- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ദിവസത്തെ പുഞ്ചിരിയില്ല; ആത്മവിശ്വാസം ചോര്‍ത്തിയത് നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്ന റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട്; അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പരീക്ഷണമായി; ചോദ്യം ചെയ്യലിന് ശേഷം ജയിലിലേക്ക് തലകുനിച്ച് ദിവ്യയുടെ മടക്കം
ജയിലിലേക്ക് തലകുനിച്ച് ദിവ്യയുടെ മടക്കം
കണ്ണൂര്‍ : പ്രത്യേക അന്വേഷണ സംഘത്തിന്റെ രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ ചിരി വറ്റി പി പി ദിവ്യ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം സാധൂകരിക്കാന്‍ കഴിയാത്തതാണ് ദിവ്യയുടെ ആത്മവിശ്വാസം ചോര്‍ത്തിയത്. ആദ്യ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇത്തവണ അതുമുണ്ടായില്ല. തലകുനിച്ചാണ് ചോദ്യം ചെയ്യലിനു ശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും പിന്നീട് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ദിവ്യ മടങ്ങിയത്.
അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസിലെ പ്രതിയായ പി.പി ദിവ്യയെ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ ദിവ്യയെ വീണ്ടും ജയിലില്‍ അടച്ചു. പതിവില്‍ നിന്നും വ്യത്യസ്തമായി ചൂരിദാര്‍ അണിഞ്ഞാണ് ദിവ്യ ചോദ്യം ചെയ്യലിന് ജയിലില്‍ നിന്നും എത്തിയത്.
കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലെ റിമാന്‍ഡ് തടവുകാരിയാണ് ദിവ്യ. പൊലീസ് ഹര്‍ജി നല്‍കിയതു പ്രകാരമാണ് ദിവ്യയെ ഒരു ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടു നല്‍കിയത്. വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയായിരുന്നു സമയമെങ്കിലും നാലു മണിയോടെ കോടതിയില്‍ ഹാജരാക്കി.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ നിന്നും കണ്ണൂര്‍ അസി. പൊലിസ് കമ്മിഷണര്‍ ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് പി.പി ദിവ്യ ചെയ്തതെന്നാണ് വിവരം. താന്‍ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തത് കലക്ടര്‍ അരുണ്‍ കെ വിജയന്‍ ക്ഷണിച്ചിട്ടാണെന്നും എ.ഡി. എമ്മിനെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ദിവ്യ പറഞ്ഞു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാചകം സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഓര്‍മ്മിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് പി.പി ദിവ്യ പറഞ്ഞു. എന്നാല്‍ എ.ഡി.എം ജീവനൊടുക്കുമെന്ന് കരുതിയില്ല. അത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ദിവ്യ പറഞ്ഞു.
അതിനിടെ ദിവ്യയുടെ ജാമ്യാപേക്ഷ വാദം കേള്‍ക്കാന്‍ മാറ്റി. നവംബര്‍ അഞ്ചിന് കോടതി വാദം കേള്‍ക്കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. നവീന്‍ ബാബുവിന്റെ കുടുംബം ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് ദിവ്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നുണ്ട്.
തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കണ്ണൂര്‍ കക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണെന്നും ജോയിന്റ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. വീഡിയോ പകര്‍ത്തിയവരില്‍ നിന്ന് ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാല്‍ അവരുടെ മൊഴി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്