- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തില്‍ എങ്ങും വീണ്ടും 'ടിപി മോഡല്‍' ഭയം; പയ്യന്നൂരില്‍ കനല്‍ എരിയുന്നു; കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവന്റെ ബൈക്ക് കത്തിച്ചു; വിശദീകരണ യോഗവുമായി സിപിഎം; 2012 ഒഞ്ചിയം ആവര്‍ത്തിക്കുമോ? കുഞ്ഞികൃഷ്ണന്റെ ജനകീയ പിന്തുണയില്‍ സൈബര്‍ സഖാക്കള്‍ ഹാലിളകുമ്പോള്‍

പയ്യന്നൂര്‍: മുതിര്‍ന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിന് പിന്നാലെ പയ്യന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷം പുകയുന്നു. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് രംഗത്തുവന്ന പ്രവര്‍ത്തകന്‍ പ്രസന്നന്റെ ബൈക്ക് കത്തിച്ചതോടെ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം തെരുവിലേക്ക് പടര്‍ന്നിരിക്കുകയാണ്. വെള്ളൂരിലെ വീട്ടുമുറ്റത്ത് ഇരുന്ന ബൈക്ക് അര്‍ധരാത്രിയില്‍ വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തീയിട്ട സംഭവം ഒഞ്ചിയം മോഡല്‍ പകപോക്കലാണോ എന്ന ഭീതി പ്രദേശത്ത് പരത്തുന്നുണ്ട്. കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടും സമ്മര്‍ദ്ദ തന്ത്രം തുടരുന്നതിനിടെയാണ് ശാരീരികമായ ആക്രമണങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
വിമതസ്വരങ്ങളെ അടിച്ചമര്‍ത്തുന്ന പതിവ് ശൈലി പയ്യന്നൂരിലും ആവര്‍ത്തിക്കുമ്പോള്‍ സിപിഎം പ്രതിരോധത്തിലാവുകയാണ്. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണങ്ങള്‍ നുണയാണെന്ന് സ്ഥാപിക്കാന്‍ ഇന്ന് വൈകിട്ട് ഏഴിന് പയ്യന്നൂര്‍ ശ്രീ കുരുംബ ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അണികളെ ബോധ്യപ്പെടുത്താനാണ് ശ്രമം. എന്നാല്‍, ആരോപണങ്ങള്‍ തെളിവുസഹിതം പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്ന കുഞ്ഞികൃഷ്ണന്റെ വാക്കുകള്‍ അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
വി. കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കോടാലിയായി അധഃപതിച്ചു എന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് താഴെത്തട്ടില്‍ അക്രമങ്ങള്‍ തുടങ്ങിയത് എന്നത് ശ്രദ്ധേയമാണ്. ടി.പി. ചന്ദ്രശേഖരന്റെ വിധി കുഞ്ഞികൃഷ്ണനും ഉണ്ടാകുമെന്ന തരത്തിലുള്ള സൈബര്‍ ഭീഷണികള്‍ പയ്യന്നൂരിലെ രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതല്‍ വഷളാക്കുന്നു. പാര്‍ട്ടി വിട്ടാലും മറ്റൊരു പ്രസ്ഥാനത്തിലേക്കില്ലെന്ന് കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കുമ്പോഴും, അദ്ദേഹത്തിന് ലഭിക്കുന്ന ജനകീയ പിന്തുണ സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
വിശദീകരണ യോഗത്തിലൂടെ അണികളെ ഒപ്പം നിര്‍ത്താന്‍ നേതൃത്വം ശ്രമിക്കുമ്പോള്‍, പയ്യന്നൂരിലെ കനല്‍ എളുപ്പത്തില്‍ അണയില്ലെന്ന സൂചനയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്നത്. ടിപിയുടെ വധത്തിന് മുന്നോടിയായും രാഷ്ട്രീയ വിശദീകരണ യോഗം ഒഞ്ചിയത്ത് നടന്നിരുന്നു. സമാന സാഹചര്യങ്ങള്‍ വീണ്ടും പയ്യന്നൂരില്‍ ഉയരുകയാണ്. പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കടുത്ത ആരോപണം ഉന്നയിച്ച സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനം വന്നിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നു, 2016 ജൂലായ് 11-ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണങ്ങളാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചത്. പാര്‍ട്ടിയില്‍ പലതവണ പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി താന്‍ പറയാന്‍ തയ്യാറായതെന്നാണ് കുഞ്ഞികൃഷ്ണന്‍ പറയുന്നത്. പ്രതീക്ഷിച്ച നടപടിയാണെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകാനില്ലെന്നും വി.കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു.


