- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൻവറിന് മുമ്പിൽ കോടതി വിധിയും മുട്ടുമടക്കുന്നോ? നിലമ്പൂർ എംഎൽഎയുടെയും കുടുംബത്തിന്റെയും മിച്ചഭൂമി അഞ്ചു മാസത്തിനകം തിരിച്ചു പിടിക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനവും വിലപ്പോയില്ല; അൻവറിനായി അട്ടിമറിച്ചത് രണ്ട് ഹൈക്കോടതി ഉത്തരവുകൾ; ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടി പരാതി
മലപ്പുറം:പി.വി അൻവർ എംഎൽഎയുടെയും കുടുംബത്തിന്റെയും മിച്ചഭൂമി അഞ്ചു മാസത്തിനകം തിരിച്ചുപിടിക്കാനുള്ള ഹൈക്കോടതി കോടതി അലക്ഷ്യ ഉത്തരവും സർക്കാർ അട്ടിമറിച്ചുവെന്നും അൻവറിനു വേണ്ടി അട്ടിമറിച്ചത് രണ്ട് ഹൈക്കോടതി ഉത്തരവുകളാണെന്നും ചൂണ്ടിക്കാണിച്ച് ഭരണഘടനാ ലംഘനത്തിനെതിരെ ഗവർണർക്ക് പരാതി. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി അൻവർ എംഎൽഎ സ്വന്തമാക്കിയ മിച്ചഭൂമി അഞ്ചു മാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി കോടതി അലക്ഷ്യ കേസിലെ ഉത്തരവ് ഒരു വർഷവും രണ്ട് മാസമായിട്ടും നടപ്പാക്കാതെ സർക്കാർ ഭരണഘടനാതത്വങ്ങൾ ലംഘിക്കുന്നതിൽ നടപടിയാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകുമെന്ന് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ. വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജിയാണ് കോടതി അലക്ഷ്യകേസിലെ ഉത്തരവുപോലും പാലിക്കാത്ത സർക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെ ഭരണത്തലവനായ ഗവർണറെ സമീപിക്കുന്നത്.
ഒരേ വിഷയത്തിൽ രണ്ട് ഹൈക്കോടതി ഉത്തരവുകളുണ്ടായിട്ടും ഒരു എംഎൽഎക്കുവേണ്ടി അത് നടപ്പാക്കാത്തത് കേരള ചരിത്രത്തിൽ ആദ്യത്തേതാണ്. ഇടതുപക്ഷം അതിന്റെ ചരിത്രപരമായ നിയമമായി വാഴ്‌ത്തുന്ന ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചാണ് ഇടതുപക്ഷ എംഎൽഎയായ പി.വി അൻവർ പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നത്. പി.വി അൻവർ എംഎൽഎയും കുടുംബവും കൈവശം വെക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്നാണ് കെ.വി ഷാജി സമർപ്പിച്ച കോടതി അലക്ഷ്യഹർജിയിലാണ് 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടത്.
2021 ഡിസംബർ 31ന് താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ നടത്തിയ വിചാരണയിൽ പി.വി അൻവർ ഹാജരാകാതിരുന്നത് നടപടി അനന്തമായി നീട്ടികൊണ്ടുപോകാനുള്ള നീക്കമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് 2022 ജനുവരി 1 മുതൽ അഞ്ചുമാസത്തിനകം നടപടികൾ പൂർത്തീകരിച്ച് മിച്ചഭൂമി തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിട്ടത്.
ഷാജിയുടെ ഹരജിയിൽ അൻവറിന്റെയും കുടുംബത്തിന്റെയും മിച്ചഭൂമി 6 മാസത്തിനകം തിരിച്ചുപിടിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് വീണ്ടു കോടതി അലക്ഷ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 5 മാസത്തിനകം മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന കോടതി അലക്ഷ്യഹർജി ഉത്തരവും സർക്കാർ പാലിക്കാത്തതോടെയാണ് നിയമവാഴ്ച അംഗീകരിക്കാത്ത സർക്കാർ നിലപാടിനെതിരെ ഭരണഘടനാ പ്രശ്‌നം ഉയർത്തി ഗവർണറെ സമീപിക്കുന്നത്.
ഹൈക്കോടതി ഉത്തരവ് പാലിക്കാൻ ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള സർക്കാർ സ്വന്തം മുന്നണി എംഎൽഎയെ സംരക്ഷിക്കാൻ ഭരണഘടനാപരമായ കടമയിൽ വീഴ്ച വരുത്തുകയും അധികാര ദുർവിനിയോഗം നടത്തി പി.വി അൻവർ എംഎൽഎയെ സംരക്ഷിക്കുകയുമാണ്. പി.വി അൻവർ എംഎൽഎ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്നും മത്സരിച്ചപ്പോൾ 226.82 എക്കർഭൂമി കൈവശം വെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് സ്ഥലം രേഖപ്പെടുത്തിയതിൽ വന്ന ക്ലറിക്കൽ പിഴവാണെന്ന് പറഞ്ഞ് രംഗത്തെത്തി.
മലപ്പുറം, കോഴിക്കോട് കളക്ടർമാർ 2017ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ പി.വി അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം അൻവറിനതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോർഡ്, താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാന് ഉത്തരവു നൽകിയിരുന്നു. എന്നാൽ ഉത്തരവിറങ്ങി മൂന്ന് വർഷം കഴിഞ്ഞിട്ടും എംഎൽഎക്കെതിരെ കേസെടുത്തിരുന്നില്ല. ഇതോടെയാണ് നടപടിയാവശ്യപ്പെട്ട് ഷാജി ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി രണ്ട് തവണ അൻവർ എംഎൽഎയുടെ മിച്ച ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിട്ടിട്ടും സർക്കാർ നടപടിയെടുക്കാത്തത് ഭൂപരിഷ്‌ക്കരണ നിയമം കൊണ്ടുവന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നയനിലപാടുകളോടുള്ള വെല്ലുവിളിയാണ്. താമരശേരി ലാന്റ് ട്രെബ്യൂണൽ നടപടി നടക്കുന്നതിനിടെ തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസിലെ 2005ലെ 132-ാം നമ്പർ ആധാരപ്രകാരം പി.വി അൻവറിന് അവകാശപ്പെട്ട കക്കാടംപൊയിലിലെ പിവീആർ നാച്വറോ റിസോർട്ട് നിൽക്കുന്ന 90.30 സെന്റ് ഭൂമി 2021ലെ 1351 ആധാരപ്രകാരം കരാറുകാരനായ മലപ്പുറം ജില്ലയിലെ എരഞ്ഞിമങ്ങാടുള്ള ഷെഫീഖ് ആലുങ്ങൽ എന്നയാൾക്ക് വിൽപന നടത്തി. ഇതിനു ശേഷം ലാന്റ് ബോർഡിൽ സമർപ്പിച്ച സ്റ്റേറ്റ്‌മെന്റിൽ വസ്തു അൻവറിന്റെ ഉടമസ്ഥതയിലാണെന്ന് സമ്മതിക്കുകയും ചെയ്തു.
പലഭൂമികളും ബിനാമികളുടെ പേരുകളിലേക്ക് മാറ്റുകയും ചെയ്തു. ഇത്തരത്തിൽ അൻവറിന്റെ ഭൂമി കൈമാറ്റം തടയാൻ സബ് രജിസ്ട്രാർ മാർക്ക് ഉത്തരവ് നൽകണമെന്ന പരാതിയും പരിഗണിക്കാതെ താമരശേരി ലാന്റ്‌ബോർഡും സർക്കാരും പി.വി അൻവറിനെ വഴിവിട്ട് സഹായിക്കുകയാണ്. ആദിവാസികളും ഭൂരഹിതരും ദലിതരും പാവപ്പെട്ടവരും വീടുവെക്കാൻ ഒരു തുണ്ടുഭൂമിക്കായി അലയുമ്പോഴാണ് നിയമസഭ പാസാക്കിയ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് മിച്ചഭൂമി കൈവശം വെക്കുന്ന പി.വി അൻവർ എംഎൽഎയുടെയും കുടുംബത്തിന്റെയും അധികഭൂമി തിരിച്ചുപിടിക്കണമെന്ന് രണ്ടു തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കർ നടപടിയെടുക്കാതെ ഭൂ മാഫിയയായ പി.വി അൻവറിനെ സംരക്ഷിക്കുന്നത്. ഇത് കേരളത്തിലെ ഭൂ രഹിതരോടും ആദിവാസികളോടുമുള്ള വെല്ലുവിളിയാണെന്നും വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജി പറഞ്ഞു.