- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വീണിടം വിഷ്ണുലോകമാക്കാന്‍ പി വി അന്‍വര്‍! കെ.എഫ്.സി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇഡിയുടെ ഗ്രില്ലിങ്ങിന് ശേഷം വിട്ടയച്ചത് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാന്‍ വഴിതേടി രംഗത്ത്; 'ഇഡി അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രി'യെന്ന് വാദം; പിണറായിസം അവസാനിപ്പിക്കും, ജീവനോടെയുണ്ടെങ്കില്‍ അതിനായി യുഡിഎഫിനൊപ്പം മുന്നിലുണ്ടാകുമെന്ന് അന്‍വര്‍
വീണിടം വിഷ്ണുലോകമാക്കാന്‍ പി വി അന്‍വര്‍!
മലപ്പുറം: തനിക്കെതിരായ ഇഡി അന്വേഷണവും ചോദ്യം ചെയ്യലും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ നീക്കം തുടങ്ങി പി വി അന്‍വര്‍. തനിക്കെതിരായ ഇഡി അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നു വരുത്താനും പ്രചരിപ്പിക്കാനുമാണ് അന്‍വറിന്റെ ശ്രമം. ഇതുവഴി കിട്ടുന്ന രാഷ്ട്രീയ മൈലേജ് ബേപ്പൂരിലെ രാഷ്ട്രീയ പോരാട്ടത്തില്‍ തുണയമാകുമെനാണ് കണക്കുകൂട്ടല്‍. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചതിന് ശേഷം അന്‍വര്‍ പിണറായിസത്തിനെതിരയാണ് ആഞ്ഞടിച്ചത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് പി.വി അന്‍വര്‍. വിജിലന്‍സ് എഫ്‌ഐആര്‍ പ്രകാരമാണ് തനിക്കെതിരെ ഇഡി കേസ് അന്വേഷിക്കുന്നത്. ഇഡി അന്വേഷണത്തിനായി തനിക്കെതിരെ വിജിലന്‍സ് കള്ളക്കേസെടുത്തു. പിണറായിക്കതെിരെ നിലപാടെടുത്തതുകൊണ്ടാണിതെന്നും പി.വി.അന്‍വര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചു. കേരളത്തിലെ നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നെന്നും കോടതിയില്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തെ അവസാനിപ്പിക്കാന്‍ യുഡിഎഫിനൊപ്പം നിന്ന് പോരാടുമെന്നും ചോദ്യംചെയ്യലിന് ശേഷം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
ഇഡിയുടെ ചോദ്യം ചെയ്യലില്‍ താന്‍ തന്റെ ഭാഗം കൃത്യമായി വിശദീകരിച്ചുവെന്നും അക്കാര്യങ്ങള്‍ ഇഡി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ആവശ്യം വന്നപ്പോള്‍ വായ്പയെടുത്ത ആളാണ് താനെന്നും ഒന്‍പത് കോടി രൂപ വായ്പയെടുത്തതില്‍ അഞ്ചുകോടി 79 ലക്ഷം രൂപ തിരിച്ചടച്ചുവെന്നും അന്‍വര്‍ പറയുന്നു. കുറച്ച് കാലത്തെ തിരിച്ചടവ് മുടങ്ങിയതോടെ തട്ടിപ്പിന് വേണ്ടി വായ്പയെടുത്തു എന്ന് കാണിച്ച് വിജിലന്‍സ് തനിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് അന്‍വര്‍ ആരോപിക്കുന്നു. പിണറായി സര്‍ക്കാരിനെതിരെയും മരുമോനിസത്തിനെതിരെയും നിലപാടെടുത്തതോടെയാണ് തന്റെ പേരില്‍ നിരവധി കേസുകള്‍ റജിസ്റ്റര്‍ ചെയ്തതെന്നും അന്‍വര്‍ അവകാശപ്പെട്ടു. ദുര്‍ഘട ഘട്ടത്തില്‍ തനിക്കൊപ്പം നിന്ന് പ്രാര്‍ഥിച്ച കേരളത്തിലെ സാധാരണക്കാരായ മനുഷ്യരോട് എന്നും കടപ്പെട്ടിരിക്കുമെന്നും അന്‍വര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
കേരള സര്‍ക്കാരെടുക്കുന്ന കള്ളക്കേസുകള്‍ക്കെതിരേ കോടതിയില്‍ പോരാട്ടം തുടരുമെന്നും പിണറായിസത്തെ അവസാനിപ്പിക്കാന്‍ ടീം യുഡിഎഫിനൊപ്പം ജീവനോടെ ഉണ്ടെങ്കില്‍ മുന്നില്‍ത്തന്നെ ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു. ഇഡിയുടെ ചോദ്യംചെയ്യലില്‍ കൃത്യമായ ഉത്തരം നല്‍കാനും തന്റെ ഭാഗം വിശദീകരിക്കാനും സാധിച്ചുണ്ടെന്നും അവര്‍ ആ കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരേ വിജിലന്‍സ് കള്ളക്കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണെന്നാണ് വിശ്വസിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.
അന്‍വറിന്റെ വാക്കുകള്‍ ഇങ്ങനെ:
ചില വാര്‍ത്താ ചാനലുകളില്‍ എന്നെ അറസ്റ്റുചെയ്തുവെന്ന രീതിയില്‍ വാര്‍ത്ത വന്നു. ഇതിലൂടെ എന്നെ സ്‌നേഹിക്കുന്ന ഒരുപാടുപേര്‍ക്ക് വലിയ വിഷമങ്ങളും പ്രയാസവും ഉണ്ടായെന്ന് അറിഞ്ഞു. സാമ്പത്തിക ആവശ്യം വന്നപ്പോള്‍ വായ്പയെടുത്ത വ്യക്തിയാണ് ഞാന്‍. ഒന്‍പത് കോടി രൂപ വായ്പയെടുത്തതിന്റെ ഭാഗമായി അഞ്ച് കോടി 79 ലക്ഷം രൂപ തിരിച്ചടവും നടത്തി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി തിരിച്ചടവ് മുടങ്ങി. കേരള ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍നിന്നാണ് വായ്പയെടുത്തത്.
എന്നാല്‍ തട്ടിപ്പിനുവേണ്ടി വായ്പയെടുത്തു എന്ന രീതിയില്‍ കേരളത്തിലെ വിജിലന്‍സ് എനിക്കെതിരേ തട്ടിപ്പ് കേസ് റജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണിത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ എഫ്‌ഐആര്‍ ചൂണ്ടികാണിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. സ്വാഭാവികമായും പരാതി കിട്ടിയാല്‍ ഇഡിക്ക് അന്വേഷിക്കേണ്ടിവരും.
എന്നാല്‍ ഇഡിക്ക് അന്വേഷിക്കാനായി ഒരു കള്ളക്കേസെടുത്തത് കേരളത്തിലെ വിജിലന്‍സാണ്. പിണറായി സര്‍ക്കാരിനെതിരേയും പിണറായിസത്തിനെതിരേയും മരുമോനിസത്തിനെതിരേയും ശക്തമായ നിലപാടെടുത്തതോടെയാണ് എന്റെ പേരില്‍ നിരവധിയായ കേസുകള്‍ റജിസ്റ്റര്‍ ചെയ്തുതുടങ്ങിയത്.
എന്നാല്‍ ഞാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് നീതിന്യായവ്യവസ്ഥയിലാണ്. എനിക്കെതിരേയുള്ള നിരവധിയായ കള്ളക്കേസുകളില്‍ എപ്പോഴും ആശ്വാസമായതും നീതി ലഭിച്ചതും കേരളത്തിലെ കോടതികളില്‍നിന്നാണ്. ഈ കോടതികളില്‍ വിശ്വാസമര്‍പ്പിച്ച്, ഇത്തരത്തില്‍ കേരള സര്‍ക്കാരെടുക്കുന്ന കള്ളക്കേസുകള്‍ക്കെതിരേ കോടതിയില്‍ പോരാട്ടം തുടരും. ഇഡിയുടെ ചോദ്യംചെയ്യലില്‍ കൃത്യമായ ഉത്തരം നല്‍കാനും എന്റെ ഭാഗം വിശദീകരിക്കാനും സാധിച്ചുണ്ട്.
അവര്‍ ആ കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ഈ ഘട്ടത്തില്‍ എന്നോടൊപ്പം നിന്ന് എനിക്കുവേണ്ടി പ്രാര്‍ഥിച്ച കേരളത്തിലെ സാധാരണക്കാരായ മനുഷ്യരോട് എന്നും കടപ്പെട്ടിരിക്കും. പിണറായിസത്തെ അവസാനിപ്പിക്കാന്‍ ടീം യുഡിഎഫിനൊപ്പം നിന്നുകൊണ്ട് ശക്തമായ പോരാട്ടം നയിക്കാന്‍ ഞങ്ങള്‍ ഉണ്ടാകും. ജീവനോടെ ഉണ്ടെങ്കില്‍ ഇതിനായി മുന്നില്‍ത്തന്നെ ഞാന്‍ ഉണ്ടാകുമെന്ന് പിണറായിസത്തിന്റെ വക്താക്കളെ അറിയിക്കുന്നു.
കെഎഫ്‌സി വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മുന്‍ എംഎല്‍എയായ അന്‍വറിനെ ഇഡി ഇന്നലെ ചോദ്യം ചെയ്തത്. എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വിട്ടയയ്ക്കുകയും ചെയ്തു. 2015 ല്‍ കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പ തരപ്പെടുത്തുകയും ഇത് വകമാറ്റി ചെലവഴിക്കുകയും ചെയ്തുവെന്നാണ് ഇഡി കണ്ടെത്തിയത്. 12 കോടി രൂപയാണ് അന്‍വറിന്റെ ബെനാമി സ്ഥാപനങ്ങള്‍ക്ക് കെഎഫ്‌സിയില്‍ നിന്ന് അനുവദിച്ചത്. ഈ തുക പിവിആര്‍ ടൗണ്‍ഷിപ് പദ്ധതിക്കായാണ് അന്‍വര്‍ ഉപയോഗിച്ചതെന്നും ഇഡി കണ്ടെത്തി. ഇതോടെ അന്‍വറിന്റെ ബെനാമികളെ കണ്ടെത്തി ഇവരെ നേരത്തെ ചോദ്യം ചെയ്തു. ഇതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ അന്‍വറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഡിസംബര്‍ 31ന് അന്‍വറിനോട് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തീയതി നീട്ടിച്ചോദിച്ചു. തുടര്‍ന്ന് ജനുവരിയില്‍ സമയം അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യല്‍. അന്‍വര്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ കെഎഫ്‌സിയുടെ 22 കോടിയിലേറെ രൂപ നിഷ്‌ക്രിയ ആസ്തിയായി മാറഇയിരുന്നു. ഒരേ വസ്തു തന്നെ ഈടായി നല്‍കി അന്‍വര്‍ ഒന്നിലധികം വായ്പകള്‍ തരപ്പെടുത്തിയെന്നും ഇഡി കണ്ടെത്തിയിരുന്നു. അതേസമയം, വായ്പ തിരിച്ചടവ് വരുത്തിയ അന്‍വറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇഡി വിശദമായി അന്വേഷിച്ചപ്പോള്‍ 2016 ല്‍ 14.38 കോടി രൂപയായിരുന്ന ആസ്തി മൂല്യം 2021 ല്‍ 64 കോടി കടന്നു. ഇതും അന്വേഷണത്തില്‍ നിര്‍ണായകമായി.




