- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടി സർക്കാർ സാമൂഹ്യക്ഷേമ പെൻഷൻ 18 മാസം കുടിശ്ശിക വരുത്തിയോ? ഇടതുപക്ഷത്തിന്റെ ആ ആന നുണ നിയമസഭയിൽ പൊളിച്ചടുക്കി പി സി വിഷ്ണുനാഥ് എംഎൽഎ; മുൻ ധനമന്ത്രി തോമസ് ഐസക്ക് സഭയിൽ പറഞ്ഞ കണക്കുകൾ നിരത്തി നുണയന്മാരുടെ വായടപ്പിക്കൽ
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലേറിയ നാൾ മുതൽ പലവിധ കാര്യങ്ങൾക്കും എടുത്ത് പ്രയോഗിക്കുന്ന കാര്യമാണ് ഉമ്മൻ ചാണ്ടി സർക്കാർ സാമൂഹ്യക്ഷേമപെൻഷനിൽ 18 മാസക്കാലത്തോളം കുടിശ്ശിക വരുത്തിയെന്നും തങ്ങളാണ് അതുകൊടുത്ത് തീർത്തത് എന്നതും.പിണറായി സർക്കാറിന്റെ നേട്ടമായും ചില സാമ്പത്തിക പ്രതിസന്ധികളിൽ അതുണ്ടാകാൻ കാരണം ഇ കുടിശ്ശിക തീർത്തതാണെന്നും പല തട്ടിലുമുള്ള നേതാക്കൾ അടക്കം കലവല പ്രസംഗം വരെ നടത്തുകയുണ്ടായി.
പ്രചാരണം ആരംഭിച്ച സമയത്ത് തന്നെ ഉമ്മൻ ചാണ്ടി ഇതിനെ എതിർത്തെങ്കിലും വ്യക്തമായ തെളിവോടെ ഈ വാദത്തെ ഖണ്ഡിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.അതിനാൽ തന്നെ ഈ വാദം സമൂഹത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.ഇപ്പോൾ എൽഡിഎഫ് സർക്കാർ പെൻഷൻ കുടിശ്ശിക വരുത്തിയപ്പോഴും അ പ്രതിസന്ധിയെ സർക്കാർ പ്രതിരോധിച്ചത് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ 18 മാസത്തെ കുടിശ്ശിക എന്ന വാദം ഉയർത്തി തന്നെയാണ്.പക്ഷെ ഈ വാദത്തെ സാധൂകരിക്കുന്ന ഒരു തെളിവും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായതുമില്ല.
സർക്കാറിന്റെ ഈ നൂണയെ നിയമസഭയിൽ പൊളിച്ചടുക്കുകയായിരുന്നു പി സി വിഷ്ണുനാഥ് എംഎൽഎ.18 മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഉമ്മൻ ചാണ്ടി സർക്കാർ വരുത്തിവച്ചുവെന്ന ഭരണപക്ഷത്തിന്റെ ആക്ഷേപം കുറേനാളായി കേൾക്കുന്ന വിഷ്ണുനാഥ്, അതിനാൽ ധനാഭ്യർത്ഥന ചർച്ചയിൽ കണക്കുകളുമായാണ് വന്നത്. മൂന്ന് മുതൽ നാല് മാസം വരെയേ കുടിശിക അന്നത്തെ സർക്കാർ വരുത്തിയിട്ടുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ കണക്ക്.18 മാസത്തെ കുടിശിക കണക്ക് ഏതെങ്കിലും മന്ത്രിയുടെ പക്കലുണ്ടെങ്കിൽ മേശപ്പുറത്ത് വയ്ക്കാനാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.
അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടിയും അദ്ദേഹം നിയമസഭയിൽ മേശപ്പുറത്ത് വച്ച ധവളപത്രവും തെളിവായി നൽകിയാണ് സർക്കാർ വാദത്തെ എംഎൽഎ പൊളിക്കുന്നത്.പി സി വിഷ്ണുനാഥ് എംഎൽഎ പറയുന്നത് ഇങ്ങനെ.. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 18 മാസം സാമൂഹ്യക്ഷേമ പെൻഷൻ കുടിശ്ശിക വരുത്തിയെന്നാണ് സർക്കാർ പറയുന്നത്.എന്നാൽ അത് എന്ത് രേഖയുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല സർ..എന്റെ കൈയിൽ ഉള്ളത് അ്ന്നത്തെ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ കെ ദാസൻ എംഎൽഎയ്ക്ക് കൊടുത്ത മറുപടിയാണ്..ചോദ്യം മുൻ സർക്കാറിന്റെ കാലത്ത് സാമൂഹ്യക്ഷേമ പെൻഷനുകൾ കുടിശ്ശികയായത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? എത്രമാസത്തേക്ക് കുടിശ്ശികയായെന്ന് വ്യക്തമാക്കാമോ
അതിന് നൽകുന്ന മറുപടി ഇങ്ങനെയാണ് സർ.. ശ്രദ്ധയിൽ പെട്ടിട്ടുണ്ട്..കർഷകത്തൊഴിലാളി പെൻഷൻ കുടിശ്ശിക 2014 ഒക്ടോബർ മുതൽ ഡിസംബർ വരെ ഉണ്ട്.. അപ്പോൾ എത്ര വരും സർ..മുന്ന് മാസം..മറ്റ് ക്ഷേമപെൻഷനുകളായ വാർധക്യപെൻഷൻ, വികലാംഗപെൻഷൻ, വിധവപെൻഷൻ അമ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ 2014 ഒക്ടോബർ മുതൽ 2015 ജനുവരി വരെ. അപ്പൊ എത്രയുണ്ട് 4 മാസത്തെ കുടിശ്ശിക ഉണ്ട്.ഗുണഭോക്താക്കളുടെ ലിസ്റ്റ് സൈറ്റിൽ ഉൾപ്പെടുത്തുന്നതിൽ വന്ന കാലതാമസമാണ് പെൻഷൻ കുടിശ്ശിക ഉണ്ടാവാൻ കാരണമെന്നു് അദ്ദേഹം തന്നെ പറയുന്നുമുണ്ട്.മൊത്തം കുടിശ്ശിക ആയിരം കോടിയാണെന്ന് കണക്കാക്കിയിട്ടുണ്ട്.
ഇതിന് പുറമെ നിയമസഭയിൽ സമർപ്പിച്ച വൈറ്റ് പേപ്പറും വിഷ്ണുനാഥ് തെളിവായി ചൂണ്ടിക്കാട്ടുന്നു.2016ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സമർപ്പിച്ച വൈറ്റ് പേപ്പർ പ്രകാരം അടിയന്തരവും ഹ്രസ്വകാല ബാധ്യകളും പട്ടികയിൽ സാമൂഹ്യസുരക്ഷ പെൻഷനായി പറയുന്നത് 800 കോടി രൂപയാണ്.800 കോടി എന്നു പറയുമ്പോൾ എത്ര മാസത്തെ കുടിശ്ശികയാണെന്ന് എല്ലാവർക്കും മനസ്സിലാകും.ദാസൻ എംഎൽഎക്ക് മന്ത്രി കൊടുത്ത ഉത്തരവും കറക്ടാകുന്നതാണ് വൈറ്റ് പേപ്പറിലെ കണക്കും.ഇങ്ങനെ വിശദമായ കണക്ക് നിരത്തിയാണ് സർക്കാർ വാദത്തെ എംഎൽഎ പൊളിക്കുന്നത്.ഒപ്പം സർക്കാർ ആവർത്തിക്കുന്ന 18 മാസത്തെ കുടിശ്ശികയുടെ രേഖ എതെങ്കിലും മന്ത്രി മേശപ്പുറത്ത് വെക്കണമെന്നം അദ്ദേഹം വെല്ലുവിളിച്ചു
62ലക്ഷം പേർക്കായി 11,000കോടിയോളം ക്ഷേമപെൻഷനായി ഈ സർക്കാർ അനുവദിക്കുന്നതും ഉമ്മൻ ചാണ്ടി സർക്കാർ 3500 കോടി ബാദ്ധ്യത വരുത്തിവച്ചതും സംബന്ധിച്ച് തർക്കമുണ്ടോ എന്നായിരുന്നു ധനമന്ത്രി ബാലഗോപാൽ മറുചോദ്യം.അതേസമയം സർക്കാറിന്റെ വാദത്തെ തള്ളി നേരത്തെ തന്നെ ഉമ്മൻ ചാണ്ടി രംഗത്തെത്തിയിരുന്നു.ക്ഷേമ പെൻഷൻ സംബന്ധിച്ച് എൽഡിഎഫ് നടത്തുന്നത് നുണപ്രചരണമാണ്.പെൻഷനിൽ യുഡിഎഫ് സർക്കാർ 2012 ൽ വരുത്തിയ വർധന മാത്രം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ എട്ടുകാലി മമ്മൂഞ്ഞെന്നു വിളിച്ചത്. 2013, 2014, 2016 വർഷങ്ങളിൽ വരുത്തിയ വർധന മുഖ്യമന്ത്രി മറച്ചുപിടിച്ചു.സർക്കാർ വെബ്സൈറ്റിൽ പരസ്യമായി കിടക്കുന്ന വസ്തുതകൾ എന്തിനാണ് മറച്ചുവയ്ക്കുന്നതെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ