- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലത്തൂരിലെ പ്രതിയുടെ ഫോട്ടോ ചോർന്നത് പ്രത്യേക അന്വേഷണ സംഘം എത്തിയതിന് ശേഷം; മഹാരാഷ്ട്രയിലെ എടിഎസ് പിടിച്ചപ്പോൾ തന്നെ ചിത്രം മാധ്യമങ്ങളിലെത്തി; എന്നിട്ടും പഴി വിജയന്! ഐപിഎസിലെ ജനകീയ മുഖത്തെ വെട്ടുന്നത് സെക്രട്ടറിയേറ്റിലെ രാഷ്ട്രീയ ഉന്നതനും സിഐടിയുവും ചേർന്ന്; കേരളാ പൊലീസിൽ 'അടി' സജീവം
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പു കേസ് ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) വിട്ടതിനു പിന്നാലെ കേരള പൊലീസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ചുമതലയിൽ നിന്ന് ഐജി പി.വിജയനെ മാറ്റുന്നതിന് പിന്നിൽ സിഐടിയുവിന്റെ ഇടപെടൽ. ദേവസ്വം ബോർഡിലെ മുതൽ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിലെ വരെ ശത്രുക്കൾ വിജയനെതിരെ ഒരുമിച്ചു. ഇതോടെയാണ് മാറ്റം സംഭവിച്ചത്. എലത്തൂർ തീവയ്‌പ്പ കേസിലെ അന്വേഷണത്തിനിടെ ചില അട്ടിമറികൾ നടന്നുവെന്ന് വിജയൻ വിലയിരുത്തിയിരുന്നു. ഇതെല്ലാം സർക്കാരിന് പ്രതിഷേധമായി.
പൊതുമേഖലാ സ്ഥാപനമായ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ് ) മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കി. പകരം നിയമനം നൽകിയില്ല. സംസ്ഥാന പൊലീസ് മേധാവി മുൻപാകെ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം. ഐജി റാങ്കിലെ ഉദ്യോഗസ്ഥനോട് ഡിജിപി മുൻപാകെ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചുള്ള ഉത്തരവ് അസാധാരണമാണ്. പുതിയ നിയമനം പ്രത്യേക ഉത്തരവായി ഇറക്കും. കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യക്ക് എടിഎസിന്റെ പൂർണ അധികച്ചുമതല നൽകി. ഈ അപ്രതീക്ഷിത നീക്കത്തിൽ സേനയിലെ ഒരു വിഭാഗം അതൃപ്തരാണ്.
പ്രധാനമന്ത്രിയുടെ സുരക്ഷാ റിപ്പോർട്ട് ചോർന്നതും പൊലീസിലെ ഭിന്നതയാണെന്നാണ് വിലയിരുത്തൽ. പൊലീസ് മേധാവിയാകാനുള്ള ചിലരുടെ താൽപ്പര്യം. ഇതേ താൽപ്പര്യക്കാർ തന്നെയാണ് വിജയനേയും വെട്ടുന്നത്. സെക്രട്ടറിയേറ്റിലെ രാഷ്ട്രീയ ഉന്നതർ ഇതിന് പിന്നിൽ ചരടു വലികൾ നടത്തുന്നുണ്ട്. പൊലീസിൽ താക്കോൽ സ്ഥാനം ആഗ്രഹിക്കുന്നവർക്കും വിജയനോട് താൽപ്പര്യമില്ല. ഇതെല്ലാം വിജയനെ മാറ്റുന്നതിന് കാരണമായി. ഇതോടെ പൊലീസിൽ അഭിപ്രായ ഭിന്നതകൾ പുതിയ തലത്തിലെത്തിക്കും.
പൊലീസിന്റെ പുണ്യം പൂങ്കാവനം പദ്ധതി സംബന്ധിച്ച പരാതികൾ, കെബിപിഎസിലെ സിഐടിയു ഇടപെടലുകൾ, തീവയ്പു കേസിലെ പ്രതിയുടെ ചിത്രം ചോർന്നത് തുടങ്ങിയവ വിജയന്റെ മാറ്റത്തിനു കാരണമായെന്നാണ് വിവരം. ട്രെയിൻ തീവയ്പു കേസിൽ പ്രതിയായ ഷാറുഖ് സെയ്ഫിയുടെ വിവരങ്ങളും ചിത്രവും ആദ്യദിവസം തന്നെ പുറത്തു വന്നത് സർക്കാരിനെ ചൊടുപ്പിച്ചത്രേ. എന്നാൽ പ്രതിയുടെ അറസ്റ്റിന് ശേഷമാണ് വിവരം പുറത്തു വന്നത്. ഷാറൂഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം കണ്ടിരുന്നു. ഇതിന് ശേഷം പ്രതി മൊഴി മാറ്റുകയും ചെയ്തു. ഈ ചോദ്യം ചെയ്യൽ പോലും പ്രത്യേക അന്വേഷണ സംഘമാണ് നടത്തിയത്.
ഷാറൂഖിന്റെ രേഖാ ചിത്രം അതിവേഗം തയ്യാറാക്കിയ എടിഎസ് മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ നീക്കമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ഇതിനിടെ എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമെത്തി. ഇതോടെ വിജയൻ അപ്രസക്തനായി എന്നതാണ് വസ്തുത. സാധാരണ ചുറ്റുപാടിൽ നിന്ന് പഠന മികവിൽ ഐപിഎസ് നേടിയ വിജയൻ കേരളത്തിലെ ജനപ്രിയ പൊലീസ് ഉദ്യോഗസ്ഥനാണ്. പമ്പയെ വൃത്തിയാക്കാനുള്ള പുണ്യം പൂങ്കാവനവും വിജയന്റെ ആശയമാണ്. സ്‌കൂൾ പൊലീസ് കേഡറ്റുകളുടെ കാര്യത്തിലും വിജയന്റെ ഇടപെടലുകളാണ് വിജയത്തിലെത്തിയത്. ദേശീയ തലത്തിൽ പോലും ഇതെല്ലാം ചർച്ചയായി. അത്തരമൊരു ഉദ്യോഗസ്ഥനെയാണ് സർക്കാർ സ്ഥലം മാറ്റുന്നത്.
എലത്തൂരിൽ തിരിച്ചറിയൽ പരേഡിനു മുൻപു പ്രതിയുടെ ചിത്രം പുറത്തുപോയതു ഗുരുതര വീഴ്ചയായി. പ്രതിയുമായി കേരള പൊലീസിന്റെ യാത്രാവിവരം ചോർന്നതും പ്രതിയുടെ ദൃശ്യങ്ങൾ ടിവി ചാനൽ പകർത്തി പുറത്തുവിട്ടതും വീഴ്ചയായി. ഈ സമയത്ത് പ്രത്യേക അന്വേഷണസംഘം ചുമതലകൾ ഏറ്റെടുത്തിയിരുന്നു. പ്രതിയെ പടികൂടിയത് മഹാരാഷ്ട്രയിലാണ്. കേരളാ പൊലീസിന് അതിൽ പങ്കില്ലായിരുന്നു. മഹാരാഷ്ട്രയിൽ പ്രതി പിടിയിലായപ്പോൾ തന്നെ ഫോട്ടോ പുറത്തു വന്നിരുന്നു. ഇതാണ് വിജയന്റെ തലയിലേക്ക് ചിലർ വച്ചു കെട്ടിയത്.
വിജയൻ നേതൃത്വം നൽകിയ പുണ്യം പൂങ്കാവനം പദ്ധതിയിലെ സാമ്പത്തിക ഇടപാടുകളും വിവാദമായിരുന്നു. 2 പൊലീസുദ്യോഗസ്ഥർ സസ്‌പെൻഷനിലാവുകയും ചെയ്തു. പദ്ധതി സംബന്ധിച്ച് ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടിയിട്ടുമുണ്ട്. കെബിപിഎസ് കൃത്യസമയത്ത് കേരള ലോട്ടറി ടിക്കറ്റ് അച്ചടിച്ചു നൽകിയില്ലെന്ന് ലോട്ടറി ഡയറക്ടർ പരാതി ഉന്നയിച്ചിരുന്നു. ഇതെത്തുടർന്ന് 10 കരാർ ജീവനക്കാരെ ഒഴിവാക്കിയതിൽ സിഐടിയുവിനും പരാതിയുണ്ടായിരുന്നു. ഇതെല്ലാം പി വിജയന് വിനയായി.
മറുനാടന് മലയാളി ബ്യൂറോ