- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎം ശ്രീയിലെ കേരളത്തിന്റെ അനാവശ്യ പിടിവാശി മൂലം കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചത് 1500 കോടി രൂപ! ഒടുവില്‍ ഗത്യന്തരമില്ലാതെ നയം മാറ്റാന്‍ കേരളം; 'കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ടാണ്'; പിഎം ശ്രീ നടപ്പിലാക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി; ഓരോ ബ്ലോക്കിലും രണ്ടു സ്‌കൂള്‍ പിഎം-ശ്രീയായി വികസിപ്പിക്കും; എതിര്‍പ്പുമായി സിപിഐ
പിഎം ശ്രീയിലെ കേരളത്തിന്റെ അനാവശ്യ പിടിവാശി മൂലം കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചത് 1500 കോടി രൂപ!
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അനാവശ്യ കടുംപിടുത്തവും വാശിയും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചത് 1500 കോടി രൂപയാണ്. ഈ പണം കിട്ടാന്‍ വേണ്ടി ഒടുവില്‍ കടുംപിടുത്തങ്ങള്‍ മാറ്റിവെച്ചിരിക്കയാണ് കേരള സര്‍ക്കാര്‍. പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കിയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പദ്ധതി നടപ്പിലാക്കുമെന്ന് അറിയിച്ചത്. തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുവെന്നും കരാറില്‍ ഒപ്പിടുന്നതിനായി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി സ്ഥിരീകരിച്ചു. വിദ്യാഭ്യാസ പദ്ധതികള്‍ക്കായി കേരളത്തിന് അര്‍ഹതപ്പെട്ട 1500 കോടി രൂപയുടെ കുടിശിക നേടിയെടുക്കാന്‍ ഇതേ മാര്‍ഗമുള്ളൂവെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയില്‍ ഒപ്പിടുന്നതിന് സിപിഎമ്മും പൊതുവിദ്യാഭ്യാസ വകുപ്പും അനുകൂലമായിരുന്നുവെങ്കിലും സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇതോടെ രണ്ടു തവണ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. ഇക്കുറി മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കുകയായിരുന്നു. സിപിഐയെ വിവരം അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
പിഎം ശ്രീയില്‍ ഒപ്പിട്ടാല്‍ കേന്ദ്ര വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പിലാക്കേണ്ടി വരുമെന്നും പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകള്‍ക്ക് മുന്നില്‍ പിഎം ശ്രീ എന്ന് ബോര്‍ഡ് വയ്‌ക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തത്. പിഎം ശ്രീയില്‍ ഒപ്പിട്ടാലും സിലബസില്‍ നിന്ന് ചരിത്രവസ്തുതകള്‍ ഒഴിവാക്കുന്നതടക്കം കേരളം അംഗീകരിക്കാത്ത ഒരു കാര്യവും ഇവിടെ നടപ്പാക്കില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.
പിഎം-ശ്രീ നടപ്പാക്കാത്തതിനാല്‍ രണ്ടു വര്‍ഷമായി സമഗ്രശിക്ഷാ കേരളയ്ക്ക് (എസ്എസ്‌കെ) കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ച തുക നേടിയെടുക്കാനാണ് ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെ, മന്ത്രി വി. ശിവന്‍കുട്ടി പിഎം-ശ്രീയുമായി മുന്നോട്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ക്കു പച്ചക്കൊടി കാണിച്ചെന്നാണ് വിവരം. ധനപ്രതിസന്ധി രൂക്ഷമായിരിക്കേ, അവകാശപ്പെട്ട പണം പാഴാക്കരുതെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എന്‍ഇപി) മികവ് പ്രദര്‍ശിപ്പിക്കുന്നതാണ് 'പിഎം-ശ്രീ' പദ്ധതി. വിദ്യാഭ്യാസത്തില്‍ വര്‍ഗീയതയും വാണിജ്യവത്കരണവും ആരോപിച്ച് ഇടതുപക്ഷം രാഷ്ട്രീയവും നയപരവുമായി പദ്ധതിയെ എതിര്‍ക്കുകയാണ്. അടുത്തയിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരെ സന്ദര്‍ശിച്ചപ്പോഴും ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തിയതായാണ് സൂചന.
2023-24-ലാണ് കേന്ദ്രം ഫണ്ട് തടഞ്ഞത്. പദ്ധതിശുപാര്‍ശ മന്ത്രിസഭയിലെത്തിയപ്പോള്‍ സിപിഐ എതിര്‍ത്തതിനാല്‍ മുന്നോട്ടുപോയില്ല. തമിഴ്നാടിനെപ്പോലെ സുപ്രീംകോടതിയില്‍ പോകാന്‍ ആലോചന വന്നെങ്കിലും സമയം പാഴാക്കലാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാദം.
എന്‍ഇപിയുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ളതാണ് പിഎം-ശ്രീ സ്‌കൂള്‍. അതിനാല്‍, ഇതു നടപ്പാക്കാന്‍ എന്‍ഇപി ഒപ്പിടണം. 2023-27 വര്‍ഷത്തേക്ക് വിഭാവനംചെയ്ത പദ്ധതിയാണിത്. ഓരോ ബ്ലോക്കിലും രണ്ടു സ്‌കൂള്‍ പിഎം-ശ്രീയായി വികസിപ്പിക്കും. ഒരു സ്‌കൂളിന് ശരാശരി 1.13 കോടി. കേന്ദ്ര-സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തില്‍. അതിനാല്‍, കേരളം പണംമുടക്കി വികസിപ്പിച്ച സ്‌കൂള്‍ കേന്ദ്ര ബ്രാന്‍ഡിങ്ങിനു വിട്ടുകൊടുക്കണമോയെന്നാണ് സിപിഐയുടെ ചോദ്യം.
അതേസമയം പദ്ധതിയില്‍ ചേരാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം തുറന്നെതിര്‍ക്കേണ്ടതാണെന്നും പിഎം ശ്രീയില്‍ ചേരരുതെന്നും സിപിഐ സംസ്ഥാന നേതൃത്വം പറയുന്നു. എന്‍.ഇ.പിയില്‍ കേന്ദ്രം നയം മാറ്റിയിട്ടില്ലെന്നും ഇടത് സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയാണ് വേണ്ടതെന്നും വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തേ വ്യക്തമാക്കിയതാണ്. കേരളത്തിന് ഈ വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ ലഭിച്ചത് പൂജ്യം തുകയാണ്. ഇത് കടുത്ത അനീതിയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടെന്നും സാധാരണക്കാരായ കുട്ടികളുടെ ഭക്ഷണവും യൂണിഫോമും ഒക്കെ ഈ ഫണ്ടില്‍ നിന്നാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭാസ നിലവാരത്തില്‍ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. ഒന്നാം ക്ലാസില്‍ എത്തുന്ന 99% ത്തിലധികം കുട്ടികളും പത്താംക്ലാസില്‍ എത്തുന്നു. തുടര്‍ പഠനത്തിലെ ശരാശരിയില്‍ കേരളം വളരെ മുന്നിലാണ്.