പാലക്കാട്: ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പൻ പിടി സെവനെ (ടസ്‌കർ ഏഴാമനെ) ദൗത്യസംഘം മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ഇന്ന് പുലർച്ചെ ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാൻ 30 മിനിറ്റ് സമയം വേണം. ആവശ്യമെങ്കിൽ മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകാനാണ് നീക്കം. ഇനിയുള്ള 45 മിനുട്ട് നിർണായകമാണെന്ന് വനംവകുപ്പ് അറിയിച്ചു. ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം. മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാൻ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് പിടി സെവനെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്.

മയക്കുവെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിൽ എത്തിയിട്ടുണ്ട്. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. 7.15ഓടെയാണ് ആനയെ വെടിവെച്ചത്. ആനയെ കണ്ടെത്തിയ ശേഷം 50 മീറ്റർ അകലെ നിന്നാണ് മയക്കുവെടി വെച്ചത്.

ഇന്നലെ പി.ടി. സെവനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം നടന്നെങ്കിലും ദൗത്യം വിജയകരമായിരുന്നില്ല. ശനിയാഴ്ച പുലർച്ചെ ധോണി വനമേഖലയിലെ അരിമണിഭാഗത്ത് ആനയെ കണ്ടെത്താൻ ട്രാക്കർമാർക്ക് കഴിഞ്ഞു. സാധാരണ ഉൾക്കാട്ടിലേക്ക് അധികം പോകാത്ത ആനയാണെങ്കിലും, മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ 'പി.ടി. 7' ചെങ്കുത്തായ മലയോരത്തെ ഇടതൂർന്ന കാട്ടിലേക്ക് മാറി നിലയുറപ്പിച്ചു

ശനിയാഴ്ച പുലർച്ചെ ധോണിക്ക് സമീപം മൂന്നിടങ്ങളിൽ 'പി.ടി. 7' കൃഷിയിടത്തിലിറങ്ങിയെന്ന് നാട്ടുകാർ ആരോപിച്ചു. അരിമണിക്കാട്, ചേറ്റുവണ്ടി, പുളിയംപുള്ളി, കുപ്പാടം എന്നീ മേഖലകളിലെ കൃഷിയിടത്തിലാണ് പുലർച്ചെ ആനയെ കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. പലയിടത്തും കൃഷി നശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച ആനയെ പിടികൂടാത്തതിനെത്തുടർന്ന് ഒരു വിഭാഗം നാട്ടുകാർ ധോണിയിലെ വനംവകുപ്പ് ഓഫീസിന് മുന്നിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഇന്നലെ പുലർച്ചെ നാലുമണിയോടെ സർവസന്നാഹങ്ങളുമൊരുക്കി. അഞ്ചുമണിക്കുമുമ്പുതന്നെ കാടുകയറിയത് എട്ടുപേരടങ്ങുന്ന ട്രാക്കർമാരുടെ സംഘം. അധികം വൈകാതെ തന്നെ ധോണി അരിമണിക്കാട്ടിലെ ചപ്പാത്തിന് സമീപം കാൽപ്പാട് പിന്തുടർന്ന് ആനയെ ട്രാക്കർമാർ കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ എത്തിയ ദൗത്യസംഘം തോക്കും മയക്കുമരുന്നുമടക്കമുള്ള സന്നാഹങ്ങളുമായി പിന്നാലെ സ്ഥലത്തെത്തി. ആന കുന്നിൻചെരുവിലേക്ക് വളരെ വേഗം നീങ്ങി. രണ്ടുവട്ടം മയക്കുവെടി വെയ്ക്കാവുന്ന അകലത്തിൽ (4050 മീറ്റർ ദൂരം) ആനയെത്തിയെങ്കിലും പ്രദേശം വനനിബിഡമായിരുന്നു.

അപകടസാധ്യത കുറഞ്ഞ സ്ഥലത്തേക്ക് ആനയെത്തുമെന്ന പ്രതീക്ഷയിൽ സംഘം കാത്തിരുന്നു. പ്രതീക്ഷ തകിടം മറിച്ച് നിബിഢവനവും കടന്ന് 'പി.ടി. 7' കൂടുതൽ കുന്നിൻചെരുവിലേക്ക് നീങ്ങി. ഇതോടെ സംഘം ഇന്നലെ മടങ്ങി. ഇന്ന് മയക്കുവെടി വെച്ചെങ്കിലും ദൗത്യസംഘത്തിന് മുന്നിൽ വെല്ലുവിളിയായി രണ്ടാം ഘട്ടം ബാക്കിയാണ്.