കോഴിക്കോട്: കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയിൽ നിന്നും ഐജി പി വിജയനെ നീക്കി. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ അന്വേഷണത്തിൽ എടിഎസ് സംഘത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. എന്നാൽ അന്വേഷണത്തിൽ വിജയന് വലിയ റോളുണ്ടായിരുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ക്രമീകരണം അട്ടിമറിച്ച് ദീപക് ധർമ്മടം എന്ന മാധ്യമ പ്രവർത്തകൻ എത്തിയത് വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് വിജയനെ മാറ്റുന്നത്.

സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തർക്കമാണ് മാറ്റത്തിന് കാരണമെന്നാണ് വിവരം. പൊതുമേഖലാ സ്ഥാപനമായ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസിന്റെ എംഡിയുമായിരുന്നു പി വിജയൻ. ഈ ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കിയിട്ടുണ്ട്.എലത്തൂർ തീവണ്ടി ആക്രമണക്കേസ് എൻഐഎ ഏറ്റെടുത്തിരുന്നു. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയതിന് പിന്നാലെയായിരുന്നു കേസ് എൻഐഎ ഏറ്റെടുത്തത്.

കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതി ഷാരൂഖ് സെയ്ഫിക്ക് മതപരമായ തീവ്ര നിലപാടുകൾ ഉള്ളതുകൊണ്ടാണ് ഇത്തരം ആക്രമണം നടത്തിയതെന്നായിരുന്നു റിപ്പോർട്ട്. കേസിൽ യുഎപിഎ നിലനിൽക്കുമെന്ന പൊലീസ് നിഗമനം പരിഗണിച്ചാണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയത്.

അക്രമത്തിൽ തീവ്രവാദ ബന്ധത്തിന്റെ സൂചനകൾ ചൂണ്ടിക്കാട്ടി എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. സംഭവത്തിന് സംസ്ഥാനന്തര ബന്ധമുണ്ടെന്നും കേസിൽ വിശദ അന്വേഷണം വേണമെന്നുമുള്ള നിലപാടാണ് എൻഐഎ സ്വീകരിച്ചത്. കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ടാണ് കേന്ദ്ര സർക്കാരിന് എൻഐഎ സമർപ്പിച്ചത്.

തീവ്രവാദ ബന്ധമുള്ളതും സംശയിക്കുന്ന കേസുകൾ പോലും അന്വേഷിക്കേണ്ടത് എ.ടി.എസ് ആണ് . അതിനാണ് ഈ സംവിധാനം രൂപീകരിച്ചിരിക്കുന്നത്. എലത്തൂർ സംഭവത്തിൽ തുടക്കത്തിൽ തന്നെ കേസിന്റെ ഗൗരവം കണക്കിലെടുത്ത് സ്ഥലം സന്ദർശിച്ചത് സംസ്ഥാന എ.ടി.എസ് മേധാവി പി.വിജയൻ ഐ.പി.എസ് ആണ്. തിരുവനന്തപുരത്തായിരുന്ന അദ്ദേഹം ഔദ്യോഗികപരിപാടി റദ്ദാക്കിയാണ് സംഭവ സ്ഥലത്ത് എത്തിയിരുന്നത്. ഇതിനു ശേഷം കോഴിക്കോട് പൊലീസ് ക്ലബിൽ എ.ടി.എസ് ഉദ്ദ്യോഗസ്ഥരുടെ യോഗം ചേരുകയും ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോവുകയും ചെയ്തു.

പ്രതിയുടെ ഭാഗിൽ നിന്നും ലഭിച്ച ഫോൺ , മറ്റ് തെളിവുകൾ മുൻ നിർത്തി അന്വേഷണം നടത്തി പ്രതിയിലേക്ക് എത്തിച്ചേർന്ന തെളിവുകൾ കണ്ടെത്തിയതും കേരള എ.ടി.എസിന്റെ സൈബർ ടീമാണ്. തുടർന്ന് ഡൽഹിയിലെ പ്രതിയുടെ വസതിയിൽ ഉൾപ്പെടെ എത്തിയതും കേരള എ.ടി.എസ് ആണ്. മറ്റു സംസ്ഥാനങ്ങളിലെ എ.ടി.എസ് വിഭാഗങ്ങളെ വിവരമറിയിച്ച് പ്രതിക്കായി വലവീശിയതും കേരള എ.ടി.എസ് മുൻ കൈ എടുത്താണ്. ഈ സമയത്ത് പ്രത്യേക അന്വേഷണ സംഘം പ്രവർത്തനം തുടങ്ങിയിരുന്നു പോലുമില്ല. പിന്നീട് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ സേനയ്ക്കുള്ളിൽ ഉണ്ടായിരുന്നു.

ദീപക് ധർമ്മടം എന്ന റിപ്പോർട്ടർക്ക് അതീവ സുരക്ഷയിൽ പ്രതിയെ മെഡിക്കൽ പരിശോധന നടത്തുമ്പോൾ സമീപത്തെത്താൻ എങ്ങനെ കഴിഞ്ഞു എന്നത് ചർച്ചയായിരുന്നു. പൊലീസിലെ ഉന്നതന്റെ സഹായം ഇതിന് കിട്ടിയിരുന്നു. മികച്ച ട്രാക്ക് റെക്കോർഡുള്ള ഷൗക്കത്തലിയാണ് എ.ടി.എസ് എസ്‌പി. ഇദ്ദേഹം മുൻപ് എൻ.ഐ.എ എസ്‌പി ആയിരുന്നപ്പോൾ കാണിച്ച അന്വേഷണ മികവും ശ്രദ്ധേയമാണ്. എന്നിട്ടും എന്തിനാണ് പ്രത്യേക അന്വേഷണ സംഘമുണ്ടാക്കിയതെന്ന ചർച്ചകൾ സജീവമായിരുന്നു. ഇതിനിടെയാണ് പി വിജയനെ മാറ്റുന്നത്. ഇതിന് പിന്നിലും എലത്തൂരിലെ അസ്യാരസ്യങ്ങളാണെന്നാണ് സൂചന.