- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീച്ചി സ്റ്റേഷന്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ അന്വേഷണം നേരിടുന്നതിനിടെ സ്ഥാനക്കയറ്റം; നിലവില്‍ കടവന്ത്ര എസ് എച്ച് ഒ; എസ്പിയുടെ റിപ്പോര്‍ട്ട് ഒന്നര വര്‍ഷത്തോളം പൂഴ്ത്തി വച്ച ശേഷം നിയമസഭയില്‍ ചോദ്യം വന്നതിന് പിന്നാലെ നടപടി; ഹോട്ടല്‍ മാനേജരെ മര്‍ദ്ദിച്ച പി എം രതീഷിന് സസ്‌പെന്‍ഷന്‍
ഹോട്ടല്‍ മാനേജരെ മര്‍ദ്ദിച്ച പി എം രതീഷിന് സസ്‌പെന്‍ഷന്‍
തൃശൂര്‍: പീച്ചി പൊലീസ് സ്റ്റേഷനില്‍ ഹോട്ടല്‍ മാനേജരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ പൊലീസുകാരന്‍ പി.എം. രതീഷിന് ദക്ഷിണമേഖലാ ഐ.ജി.യുടെ ഉത്തരവ് പ്രകാരം സസ്‌പെന്‍ഷന്‍. നിലവില്‍ കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫിസറായ രതീഷിന്, ഈ കേസില്‍ അന്വേഷണം നേരിടുന്നതിനിടയിലും സ്ഥാനക്കയറ്റം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
തൃശൂര്‍ അഡീഷണല്‍ എസ്.പി.യുടെ റിപ്പോര്‍ട്ട് ഒന്നരവര്‍ഷത്തോളം പൂഴ്ത്തിവെച്ച ശേഷമാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. 2023-ലാണ് സംഭവം നടന്നത്. അന്നത്തെ പീച്ചി സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന പി.എം. രതീഷ്, പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജര്‍ കെ.പി. ഔസേപ്പിനെയും മകനെയുമാണ് മര്‍ദ്ദിച്ചത്.
2023 മേയ് 24-ന് ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ നല്‍കിയ വ്യാജ പരാതിയെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. പരാതി നല്‍കാനായി ഔസേപ്പും മകനും സ്റ്റേഷനിലെത്തിയപ്പോള്‍ ചുമരില്‍ ചാരി നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഔസേപ്പ് ആരോപിച്ചിരുന്നു. ഫ്‌ലാസ്‌ക് കൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിച്ചെന്നും മുഖത്തടിച്ചെന്നും ഔസേപ്പ് മൊഴി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത മകനെയും ലോക്കപ്പിലിട്ടതായി പറയപ്പെടുന്നു.
ഹോട്ടലിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ഔസേപ്പും മറ്റൊരാളും തമ്മിലുണ്ടായ തര്‍ക്കം പരാതിയായി സ്റ്റേഷനിലെത്തിയതിനെ തുടര്‍ന്നാണ് ഔസേപ്പും സംഘവും പോലീസ് സ്റ്റേഷനിലെത്തിയത്. ഇതിനിടെ കേസ് ഒത്തുതീര്‍ക്കാന്‍ വലിയ തുക ആവശ്യപ്പെട്ടതായും ഔസേപ്പ് ആരോപിച്ചിരുന്നു.
പോലീസ് മര്‍ദനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിഷയം വലിയ ചര്‍ച്ചയായിരുന്നു. ഈ ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് വിവരാവകാശ നിയമപ്രകാരം പലതവണ അപേക്ഷ നല്‍കിയിട്ടും ആദ്യം ലഭിച്ചില്ല. മാവോവാദി ഭീഷണിയും സ്ത്രീസുരക്ഷയും കാരണം ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. പിന്നീട് വിവരാവകാശ കമ്മിഷന് അപ്പീല്‍ നല്‍കുകയും ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയും ചെയ്തപ്പോഴാണ് ദൃശ്യങ്ങള്‍ അധികൃതര്‍ നല്‍കിയത്.
സംഭവത്തില്‍ നേരത്തെയും രതീഷിനെതിരെ പരാതികളുയര്‍ന്നിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ടും രതീഷിനെതിരായിരുന്നു. കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടന്നെങ്കിലും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ പി.എം. രതീഷിനെതിരായ നടപടിയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. ഈ നടപടി പോലീസ് ക്രൂരതകള്‍ക്കെതിരായ നീതിനടത്തിപ്പിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.