കണ്ണൂർ: കണ്ണൂർ രാഷ്ട്രീയം കലങ്ങി മറിയകുയാണ്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ സിപിഎമ്മിൽ പടയൊരുക്കങ്ങളും ആഹ്വാനങ്ങളും അണിയറയിൽ സജീവമാണ്. പാർട്ടി പറയുന്നത് അനുസരിക്കുന്ന പി ജയരാജൻ കണ്ണൂരിലെ ചെന്താരകമാണ്. പിജെയെന്ന ജയരാജനെ ഒതുക്കുന്നുവെന്ന തോന്നൽ അണികളെ നിരാശരുമാക്കുന്നു. അതുകൊണ്ട് തന്നെ തനിക്ക് പ്രിയപ്പെട്ടവനാണ് പിജെ എന്ന സന്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അണികൾക്ക് നൽകുകയാണ്. അതിന് വില നൽകേണ്ടി വരുന്നത് മലയാളിയും. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ഖജനാവിനെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ പുതിയൊരു കാറു വാങ്ങൽ.

സി പി എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനും ആയ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. പി. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ വ്യവസായമന്ത്രി പി. രാജീവ് അനുമതി കൊടുത്തത്. പി. രാജീവ് കാബിനറ്റിന്റെ പരിഗണക്ക് ഈ ഫയൽ കൊണ്ടുവന്നു. തുടർന്ന് പി. ജയരാജന് കാർ വാങ്ങാൻ മന്ത്രിസഭ അനുമതി കൊടുക്കുകയായിരുന്നു. ശാരീരിക അവസ്ഥയുടെ പേരിൽ ഇപി ജയരാജൻ പാർട്ടിയിൽ നിന്ന് അവധി തേടുമ്പോഴാണ് പിജെയ്ക്ക് സുഖകരമായ കാർ യാത്ര.

സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നത് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ 4 ന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പെടെ നവംബർ 9 ന് ധനവകുപ്പ് ഒരു വർഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണങ്ങൾ നീട്ടി ഉത്തരവിറക്കിയിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് പി. ജയരാജന് 35 ലക്ഷം രൂപയുടെ ഔദ്യോഗിക വാഹനം വാങ്ങാൻ സർക്കാർ അനുമതി നൽകിയത്. മന്ത്രിമാർക്ക് തുല്യമായ പരിഗണനയാണ് ജയരാജന് കൊടുക്കുന്നത്. ഇതോടെ കണ്ണൂരിലെ ജയരാജന്റെ അണികളെ തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യം.

മന്ത്രിമാർക്ക് കാറുവാങ്ങാൻ ചെലവാക്കുന്നതിനേക്കാൾ കൂടുതൽ തുക പിജെയ്ക്ക് വേണ്ടി ചെലവാക്കുന്നുവെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ കിയാ കാറിന് ചെലവിട്ടതോളം തുക. ഇത് ആദ്യമായാണ് ബോർഡിലെ ഭാരവാഹിക്ക് വേണ്ടി ഇത്രയും തുക സർക്കാർ ചെലവാക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രി പിണറായിക്ക് വേണ്ടപ്പെട്ടയാളാണെന്ന സന്ദേശം നൽകുകയും ലക്ഷ്യമിടുന്നു. കോടിയേരിയുടെ മരണത്തോടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഒരു സ്ഥാനം ഒഴിവുണ്ട്. ഇത് കണ്ണൂരിൽ നിന്നുള്ള പിജെയ്ക്ക് കിട്ടണമെന്നതാണ് അണികളുടെ ആവശ്യം. എന്നാൽ എം ജയരാജനെ സെക്രട്ടറിയേറ്റിൽ എത്തിക്കാനാണ് പിണറായി താൽപ്പര്യപ്പെട്ടിരുന്നത്.

എന്നാൽ കണ്ണൂരിലെ രാഷ്ട്രീയത്തിൽ പിജെയാണ് താരം. അണികളെല്ലാം പിജെയ്‌ക്കൊപ്പം. എംവി ഗോവിന്ദൻ സിപിഎം സെക്രട്ടറിയായതോടെ കണ്ണൂരിൽ പുതിയ സമവാക്യങ്ങളും സിപിഎമ്മിൽ ഉയരുന്നു. അതുകൊണ്ട് തന്നെ പിജെയെ ചേർത്ത് നിർത്തേണ്ടത് പിണറായിയുടെ അനിവാര്യതയാണ്. തനിക്കൊപ്പം പരിഗണന പി ജയരാജനും കൊടുക്കുന്നുവെന്ന് വരുത്താനാണ് ഈ നീക്കം. സുഖമില്ലെങ്കിൽ ജയരാജന് കാറു വാങ്ങി നൽകണോ വിശ്രമം അനുവദിക്കണോ എന്ന സംശങ്ങളും ചർച്ചകളുമെല്ലാം ഉയരുന്നുണ്ട്. പിജെയുടെ ആരോഗ്യം മോശമാണെന്നും അതുകൊണ്ട് തന്നെ പാർട്ടി ഉത്തരവാദിത്തങ്ങൾ നൽകാനാകില്ലെന്നുമുള്ള സന്ദേശം നൽകലും ഈ കാറു വാങ്ങൽ രാഷ്ട്രീയത്തിന് പിന്നിലുണ്ടെന്നാണ് ഉയരുന്ന വിലയിരുത്തലുകൾ.

പുതിയ വാഹനങ്ങൾ വാങ്ങരുത് എന്ന് ഉത്തരവിറക്കിയ നവംബർ 4 നു ശേഷം സർക്കാർ വാങ്ങിയ വാഹനങ്ങളും ചെലവും ;

1. മന്ത്രി റോഷി അഗസ്റ്റിൻ - 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
2.മന്ത്രി വി.എൻ വാസവൻ - 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
3. മന്ത്രി വി. അബ്ദുറഹിമാൻ - 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
4. മന്ത്രി ജി. ആർ. അനിൽ - 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
5.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് - 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
6. പി.ജയരാജൻ - 35 ലക്ഷം ( ബുള്ളറ്റ് പ്രൂഫ് കാർ )