- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിക്കുന്ന് ജയിലില്‍ രണ്ട് രാത്രി പിന്നിട്ട് പി പി ദിവ്യ; ശാന്ത സ്വഭാവത്തില്‍ ജയില്‍വാസം; ജാമ്യാപേക്ഷയില്‍ വിധി നീണ്ടാല്‍ ജയില്‍ ജീവിതവും നീളും; കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതില്‍ പോലീസില്‍ അവ്യക്തത; വെളിവായത് ദിവ്യയുടെ ക്രിമിനല്‍ മനോഭാവം എന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് കടുത്ത രാഷ്ട്രീയ പ്രഹരം
പള്ളിക്കുന്ന് ജയിലില്‍ രണ്ട് രാത്രി പിന്നിട്ട് പി പി ദിവ്യ; ശാന്ത സ്വഭാവത്തില്‍ ജയില്‍വാസം
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കേസില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ജയില്‍വാസം ഇനിയും നീണ്ടേക്കും. കണ്ണൂരിലെ പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യയുടെ താമസം. രണ്ട് രാത്രികള്‍ ഇതിനോടകം തന്നെ ജയിലില്‍ അവര്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തക എന്ന നിലയില്‍ ജയില്‍വാസം ദിവ്യക്ക് പുത്തരിയല്ല. അത്തരമൊരു സമരജീവിതാണ് അവരുടേത്. എന്നാല്‍, ഇത്തവണ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എങ്കിലും ജയിലില്‍ ശാന്ത സ്വഭാവത്തോടെയാണ് അവര്‍ കഴിഞ്ഞു കൂടുന്നത്. റിമാന്‍ഡ് തടവുകാരി ആയതിനാല്‍ തന്നെ അത്യാവശ്യം പരിഗണനകളും അവര്‍ക്ക് ലഭിക്കുന്നുണ്ട്.
അതേസയം ഇന്നലെയാണ് ജാമ്യാപേക്ഷയില്‍ ദിവ്യ കോടതിയില്‍ സമര്‍പ്പിച്ചത്. വാദം പൂര്‍ത്തിയാക്കി വിധി പറയല്‍ അടുത്ത ആഴ്ച്ചയിലേക്ക് നീളുമോ എന്നതാണ് ഇനി അറിയേണ്ടത്. ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍ക്കുമെന്ന കാര്യവും ഉറപ്പാണ്. പോലീസ് ദിവ്യയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. ഇക്കാര്യത്തില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്നു താനും. ഇന്ന് കോടതി അവധിയായതിനാല്‍ അടുത്തദിവസം അപേക്ഷ കൊടുക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.
കേസില്‍ വിശദമായി പൊലീസ് നേരത്തെ തന്നെ ചോദ്യം ചെയ്തതിനാല്‍ കസ്റ്റഡി ഒഴിവാക്കിയേക്കും. പ്രത്യേക അന്വേഷണസംഘം ഇന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ സാധ്യതയുണ്ട്. അതേസമയം പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ദിവ്യക്ക് രാഷ്ട്രീയമായി കടുത്ത തിരിച്ചടിയാണ്.
കുറ്റവാസനയോടും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെന്നും കുറ്റകൃത്യം ചെയ്തതിലൂടെ പ്രതിയുടെ ക്രിമിനല്‍ മനോഭാവമാണ് വെളിവായിട്ടുള്ളതെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ട്. ചടങ്ങിനെത്തയ ഇവര്‍ക്ക് കസേര ഒഴിഞ്ഞുകൊടുക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വഴിയെ പോകുന്നതിനിടക്കാണ് ഇങ്ങനെയൊരു യാത്രയയപ്പ് നടക്കുന്നുണ്ടെന്ന് മനസ്സിലായത് എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. പ്രസംഗം പകര്‍ത്താന്‍ ഏര്‍പ്പാടാക്കിയത് പ്രതിയാണ്.
പത്തൊന്‍പതാം വയസ്സില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കായി സര്‍വീസില്‍ കയറി വിവിധ ജില്ലകളില്‍ വിവിധ ഔദ്യോഗിക തസ്തികകളില്‍ ജോലിചെയ്ത് ജില്ലയില്‍ റവന്യൂവകുപ്പിലെ രണ്ടാം സ്ഥാനം വഹിക്കുന്നയാളാണ് കെ. നവീന്‍ ബാബു. കളക്ടറേറ്റിലെ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തില്‍ നാളിതുവരെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സീനിയര്‍ സൂപ്രണ്ട് മൊഴി നല്‍കിയിട്ടുണ്ട്. രണ്ടുദിവസം കാത്തിരിക്കണമെന്നും ഉപഹാരം സമര്‍പ്പിക്കുന്ന സമയത്ത് ചടങ്ങില്‍ താന്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുകയാണെന്നും അതിന് പ്രത്യേക കാരണങ്ങള്‍ ഉണ്ട്, അത് രണ്ട് ദിവസം കഴിഞ്ഞ് നിങ്ങള്‍ എല്ലാവരും അറിയുമെന്നുമായിരുന്നു ദിവ്യയുടെ പ്രസംഗം.
ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെ ഏക ആശ്രയമായിരുന്ന നവീന്‍ ബാബുവിനെ സാമൂഹികമധ്യത്തില്‍ ഇകഴ്ത്തി മാനഹാനിവരുത്തി ആത്മഹത്യയിലേക്ക് നയിച്ച ആളാണ് പ്രതിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചയാളുമാണ്. സഹപ്രവര്‍ത്തകരും സഹപാഠികളും ഭരണസിരാകേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നവരാണ്. നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഒളിവില്‍ കഴിഞ്ഞ വ്യക്തിയാണ്. സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ട്.
പോലീസിലും കോടതിയിലും സാക്ഷിപറയുന്നത് തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതത്തിന് പ്രതിയില്‍നിന്ന് ഭീഷണിയുണ്ടാകുമെന്ന് ദൃക്സാക്ഷികള്‍ക്ക് ഭയമുണ്ട്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ പിന്തിരിപ്പിക്കാനും നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവ്യയുടെ പേരില്‍ നിലിലുള്ള വിവിധ കേസുകളുടെ വിവരവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.