം ലേലത്തിലൂടെ ലഭിച്ചത്.

പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ദക്ഷിണേന്ത്യയിൽ നിന്നുള്ള തമിഴ് കവിയുടെയും സന്യാസിയുടെയും ഈ ശിൽപത്തിന് ഇന്ത്യൻ ഹൈക്കമ്മീഷൻ വഴിയാണ് ഇന്ത്യ അവകാശവാദമുന്നയിച്ചത്. 2024 മാർച്ച് 11-നാണ് വെങ്കല ശിൽപം ആഷ്‌മോലിയൻ മ്യൂസിയത്തിൽ നിന്ന് തിരികെ നൽകുന്നതിനുള്ള ഇന്ത്യൻ ഹൈക്കമ്മീഷന്റെ അവകാശവാദത്തെ ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൗൺസിൽ പിന്തുണച്ചത്. ഈ തീരുമാനം ചാരിറ്റി കമ്മീഷന്റെ അംഗീകാരത്തിനായി സമർപ്പിക്കും.

അതുപോലെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുവാൻ ഏറെക്കാലമായി പരിശ്രമിക്കുന്ന ഒന്നാണ് ബ്രിട്ടീഷ് രാജ്ഞിയുടെ കീരിടത്തിന്മേൽ അണിയുന്ന കോഹിനൂർ രത്നം. എന്നാൽ, കഴിഞ്ഞ മേയിൽ, ചാൾസ് രാജാവിന്റെ കിരീടധാരണത്തിൽ രാജ്ഞി കാമില രാജ്ഞി മേരിയുടെ കിരീടം ധരിച്ചിപ്പോൾ അതിൽ കോഹിനൂർ വജ്രം ഉണ്ടായിരുന്നില്ല. 1849-ലെ രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിലെ വിജയത്തിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ വെട്ടിയ രത്നങ്ങളിലൊന്നായ കോഹിനൂർ രത്നം, ഉത്തരേന്ത്യയിലെ പഞ്ചാബിൽ നിന്നാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്തത്.

ഇത് വിക്ടോറിയ രാജ്ഞിക്ക് നൽകുകയും അന്നുമുതൽ കിരീടാഭരണങ്ങളുടെ ഭാഗമാവുകയും ലണ്ടൻ ടവറിലെ ജൂവൽ ഹൗസിൽ പൊതു പ്രദർശനത്തിന് വെക്കുകയും ചെയ്തു. പിന്നീട് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിൽ ഉപയോഗിച്ച വജ്രത്തിന്റെ ശരിയായ ഉടമ തങ്ങളാണെന്ന് ഇന്ത്യ നിരവധി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സർക്കാരുകളും രത്നത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുകയും 1947ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം അത് തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മോഷ്ടിക്കപ്പെട്ട ഇന്ത്യൻ പുരാവസ്തുക്കൾ യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് മുൻപും കൊണ്ടു വന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ചുണ്ണാമ്പുകല്ലിൽ കൊത്തിയെടുത്ത റിലീഫ് ശിൽപവും 17-ാം നൂറ്റാണ്ടിലെ 'നവനീത കൃഷ്ണ' വെങ്കല ശിൽപവുമൊക്കെ ഉദാഹരണങ്ങളാണ്. സ്‌കോട്ട്‌ലൻഡ് യാർഡിന്റെ ആർട്ട് ആൻഡ് ആന്റിക്‌സ് യൂണിറ്റ് ഉൾപ്പെട്ട യുഎസ്-യുകെ സംയുക്ത അന്വേഷണത്തിന് ശേഷമാണ് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് വിഗ്രഹങ്ങൾ കൈമാറിയത്.