- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം, ഒന്ന് വർഗശത്രുവിന് നേരേ, രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും'; കണ്ണൂർ അഴീക്കോട് പി ജയരാജനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോർഡ്; ബോർഡിൽ പി.ജയരാജൻ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രം; വിവാദ ഫ്‌ളക്‌സ് സിപിഎമ്മിലെ ഉൾപാർട്ടി പ്രശ്നങ്ങൾക്കിടെ
കണ്ണൂർ: സിപിഎമ്മിൽ വിവാദം കൊഴുക്കവേ പി ജയരാജനെ അനുകൂലിച്ചുള്ള ഫ്‌ളക്‌സ് ബോർഡും വിവാദത്തിൽ. സിപിഎമ്മിലെ തെറ്റുതിരുത്തൽ രേഖയുടെ പശ്ചാത്തലത്തിലാണ് ഫ്‌ളക്‌സ് കണ്ണൂരിൽ പ്രത്യക്ഷപ്പെട്ടത്. അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ വഴിയോരത്താണ് ബോർഡ് സ്ഥാപിച്ചത്. 'ഒരു കമ്യൂണിസ്റ്റിന്റെ കയ്യിൽ 2 തോക്കുകൾ ഉണ്ടായിരിക്കണം, ഒന്ന് വർഗ ശത്രുവിനു നേരെയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും' എന്നെഴുതിയ ബോർഡിൽ പി.ജയരാജൻ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവുമുണ്ട്.
എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെ ലക്ഷ്യമിട്ടു സംസ്ഥാന സമിതി യോഗത്തിൽ പി.ജയരാജൻ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ബോർഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആരാണു സ്ഥാപിച്ചതെന്ന് വ്യക്തമല്ല. പി.ജയരാജനെ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയപ്പോഴും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതിരുന്നപ്പോഴും ജില്ലയിൽ അദ്ദേഹത്തെ അനുകൂലിച്ച് പാർട്ടി പ്രവർത്തകർ ബോർഡ് സ്ഥാപിച്ചിരുന്നു. പി ജയരാജന് പണി കൊടുക്കാൻ മറുപക്ഷമാണ് ഈ ഫള്കസ് സ്ഥാപിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റിസോർട്ടിനു പിന്നിൽ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണം നേരത്തെ പി. ജയരാജൻ ഉന്നയിച്ചിരുന്നു. കേരള ആയുർവേദിക് ആൻഡ് കെയർ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താൻ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജൻ സംസ്ഥാന സമിതിയിൽ പറയുകയും ചെയ്തു. ഇതോടെ പാർട്ടിയിൽ വിവാദം കൊഴുക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.
ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു സിപിഐഎം സംസ്ഥാന സമിതി യോഗം നടന്നത്. സംസ്ഥാന സമിതി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഈ വാർത്ത പുറത്തുവരുന്നത്. അനധികൃത സ്വത്തുസമ്പാദനം പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പി. ജയരാജന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സംസ്ഥാന സമിതിയിൽ പങ്കെടുത്തിരുന്നു. ഇവരുടെ സാന്നിധ്യത്തിൽ തന്നെയാണ് പി. ജയരാജൻ ഇ.പി. ജയരാജനെതിരെ ഗൗരവകരമായ ആക്ഷേപങ്ങൾ ഉന്നയിച്ചത്.
അതേസമയം ഇ.പി ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയിലെ പരാമർശങ്ങൾ പി ജയരാജൻ തള്ളിയില്ല. തെറ്റ് തിരുത്തിയില്ലെങ്കിൽ പാർട്ടിക്ക് പുറത്താകുമെന്നാണ് പി ജയരാജന്റെ പരാമർശം. ചർച്ച നടന്നാൽ പാർട്ടി ഊതിക്കാച്ചിയ പൊന്ന് പോലെയാകുമെന്ന് പി ജയരാജൻ പറഞ്ഞു. സിപിഐഎം പ്രത്യേക തരം പാർട്ടിയാണ്. പ്രതിജ്ഞ ചെയ്താണ് പാർട്ടിയിൽ അംഗത്വമെടുക്കുന്നതും. പ്രതിജ്ഞ ലംഘിച്ചാൽ പുറത്തുപോകേണ്ടിവരുമെന്നും പി ജയരാജൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ