തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കർഷകർക്ക് സപ്ലൈക്കോ പണം നൽകിയില്ലെന്ന നടൻ ജയസൂര്യയുടെ ആരോപണത്തിന് മറുപടിയുമായി കൃഷിമന്ത്രി പി പ്രസാദ്. നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് തീർത്തുവെന്നും അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ബാങ്കുകളുടെ കെടുകാര്യസ്ഥത കാരണമാണ് കൊടുക്കാൻ അൽപമെങ്കിലും വൈകിയതെന്നും പി പ്രസാദ് വിശദീകരിച്ചു. ജയസൂര്യ ജനങ്ങൾക്ക് മുന്നിൽ അഭിനയിക്കരുതായിരുന്നു. ഇതെല്ലാം ജയസൂര്യയെ കൊണ്ട് പറയിപ്പിച്ചവർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. നല്ല തരിക്കഥ ഉണ്ടായിരുന്നു. പക്ഷേ, പടം പൊട്ടിപ്പോയി.- അദ്ദേഹം പറഞ്ഞു.

നടൻ കൃഷ്ണപ്രസാദിന് ആറ് മാസമായി സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടെന്ന ജയസൂര്യയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. 'നടൻ കൃഷ്ണപ്രസാദിന് നെല്ല് സംഭരണ തുക ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ എസ്‌ബിഐ അക്കൗണ്ടിൽ ഏപ്രിൽ മാസത്തോടെ പണം എത്തി. മൂന്ന് തവണകളായാണ് അക്കൗണ്ടിൽ മുഴുവൻ തുകയും എത്തിയത്. 5,568 കിലോ ഉമ അരി സംഭരിച്ചതിന് സപ്ലൈക്കോ കൃഷ്ണ പ്രസാദിന് നൽകിയത് 1,57,686 രൂപയാണ്. എന്നാൽ ജയസൂര്യ പറഞ്ഞത് 5,6 മാസമായിട്ടും പണം നൽകിയില്ല എന്നായിരുന്നു', മന്ത്രി വ്യക്തമാക്കി.

'സംസ്ഥാന സർക്കാർ നൽകാനുള്ള സ്റ്റേറ്റ് ഇൻസെന്റീവും ഹാൻഡിലിങ് ചാർജും എല്ലാവർക്കും കൊടുത്തുകഴിഞ്ഞിട്ടുണ്ട്. ബാങ്കുകളുടെ കൺസോർഷ്യമാണ് ഏറ്റവും വലിയ പ്രശ്‌നവും പ്രയാസവും ഉണ്ടാക്കിയത്. ഇനി കൊടുക്കാനുള്ളത് ഏതാണ്ട് 240 കോടിയോളം രൂപയാണ്. അതിൽ 138 കോടി രൂപ നൽകാമെന്ന് കാനറാ ബാങ്കുമായി പ്രത്യേകം ധാരണയിലെത്തി, അവർ ആ പണം നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്'-പി പ്രസാദ് പറഞ്ഞു.

കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിൽ സംസാരിക്കവെയാണ്, മന്ത്രിമാരായ പി പ്രസാദിനേയും പി രാജീവിനെയും വേദിയിലിരുത്തി ജയസൂര്യ സർക്കാരിനെ വിമർശിച്ചത്. നെല്ലിന്റെ വില കിട്ടാത്ത കർഷകർ തിരുവോണ ദിവസം പട്ടിണി കിടക്കുകയാണെന്നും ആരും കൃഷിയിലേക്ക് തിരിയാത്തത് സർക്കാരിന്റെ ഇത്തരത്തിലുള്ള സമീപനങ്ങൾ കൊണ്ടാണെന്നും ജയസൂര്യ വിമർശച്ചിരുന്നു.