തിരുവനന്തപുരം: മുൻ ഹൈക്കോടതി ജഡ്ജിയും മുൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റുമായ ജസ്റ്റീസ് പി ക്യു ബർകത് അലിക്ക് നിയമ പ്രകാരം കിട്ടേണ്ട ആർജിത അവധി ഇനത്തിൽ കിട്ടേണ്ട തുകയും ഗ്രാറ്റുവിറ്റിയും റിട്ടയർ ചെയ്ത തീയതി മുതൽ കൊടുക്കുന്ന തീയതി വരെ ആറു ശതമാനം പലിശ ഉൾപ്പെടെ നൽകാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിലൂടെ നിർദ്ദേശിച്ച് കേരള ലോകായുക്ത.

അഞ്ചു കൊല്ലത്ത കാലാവധിയിൽ വന്ന ആർജിത അവധി അഥവാ ഏർൺഡ് ലീവ് എന്ന അവകാശവും അഞ്ചു കൊല്ലത്തെ സേവന കാലവാധിക്കുള്ള ഗ്രാറ്റുവിറ്റിയും റിട്ടയർ ചെയ്ത ദിവസം മുതൽ നൽകാനാണ് കോടതി ഉത്തരവ്. പരാതിക്കാരനായി അഭിഭാഷകരായ എസ് രഘുകുമാറും എൻ എസ് ലാലുമാണ് ഹാജരായത്. നിർണ്ണായക നിരീക്ഷണങ്ങളുമായാണ് ലോകായുക്താ ഉത്തരവ്. അതുകൊണ്ട് തന്നെ നിരവധി പേർക്ക് ഇതിന്റെ പ്രയോജനമുണ്ടാകും. ജസ്റ്റീസ് പി ക്യു ബർകത് അലിയുടെ നിയമ പോരാട്ടത്തിന്റെ പ്രസക്തി കൂട്ടുന്നതും ഈ വിധിയിലെ നിരീക്ഷണങ്ങളാണ്.

പരാതിക്കാരന്റെ മുൻഗാമികളായ എല്ലാ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റുമാർക്കും ഈ അനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. ഉപഭോക്ത കമ്മീഷൻ പ്രസിഡന്റിന് ഒരു ഹൈക്കോടതി ജഡ്ജിയുടെ എല്ലാ ആനുകൂല്യങ്ങൾക്കും അർഹനാണെന്ന കേരളാ ഹൈക്കോടതിയുടെ വിധിയുണ്ട്. അതുകൊണ്ട് തന്നെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ലോകായുക്ത വിലയിരുത്തി. ആർജിത അവധി ശമ്പളത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അത് നിരസിക്കാൻ പാടില്ലെന്ന സുപ്രധാന നിരീക്ഷണവും നടത്തി.

ആർജിത അവധി നിയമ പരമായ അവകാശമാണ്. പുനർനിയമിക്കപ്പെട്ടയാൾ മൂന്ന് വർഷമോ അതിലധികമോ ആ സ്ഥാനത്ത് തുടർന്നാൽ ആർജിത അവധി അഥവാ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്നും ലോകായുക്ത വിലയിരുത്തി. 2017ലാണ് ജസ്റ്റീസ് പി ക്യു ബർക്കത് അലി വിമരിച്ചത്. അന്ന് മുതലുള്ള ആനുകൂല്യം ആറു ശതമാനം പലിശയിൽ നൽകേണ്ടി വരും.