- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയ്യേ... കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ തന്നെ എഴുതിയത് മായ്ച് കളഞ്ഞത് മോശമായിപ്പോയി': ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ആർഎസ്എസിന് എതിരെ വിവാദ പോസ്റ്റിട്ട പി പി ചിത്തരഞ്ജൻ എം എൽ എ പരാമർശം എഡിറ്റ് ചെയ്ത് മുങ്ങി; പിന്മാറ്റം ആരോപണത്തിന് തെളിവ് നൽകാൻ സന്ദീപ് വചസ്പതി വെല്ലുവിളിച്ചതോടെ
തിരുവനന്തപുരം: ഗാന്ധിജിയെ വധിക്കാൻ നിർദ്ദേശം നൽകിയതും വകവരുത്തിയതും ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ടതും സംഘപരിവാർ പ്രവർത്തകരാണെന്ന പി പി ചിത്തരഞ്ജൻ എംഎൽഎയുടെ പോസ്റ്റ് വിവാദമായി. രാഷ്ട്രപിതാവിന്റെ 75ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പി.പി.ചിത്തരഞ്ജൻ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റിലാണ് സംഘപരിവാറിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. പോസ്റ്റിലെ പരാമർശങ്ങൾക്കെതിരെ, ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണമെന്ന് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. കേസ് കൊടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ വിവാദ ഭാഗങ്ങൾ എംഎൽഎ തന്റെ പോസ്റ്റിൽ എഡിറ്റ് ചെയ്തു.
' ഗാന്ധിജിയെ കൊന്നതിന് തൂക്കിലേറ്റപ്പെട്ട നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിതാഭസ്മം അയാളുടെ ആഗ്രഹപ്രകാരം ഇന്നും നാഗ്പൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ, വിളക്ക് കൊളുത്തി അവർ സംരക്ഷിച്ചിട്ടുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കി' അഖണ്ഡ ഭാരതം' സൃഷ്ടിക്കുമ്പോൾ, അന്ന് ഗംഗാ നദിയിൽ ഒഴുക്കാൻ അവരത് കാത്തുവച്ചിരിക്കുന്നു' ഈ ഭാഗമാണ് പോസ്റ്റിൽ നിന്ന് ചിത്തരഞ്ജൻ നീക്കം ചെയ്തത്.
നിലവിൽ പോസ്റ്റ് ഇങ്ങനെ:
'ഞാൻ നല്ലൊരു ഹിന്ദുവായത്‌കൊണ്ട്തന്നെ നല്ലോരു മുസൽമാനുമാണ് '
ഹൃദയമിടിപ്പ് പോലെ സ്വന്തം രാഷ്ട്രത്തെ കൊണ്ടുനടന്ന എഴുപത്തെട്ട് വയസ്സ് ഉണ്ടായിരുന്ന ആ സാധുവൃദ്ധനെ നെഞ്ചിന് നേർക്ക് മൂന്നു വെടിയുതിർത്തുകൊന്നുകളഞ്ഞു. നിർദ്ദേശം കൊടുത്തതും ഗൂഢാലോചന നടത്തിയതും കൊന്നതും ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ടതും സംഘപരിവാർ പ്രവർത്തകർ.
ഗാന്ധി കൊല്ലപ്പെട്ടപ്പോൾ മധുരം വിതരണം ചെയ്തവർ, ഇന്നും പ്രതീകാത്മകമായി ഗാന്ധിപ്രതിമയുണ്ടാക്കി നിറയൊഴിച്ച് ആഘോഷിക്കുന്നവർ , ഗാന്ധിയൻ ആശയങ്ങളിൽ ജീവിക്കുന്നവർക്ക് പോലും മരണം വിധിക്കുന്നവർ, അവരാണ് ഇന്ന് ഗാന്ധിയുടെ മണ്ണ് ഭരിക്കുന്നത്. മതവർഗീയത വളർത്തി, ദാരിദ്രനെയും കർഷകരെയും മറന്ന് അവർ ഗാന്ധിയൻ സങ്കൽപ്പങ്ങളെ വീണ്ടും വീണ്ടും കൊലപ്പെടുത്തുകയാണ്.
പ്രതിരോധിക്കുക
സംഘപരിവാർ ഫാസിസത്തെ എതിർക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ, എന്നാൽ ഏറ്റവും മൂർച്ചയുള്ളതുമായ സമരം 'ഗാന്ധിയെ ഓർക്കുക' എന്നതാണ്. ഗാന്ധിയെകുറിച്ചുള്ള ഓർമ്മകൾ പോലും അവർക്ക് ഭയമാണ്.
ഓർമ്മകളെ മരിക്കാൻ വിടരുത്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ.
ചിത്തരഞ്ജന്റെ പോസ്റ്റിലെ പരാമർശങ്ങൾക്കെതിരെ സന്ദീപ് വചസ്പ്തി ഇട്ട കുറിപ്പ് ഇങ്ങനെ:
നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണം. പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ്യുണിസ്റ്റ് ബ്ലാ ബ്ളാ പോരാതെ വരും ചിത്തരഞ്ജൻ, പൊതു സമൂഹത്തോട് സംവദിക്കാൻ.
വായ്ത്താളവും കൈരേഖയും അല്ലാതെ മറ്റൊന്നും കയ്യിൽ ഉണ്ടാകില്ല എന്നുമറിയാം. എങ്കിലും ഇത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് അറിയിക്കട്ടെ. കോടതിയിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. പോസ്റ്റ് പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയാനുള്ള ആർജ്ജവം കാണിക്കണം. ഇല്ലെങ്കിൽ കോടതി നടപടി നേരിടാൻ തയ്യാറാവുക. കാലമെത്ര കഴിഞ്ഞാലും ഇതിന് മറുപടി പറയിക്കുക തന്നെ ചെയ്യും.
ഇനി ചിത്തരഞ്ജന് അറിയാത്ത ചരിത്രം കൂടി പറയാം. ഗാന്ധിജി ഹിന്ദു മഹാസഭക്കാരനായ ഗോഡ്‌സെയുടെ കൈകളാൽ കൊല്ലപ്പെടുമ്പോൾ ആ സംഘടനയുടെ അധ്യക്ഷൻ പിൽക്കാലത്ത് നിങ്ങളുടെ എംപി ആയിരുന്ന നിർമ്മൽചന്ദ്ര ചാറ്റർജി എന്ന മഹാൻ ആയിരുന്നു. ഗാന്ധി വധത്തിന് ശേഷവും ആ മാന്യൻ കുറേക്കാലം കൂടി ഹിന്ദുമഹാസഭയെ നയിച്ചിരുന്നു. അച്ഛന്റെ മരണ ശേഷം ആ സീറ്റിൽ വിജയിച്ച നിങ്ങളുടെ കേന്ദ്രകമ്മിറ്റി അംഗത്തെ ചിത്തരഞ്ജൻ അറിയും. സോമനാഥ് ചാറ്റർജി. ചിത്തരഞ്ജന് അറിയാത്ത എത്ര എത്ര ചരിത്രങ്ങൾ. ഓരോന്നായി വഴിയെ മനസ്സിലാക്കാം.
ചിത്തരഞ്ജൻ വിവാദ ഭാഗം എഡിറ്റ് ചെയ്തതിന് പിന്നാലെ സന്ദീപ് എംഎൽഎയെ പരിഹസിച്ച് കുറിപ്പിട്ടു.
അയ്യേ... കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ തന്നെ എഴുതിയത് മായ്ച്ച് കളഞ്ഞത് മോശമായിപ്പോയി.
മറുനാടന്‍ മലയാളി ബ്യൂറോ