- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐജി എ അക്ബറിനായി ഇനി കാത്തിരിക്കാനാവില്ല; താളം തെറ്റിയ മോട്ടോര്‍ വാഹന വകുപ്പിനെ നേരേയാക്കാന്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കറിന് ഗതാഗത കമ്മീഷണറുടെ പൂര്‍ണ അധിക ചുമതല
അക്ബര്‍ വരും വരെ പ്രമോജിന് ചുമതല
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ തലപ്പത്ത് ആളെത്തി. ഇനി നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ തടസ്സമില്ല. എസ്. ശ്രീജിത്ത് പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. ആയി സ്ഥലം മാറി പോയ ഒഴിവില്‍, നിയമന ഉത്തരവിറങ്ങി ഒരുമാസം കഴിഞ്ഞിട്ടും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായി ഐ.ജി. എ. അക്ബര്‍ ചുമതലയേല്‍ക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതായി അറിയിച്ചതായി വാര്‍ത്ത വന്നിരുന്നു. എന്തായാലും, എ അക്ബര്‍ ചുമതല ഏറ്റെടുക്കുന്നത് വരെ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി എസ് പ്രമോജ് ശങ്കറിന് പൂര്‍ണ അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
കെ.എസ്.ആര്‍.ടി.സി.യുടെ ചെയര്‍മാനും എം.ഡി.യും കൂടിയാണ് പ്രമോജ് ശങ്കര്‍. ഗതാഗതകമ്മിഷണറുടെ തസ്തിക ഇതുവരെ എ.ഡി.ജി.പി. തസ്തികയ്ക്ക് തുല്യമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥലംമാറ്റത്തിനൊപ്പം ഗതാഗത കമ്മിഷണറുടെ തസ്തിക, ഐ.ജി. യുടേതിന് തുല്യമാക്കിയിരുന്നു.
ഗതാഗത കമ്മീഷണര്‍ സ്ഥാനം ഏറ്റെടുക്കാത്ത ഐജി എ അക്ബറിന്റെ നടപടിയില്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന് അതൃപ്തിയുണ്ടായിരുന്നു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നുവെന്നാണ് വിലയിരുത്തല്‍. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് എഡിജിപി എസ് ശ്രീജിത്ത് ഗതാഗത കമ്മീഷണര്‍ സ്ഥാനം ഒഴിഞ്ഞത്. പകരം എറണാകുളം റെയ്ഞ്ച് ക്രൈംബ്രാഞ്ച് ഐജിയായ എ അക്ബറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചിരുന്നു.
ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും അക്ബര്‍ സ്ഥാനമേറ്റെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ കൊച്ചിയില്‍ നിന്നും മാറാന്‍ കഴിയില്ലെന്ന് അക്ബര്‍ ഡിജിപിയെ അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചില്‍ നിന്നും സ്ഥാനം ഒഴിഞ്ഞിട്ടുമില്ല. അക്ബറിനെ പോലീസില്‍ തന്നെ തുടരാന്‍ അനുവദിച്ചേക്കും.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി കൊമ്പുകോര്‍ത്തു നിന്ന ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിന് സ്ഥാനചലനം ഏറെ ചര്‍ച്ചയായിരുന്നു. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിട്ടാണ് ശ്രീജിത്തിനെ മാറ്റിയത്. മന്ത്രിയുടെ താന്‍പോരിമ മൂലം ഗതാഗതമന്ത്രാലയില്‍ നിന്ന് മാറാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു ശ്രീജിത്. അതുകൊണ്ട് തന്നെ ഉടന്‍ പോലീസ് ആസ്ഥാനത്ത് ചുമതലയേറ്റു. ഇതോടെ ഗതാഗത കമ്മീഷണര്‍ കസേര ഒഴിഞ്ഞു.
ഗണേഷ് കുമാര്‍ ചുമതലയേറ്റത് മുതല്‍ ശ്രീജിത്തുമായി ഉടക്കായിരുന്നു. ഒരുഘട്ടത്തില്‍ മന്ത്രി കമ്മിഷണറെ പരസ്യമായി ശാസിക്കുക പോലുമുണ്ടായി. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ തുടങ്ങി അതി സുരക്ഷാ നമ്പര്‍ പ്‌ളേറ്റ് വരെയുള്ള വിഷയങ്ങളില്‍ ഇരുവരും വ്യത്യസ്ത നിലപാട് പുലര്‍ത്തുകയും മന്ത്രി ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. സുരക്ഷ നമ്പര്‍ പ്ലേറ്റ് ആഗോള ടെന്‍ഡര്‍ നല്‍കുന്നതിനെതിരെ കടുത്ത നിലപാടാണ് ഗതാഗത കമ്മീഷണറായിരിക്കെ ശ്രീജിത്ത് എടുത്തത്.
ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ നിയമപരമായി കഴിയില്ലെന്ന് വ്യക്തമാക്കി കമ്മീഷണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള സംഘര്‍ഷം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഗതാഗത കമ്മീഷണറെ മാറ്റിയത്. ഈ സാഹചര്യങ്ങള്‍ക്കിടെയാണ് ഗതാഗത കമ്മീഷണര്‍ സ്ഥാനം ഒരു മാസമായി ഒഴിഞ്ഞു കിടന്നത്.
തലപ്പത്ത് ആളെത്തിയതോടെ, വകുപ്പിന് നിര്‍ണായകമായ കാര്യങ്ങളില്‍ ഇനി ജോയിന്റ് കമ്മിഷണര്‍മാര്‍ക്ക് തീരുമാനം എടുക്കാം. ആര്‍.സി., ലൈസന്‍സ് അച്ചടി, വാഹന ടെസ്റ്റിങ് കേന്ദ്രങ്ങളുടെ നവീകരണം, പുതിയവാഹനങ്ങള്‍ വാങ്ങല്‍, ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ സ്ഥാപിക്കുക തുടങ്ങി മുടങ്ങി കിടക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാം. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ എന്നിവരുടെ സ്ഥലംമാറ്റവും മുടങ്ങിയിരിക്കയാണ്