ഭുവനേശ്വർ: ഒഡീഷയിലെ ദുരന്തഭൂമിയിൽ കണ്ണീരൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ഒഡീഷയിലെ ട്രെയിൻ ദുരന്തമുണ്ടായ സ്ഥലത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബാലസോറിൽ എത്തിയത്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, ധർമ്മേന്ദ്ര പ്രദാൻ എന്നിവരും ഉണ്ടായിരുന്നു.

ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ദുരന്ത നിവാരണ സേനാംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു. തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെപ്പറ്റി അദ്ദേഹം ആരാഞ്ഞു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിച്ചു.

അതേസമയം 288 പേരുടെ ജീവൻ നഷ്ടമായ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ നഷ്ടമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അപകടത്തിന് കാരണക്കാരായവരെ കർശനമായി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അപകട സ്ഥലത്തും ദുരന്തത്തിൽ പരിക്കേറ്റവരേയും സന്ദർശിച്ച മോദി സന്ദർശിച്ചു. 'വളരെ വേദനാജനകമായ സംഭവമാണ്. ഇത് ഗുരുതരമായ സംഭവമാണ്, എല്ലാ കോണിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കർശനമായി ശിക്ഷിക്കും. ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. പരിക്കേറ്റവരെ ഞാൻ സന്ദർശിച്ചു' പ്രധാനമന്ത്രി മോദി പറഞ്ഞു.

നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ലെങ്കിലും സർക്കാർ അവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ പക്കലുള്ള എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ജനങ്ങളെ സഹായിക്കാൻ ശ്രമിച്ച ഒഡീഷ സർക്കാരിനും എല്ലാ ഉദ്യോഗസ്ഥർക്കും മറ്റു രക്ഷാപ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ വേദന പ്രകടിപ്പിക്കാൻ തനിക്ക് വാക്കുകളില്ല, പക്ഷേ ഈ ദുഃഖകരമായ സമയത്തിൽ നിന്ന് എത്രയും വേഗം കരകയറാൻ ദൈവം നമുക്കെല്ലാവർക്കും ശക്തി നൽകട്ടെയെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം, രക്ഷാപ്രവർത്തനവും പൂർത്തിയായി. മൂന്നു ട്രെയിനുകളുടെ കൂട്ടിയിടിയിൽ മണ്ണിൽ പുതഞ്ഞുപോയ അവസാന കോച്ച് ഉയർത്താൻ രക്ഷാപ്രവർത്തകരുടെ തീവ്രശ്രമവും വിജയിച്ചു. വലിയ ക്രെയിനുകളും ബുൾഡോസറുകളും ഉപയോഗിച്ച് ഈ കോച്ച് ഉയർത്തുകയാണ് ചെയ്തത്.

കൂട്ടിയിടിയിൽ മറ്റൊരു കോച്ച് മുകളിൽ വന്നു കയറിയപ്പോൾ ഈ കോച്ച് മണ്ണിൽ പുതയുകയായിരുന്നെന്നാണ് കരുതുന്നത്. ഉയർത്താനുള്ള ബോഗി ഏതാണ്ട് പൂർണമായ തകർന്ന നിലയിലാണെന്ന് ദേശീയ ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥർ പറഞ്ഞു. വ്യോമസേനയുടെ രണ്ടു റെസ്‌ക്യൂ ഹെലികോപ്റ്ററുകൾ ദൗത്യത്തിൽ പങ്കു ചേർന്നു.രാജ്യത്തെ നാലാമത്തെ വലിയ ട്രെയിൻ ദുരന്തമാണ് ഒഡിഷയിലെ ബാലസോറിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തെക്കുറിച്ച് റെയിൽവേ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റെയിൽവേ സുരക്ഷാ കമ്മിഷണർ (തെക്കു കിഴക്കൻ സർക്കിൾ) എഎം ചൗധരി അന്വേഷണത്തിനു നേതൃത്വം നൽകും.അപകടത്തിനു കാരണമായത് എന്താണ് എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സിഗ്നൽ പിഴവ് ആണെ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.