- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി ജയരാജന്റെ പ്രതിച്ഛായ ഇടിയുന്നോ?
കണ്ണൂർ: സി.പി. എം അംഗത്വത്തിൽ നിന്നും സ്വയം ഒഴിവായ മുൻ ഡി.വൈ. എഫ്. ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ കണ്ണൂരിൽ പി.ജയരാജനെ വെട്ടിലാക്കുന്നു. അണികൾക്കിടയിൽ പി.ജെയെന്നു ആവേശത്തോടെ വിളിക്കപ്പെടുന്ന നിസ്വാർത്ഥനും കമ്യൂണിസ്റ്റു മൂല്യങ്ങൾ കൊണ്ടു നടക്കുന്ന നേതാവെന്ന ഇമേജാണ് തകർന്നു വീഴുന്നത്.
സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘത്തിന്റെ സംരക്ഷകൻ പി.ജയരാജനാണെന്നും അതിവിപുലമായ ബിസിനസ് ബന്ധങ്ങൾ പി.ജയരാജനും മകനും കേരളത്തിലും ഗൾഫിലുമുണ്ടെന്ന അതീവഗുരുതരമായ ആരോപണങ്ങളാണ് മനു തോമസ് മാധ്യമങ്ങൾക്കു മുൻപിൽ ഉയർത്തിയത്. പി.ജയരാജന്റെ തനിക്കെതിരെയുള്ള ഫെയ്സ് ബുക്ക് പോസ്റ്റ് സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്കുള്ള കണ്ടൻഡ് നൽകലാണെന്നായിരുന്നു മനുവിന്റെ ആരോപണം. ഇതോടെയാണ് ഇവർ തനിക്കെതിരെ കൊലവിളി മുഴക്കി ആഘോഷമാരംഭിച്ചതെന്ന വെളിപ്പെടുത്തൽ പാർട്ടിയെ ഗ്രസിച്ച പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്.
പി.ജയരാജന്റെ മകൻ ജയ്ൻ രാജാണ് സ്വർണം പൊട്ടിക്കലിന്റെ കോർഡിനേറ്ററെന്നു പച്ചയ്ക്കു പറഞ്ഞതോടെ ഉന്നത നേതാവിലേക്കും സംശയത്തിന്റെ മുൾമുന നീളുകയാണ്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ കൊലവിളി നടത്തുന്ന ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വം തള്ളിപറഞ്ഞിട്ടും പി.ജയരാജൻ എന്തിനാണ് സംരക്ഷിക്കുന്നതെന്നാണ് മനു തോമസിന്റെ ചോദ്യം. ഇതോടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട പ്രതിസന്ധിയിലാണ് ജയരാജൻ എത്തി നിൽക്കുന്നത്.
റെഡ് ആർമിയെന്ന സോഷ്യൽമീഡിയ ക്വട്ടേഷൻ സംഘത്തിന്റെ കോഡിനേഷൻ വാട്സ് ആപ്പിലും ഫേസ്‌ബുക്കിലുമൊക്കെ പി.ജയരാജന്റെ മകൻ ജയ്ൻരാജാണ് കോർഡിനേഷൻ ചെയ്യുന്നതെന്നാണ് മനുതോമസ് ഉയർത്തുന്ന ആരോപണം. താൻ എന്തുകൊണ്ടാണ് പി.ജയരാജന്റെ കണ്ണിലെ കരടായി മാറിയതെന്നു അറിയില്ലെന്നും തങ്ങൾ തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് മനുതോമസ് പറയുന്നത്.
എന്നാൽ താൻ സംവാദത്തിന് വിളിച്ചപ്പോൾ ജയരാജൻ അസഹിഷ്ണുത കാണിക്കുകയാണ്. താൻ ഉന്നയിച്ച ചില കാര്യങ്ങളിൽ ജയരാജന് അസഹിഷണുതയുണ്ട്. പാർട്ടിക്കുള്ളിലെ ചില നേതാക്കളുടെ സംരക്ഷണം കിട്ടിയതു കൊണ്ടാണ് ക്വട്ടേഷൻ സംഘങ്ങൾ ഇന്ന് വടവൃക്ഷങ്ങളായി വളർന്നിരിക്കുന്നത്. അന്നു ഇവരെയും കൂട്ടി കാറിൽ സഞ്ചരിച്ചതു ചില നേതാക്കളാണ്. ഇന്ന് ഈ ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിക്ക് തന്നെ തലവേദനയായി മാറിയിരിക്കുകയാണ്. നേരത്തെ പാർട്ടി ഇവരെ തള്ളിപറഞ്ഞതാണെന്നും മനുതോമസ് പ്രതികരിച്ചിരുന്നു.
സ്വന്തം ഫാൻസിനു വേണ്ടിയാണ് തനിക്കെതിരെ ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നും ജയരാജനും മകനും വിദേശത്ത് ഉൾപ്പെടെ ബിസിനസുകളുണ്ടെന്ന അതീവഗുരുതരമായ ആരോപണവും തെറ്റുതിരുത്തൽ ചർച്ച നടക്കുന്ന വേളയിൽ മനു തോമസ് ഉന്നയിക്കുന്നുണ്ട്. നേരത്തെ പി.ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിഞ്ഞതിനു ശേഷം നടന്ന ജില്ലാകമ്മിറ്റിയിൽ യോഗത്തിൽ കണ്ണൂരിലെ ഒരു ട്രേഡ് യൂനിയൻ നേതാവ് ക്വട്ടേഷൻ സംഘത്തെ പി.ജയരാജൻ വളർത്തുകയാണെന്ന ആരോപണമുയർത്തിയിരുന്നു. ഭസ്മാസുരന് വരം കൊടുത്തതുപോലെ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമൊക്കെ പാർട്ടിയെ തിരിഞ്ഞു കൊത്തുകയാണെന്നായിരുന്നു ഇദ്ദേഹം ഉന്നയിച്ച ആരോപണം.
ഇതേ തുടർന്ന് പി.ജയരാജനുമായി വാക് പോരുണ്ടാവുകയും കൈയാങ്കളിയിലേക്ക് എത്തുന്ന സാഹചര്യവുമുണ്ടായി. അന്ന് മേൽകമ്മിറ്റിക്കു വേണ്ടി പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ഇരുവരെയും യോഗത്തിൽ നിന്നും പിടിച്ചുമാറ്റി അനുനയിപ്പിച്ചത്. ഈ സംഭവത്തിനു ശേഷം ഇരുനേതാക്കളെയും പാർട്ടി സംസ്ഥാന നേതൃത്വം ശാസിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം പാർട്ടിയിൽ നിന്നും പൂർണമായി അകറ്റി നിർത്തപ്പെട്ട പി.ജയരാജൻ എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ മുഖ്യധാരയിലേക്ക് വരാൻ ശ്രമിക്കുമ്പോഴാണ് ഒരു ദുർഭൂതം പോലെ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങൾ പാർട്ടിയിൽ നിന്നും പുറത്തുപോയ ഒരു യുവനേതാവ് തന്നെ ഉന്നയിക്കുന്നത്.