തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ മുറി വാഗ്ദാനം ചെയ്തശേഷം നല്‍കാതിരുന്ന ഓയോ ബുക്കിങ് കമ്പനി നഷ്ടപരിഹാരം നല്‍കിയത് 22,250 രൂപ. ചെന്നൈയില്‍ മുറി ലഭിക്കാത്തതിനെത്തുടര്‍ന്ന് പാലക്കാട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനില്‍ പരാതി നല്‍കിയ പാലക്കാട് സ്വദേശിക്കാണ് ഓയോ സി.ഇ.ഒ നഷ്ടപരിഹാരമായി 22,250 രൂപ നല്‍കിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ചെന്നൈ വേലച്ചേരിയിലെ ഹോട്ടലില്‍ പാലക്കാട്, വണ്ടിത്താവളം, നെടുംപള്ളം ഹൗസില്‍ കെ. ക്രിജേഷ് ഓയോ ആപ്പ് മുഖേന മുറി ബുക്ക് ചെയ്തത്. 1770 രൂപയാണ് വാടകയെങ്കിലും ഇളവുകള്‍ക്ക് ശേഷം 582 രൂപ അടച്ചാല്‍ മതിയെന്നാണ് കാണിച്ചിരുന്നത്.

മുറി ബുക്ക് ചെയ്ത് എത്തിയപ്പോള്‍ അധികതുകയായി 800 രൂപ കൂടി ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആവശ്യപ്പെട്ടു. അതുകൂടാതെ മുറി നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ക്രിജേഷ് ബുക്കിംഗ് റദ്ദാക്കിയെങ്കിലും റീഫണ്ട് ലഭിച്ചില്ല. നിരവധി തവണ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്ന്് ക്രിജേഷ് പറയുന്നു. തുടര്‍ന്ന് ഓയോയുടെ വിലാസത്തില്‍ മെയില്‍ അയച്ചു. എന്നാല്‍, പരാതി വൈകിപ്പോയെന്ന കാരണം ചൂണ്ടിക്കാട്ടി റീഫണ്ട് നിഷേധിക്കുകയായിരുന്നു.

തുടര്‍ന്ന് പാലക്കാട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പരാതി നല്‍കി. 2024 ഒക്ടോബറില്‍ ഓയോ 16,250 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ ഉത്തരവില്‍ ഓയോ പ്രതികരിക്കാത്തതിനാല്‍ ക്രിജേഷ് എക്സിക്യൂഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ഓയോ സി.ഇ.ഒ റിതേഷ് അഗര്‍വാളിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന്, കഴിഞ്ഞമാസം പിഴത്തുക ഉള്‍പ്പെടെ 22,250 അടക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം സെപ്റ്റബറില്‍ ബുക്ക് ചെയ്ത ഓയോ ഹോട്ടല്‍ മുറികള്‍ നല്‍കാത്ത സംഭവത്തില്‍ എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി 1.10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് സ്ഥാപനത്തില്‍ മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും അത് നല്‍കാതെ കുടുംബത്തെ കഷ്ടപ്പെടുത്തിയത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാര്‍ക്ക് നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. കൊച്ചിയിലെ അഭിഭാഷകനായ കെ.എസ്. അരുണ്‍ ദാസ്, ഓയോ റൂംസിനും കൊല്ലത്തെ മംഗലത്ത് ഹോട്ടലിനും എതിരെ സമര്‍പ്പിച്ച പരാതിയിലായിലായിരുന്നു കോടതിയുടെ ഉത്തരവ്.