- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കുന്ന കാലത്തു തന്നെ കെട്ടിടം പണിക്കു പോയി; കൂട്ടുകാർ പത്താം ക്ലാസ് പരീക്ഷയെഴുതുമ്പോൾ പത്തിൽ പഠിപ്പു നിർത്തി കോഴിക്കോട്ടെ പുത്തൂർമഠമെന്ന ഗ്രാമത്തിൽ കല്ലുചെത്തി ചുമരു കെട്ടി! ആ പതിനഞ്ചുകാരനെ ഐപിഎസാക്കിയത് കഠിനാധ്വാനം; മനസ്സുണ്ടോ വഴിയുണ്ടെന്ന് വിശ്വസിച്ച കാക്കിക്കുള്ളിലെ നന്മമരം; 2015ലെ താരത്തിന് 2023ൽ സസ്‌പെൻഷൻ; കല്ലും മണ്ണും ചുമന്ന സത്യസന്ധത പിണറായി കാണാതെ പോകുമ്പോൾ
മുബൈ: 2015ൽ ഐബിഎൻ ചാനലിന്റെ പേഴ്സൺ ഓഫ് ദി ഇയർ പോപ്പുലർ ചോയിസ് പുരസ്‌കാരം മലയാളി ഐപിഎസ് ഓഫീസർ പി. വിജയനായിരുന്നു. ഓൺലൈൻ വോട്ടെടുപ്പിൽ ഒന്നാമത് എത്തിയാണ് വിജയൻ പുരസ്‌കരം നേടിയത്. യുവത്വത്തിലാണ് കേരളത്തിന്റെ ഭാവി എന്ന് വിശ്വസിക്കുകയും യുവാക്കളിലെ നേതൃപാഠവം വളർത്തിയെടുക്കുന്നതിന് ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത കാര്യങ്ങൾ പരിഗണിച്ചാണ് പൊലീസ് ഓഫീസറായ വിജയനെ അവാർഡ് നൽകി ആദരിച്ചത്. അങ്ങനെ രാജ്യത്താകെ ചർച്ചയായ ഐപിഎസ് ഉദ്യോഗസ്ഥൻ. ദേശീയ തലത്തിൽ നടന്ന വോട്ടിംഗിൽ സുറ്റുഡന്റ് കേഡറ്റ് പൊലീസിന്റെ സൂത്രധാരൻ ഒന്നാമത് എത്തി. വൻ പേരുകളെയാണ് വോട്ടെടുപ്പിൽ വിജയൻ പിന്തള്ളിയത്. ഈ വിജയനെയാണ് പിണറായി സർക്കാർ 2023ൽ സസ്‌പെന്റ് ചെയ്യുന്നത്.
പത്താം ക്ലാസ് പരീക്ഷ എഴുതാതെ പഠനം നിർത്തി പണിക്കിറങ്ങുമ്പോൾ ആ പതിനഞ്ചു വയസുകാരന്റെ മനസിൽ ഒരു ആഗ്രഹമേയുണ്ടായിരുന്നുള്ളൂ നല്ലൊരു കെട്ടിടം പണിക്കാരനാകണം. കഠിനാധ്വാനം അവനെ മറ്റൊന്നാക്കി. ഐപിഎസുകാരൻ. ആ പതിനഞ്ചുകാരനാണു പി വിജയൻ. കേരളത്തിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവൻ എന്ന പദവിയിൽ വരെ എത്തി വിജയൻ. എലത്തൂരിലും അതിശക്തമായ അന്വേഷണമാണ് വിജയൻ നടത്തിയത്. പ്രതി പിടിയിലുമായി. ഇതോടെ വിജയന്റെ കഷ്ടകാലം തുടങ്ങി. പൊലീസിലെ ചേരി പോരുകൾ കാരണം വിജയന് തൽകാലം തൊപ്പി പോയി. വിജയനെ സസ്‌പെന്റ് ചെയ്യുകയാണ് പിണറായിയിൽ നിന്നുള്ള വിജയന്റെ ആഭ്യന്തര വകുപ്പ്. സത്യസന്ധമായി ജോലി ചെയ്തതിനുള്ള പ്രതിഫലമാണ് വിജയന്റെ സസ്‌പെൻഷൻ എന്ന വിലയിരുത്തൽ സജീവമാണ്.
ഐബിഎൻ ചാനൽ അവാർഡിൽ പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ സൗമ്യ വ്യക്തിത്വത്തിന് ഉടമയായ വിജയന്റെ നേട്ടം തീർത്തും അപ്രതീക്ഷിതമായിരുന്നു. ഓൺലൈൻ വോട്ടെടുപ്പിലെ പിന്തുണ മാത്രമാണ് വിജയനെ തുണച്ചത്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് പണത്തിന്റയും അധികാരത്തിന്റെ തണലിലും ഉന്നത സ്ഥാനത്തെത്തിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ കഥയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് പി വിജയന്റേത്. കഠിനമായ ജീവിത യാഥാർത്ഥ്യങ്ങളോട് പടവെട്ടിയാണ് അദ്ദേഹം ഉന്നത സ്ഥാനത്ത് എത്തിയത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ വിജയൻ പൊലീസ് സർവീസിൽ എത്തിയത് അതിയായ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമായിരുന്നു. ഈ മനസ്സിനെയാണ് പിണറായി സസ്‌പെൻഷനിലൂടെ തകർക്കുന്നത്.
പൊലീസ് സർവീസെന്ന മോഹത്തിന് വിജയന് തടസമായി നിന്നത് പണമായിരുന്നു. എന്നാൽ തോൽക്കാൻ മനസില്ലാത്തതിനാൽ കല്ലും മണ്ണും ചുമന്ന് പണം സമ്പാദിച്ചാണ് ഒടുവിൽ കാക്കികുപ്പായത്തിൽ രാഷ്ട്രസേവനത്തിന് ഇറങ്ങിയത്. കുടുംബത്തിലെ സാഹചര്യങ്ങളാൽ പത്താംക്ലാസിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ട ഘട്ടം വരെയുണ്ടായി വിജയന്റെ ജീവിതത്തിൽ. എന്നാൽ ഇത് എന്റെ വിധി എന്ന് പറഞ്ഞിരിക്കാൻ അദ്ദേഹം തയ്യാറായില്ല. പോരാളിയുടെ മനസിന് ഉടമയായ അദ്ദേഹം തൊഴിലെടുത്ത് വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തി. അധ്വാനത്തിന്റെ മഹത്വം അറിഞ്ഞുകൊണ്ട് തന്നെ ഉന്നത ബിരുദങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1999 ബാച്ചിൽ ഐപിഎസ് ഉദ്യോഗസ്ഥനായി മാറിയ പി വിജയൻ കേരളത്തിലെ സുപ്രധാന നഗരങ്ങളിലെ സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനം വഹിച്ചിട്ടുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥയായ എം ബീനയാണ് പി വിജയൻ ഐപിഎസിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. തൊഴിൽപരമായ കടമൾ നിറവേറ്റുന്നതിനൊപ്പം രാജ്യത്തിന് തന്നെ മാതൃകയായ 14 പദ്ധതികളുടെ അമരക്കാരനാകാൻ വിജയൻ ഐപിഎസിന് സാധിച്ചിട്ടുണ്ട്. രാജ്യത്തോട് കടമയുള്ള, നിയമപരിജ്ഞാനമുള്ള പുതുതലമുറയെ വാർത്തെടുക്കാനായി തുടങ്ങിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ പ്രശസ്തി കടൽകടക്കുകയുണ്ടായി. 2006 ൽ കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് സ്റ്റിഡന്റ് കേഡറ്റ് പദ്ധതി ആവിഷ്‌ക്കരിച്ചത്. അത് വമ്പൻ വിജയമായി. കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കിയ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങലിലേക്കും എത്തി.
ഇത് കൂടാതെ കുട്ടികളിലെ അക്രമവാസന അവസാനിപ്പിക്കാനും മിടുക്കന്മാരായ കുട്ടികൾക്ക് പ്രോത്സാഹനം നൽകാനുമായി ആവിഷ്‌ക്കരിച്ച പ്രത്യേക പദ്ധതിയുടെ ആസൂത്രകനും പി വിജയൻ ആയിരുന്നു. 'ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ' എന്ന പദ്ധതിയും ഏറെ കൈയടികൾ നേടിയിരുന്നു. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തെളിയിപ്പിക്കപ്പെട്ട ഷാഡോ പൊലീസിങ് സംവിധാനം ഏർപ്പെടുത്തിയതും ഈ ഉദ്യോഗസ്ഥന്റെ മിടുക്കായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആയിരിക്കേയായിരുന്നു ഈ സംവിധാനം തുടങ്ങിയത്. സർക്കാർ ഏറ്റെടുത്ത പദ്ധതികൾക്ക് പുറമേ സുഹൃത്തുക്കളുടെ നേതൃത്വത്തിലും കുട്ടികൾക്ക് വേണ്ടിയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിരുന്നു. നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന പദ്ധതിയും വിജയമായി. കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന പദ്ധതി തുടങ്ങാനും അദ്ദേഹത്തിന് സാധിച്ചു.
ശബരിമലയിൽ സ്പെഷ്യൽ ഓഫീസറായിരുന്ന വേളയിലും തന്റേതായ വ്യക്തമുദ്ര പതിപ്പിച്ച പരിപാടി സംഘടിപ്പിക്കാൻ വിജയന് സാധിച്ചു. പുണ്യം പൂങ്കാവനം എന്ന പദ്ധതിയെ ഹൈക്കോടതി പോലും പ്രശംസിച്ചത് ഈ ഉദ്യോഗസ്ഥന്റെ ആത്മാർത്ഥയ്ക്ക് ലഭിച്ച അംഗീകാരമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ഇടതുമുന്നണി സർക്കാർ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ പി വിജയന്റെ നേതൃപാഠവം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പതിനായിരങ്ങൾ അണിനിരന്ന സമരത്തെ നിയന്ത്രിക്കുക എന്നത് പൊലീസിന് ഏറ്റവും ശ്രമകരമായ ജോലിയായിരുന്നു. എന്നാൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രശംസ നേടിക്കൊണ്ടാണ് പൊലീസിന്റെ ഇടപെടൽ ഈ സമരത്തിൽ ഉണ്ടായിരുന്നത്. ജനങ്ങളുടെയും സമരക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ വിജയൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് സാധിച്ചിരുന്നു.
പഠിക്കുന്ന കാലത്തു തന്നെ വിജയൻ കെട്ടിടം പണിക്കു പോയിരുന്നു. കൂട്ടുകാർ പത്താം ക്ലാസ് പരീക്ഷയെഴുതുമ്പോൾ വിജയൻ പത്തിൽ പഠിപ്പു നിർത്തി കോഴിക്കോട്ടെ പുത്തൂർമഠമെന്ന ഗ്രാമത്തിൽ കല്ലുചെത്തി ചുമരു കെട്ടുകയായിരുന്നു. കുറേനാളുകൾക്കു ശേഷം നാട്ടിൽ എസ്എസ്എൽസിക്കു രാത്രികാല ക്ലാസ് തുടങ്ങിയെന്നറിഞ്ഞപ്പോൾ പരീക്ഷ ഒരിക്കൽ കൂടി എഴുതാൻ ഒരു മോഹം മനസിലുദിച്ചു. ജോലി കഴിഞ്ഞു രാത്രി എട്ടു മുതൽ പത്തു മണി വരെ ക്ലാസ്. രണ്ടു മാസം മാത്രം ക്ലാസിലിരുന്ന വിജയൻ നന്നായി പഠിച്ചുതന്നെ പരീക്ഷയെഴുതി. ശരാശരി മാർക്കോടെ ജയം. പ്രീഡിഗ്രിക്കു ചേർന്നപ്പോഴും കോളജിൽ പോയില്ല, കൂലിപ്പണി ചെയ്തു. രണ്ടു വിഷയത്തിനു ട്യൂഷനു പോയി. നല്ല മാർക്കോടെ വിജയിച്ചു. ബിഎ ഇക്കണോമിക്‌സ് പഠിക്കാൻ കോളജിൽ ചേർന്നപ്പോൾ കെട്ടിടനിർമ്മാണം അവസാനിപ്പിക്കേണ്ടിവന്നു. പകരം, ബന്ധുവിനൊപ്പം സോപ്പ് നിർമ്മാണവും കിടക്ക നിർമ്മാണവും ആരംഭിച്ചു.
പുസ്തവായന വിജയന്റെ ശീലമായിരുന്നു. ആദ്യം ഒന്നും തലയിൽ കയറിയില്ല. പക്ഷേ, വായന നിർത്തിയില്ല. പതിയെ വലിയൊരു ലോകം വിജയനു മുന്നിൽ തുറന്നു. പരീക്ഷ കഴിഞ്ഞപ്പോഴേക്കും സോപ്പു കമ്പനി എട്ടുനിലയിൽ പൊട്ടി, വിജയൻ നല്ലനിലയിൽ പാസായി. തുടർന്ന് എംഎയും തുടർന്നു യുജിസി പരീക്ഷയും വിജയിച്ചു. കഷ്ടപ്പാടുകളിൽ നിന്നു പഠിച്ച് ഐഎഎസ് ആയ ഡോ.വി.പി.ജോയിയുടെ ജീവിതകഥ വായിച്ചതാണു ജീവിതത്തിൽ വഴിത്തിരിവായത്. ആദ്യത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഐഎഎസും ഐപിഎസുമൊന്നും ലഭിച്ചില്ല. കേന്ദ്ര സർവീസിൽ ചെറിയൊരു ജോലി. നിരാശനാകാതെ വീണ്ടും പരീക്ഷയെഴുതി. അത്തവണ ആർപിഎഫിൽ കിട്ടി. അതിനിടയിൽ കോളജ് അദ്ധ്യാപകനായും ഒരു കൈ നോക്കി.
പക്ഷേ, അപ്പോഴേക്കും താൻ ഏതു പരീക്ഷയിലും വിജയിക്കുമെന്ന അഹങ്കാരം വിജയന്റെ തലയ്ക്കു പിടിച്ചിരുന്നു. ആ ലഹരിയുമായി അടുത്ത തവണ സിവിൽ സർവീസ് പരീക്ഷയെഴുതിയെങ്കിലും എല്ലാ അഹങ്കാരവും ശമിപ്പിക്കുന്നവിധം തീരെ താഴ്ന്ന മാർക്ക് ആയിരുന്നു നേട്ടം. വിജയൻ അടുത്തതവണ പരീക്ഷയെഴുതി ഐപിഎസ് നേടി. പൊലീസുകാരെ പേടിയോടെ നോക്കിയിരുന്ന കുട്ടികളെ പൊലീസുകാരുടെ ചങ്ങാതിയാക്കിയ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചത്. നിങ്ങൾ ഏതു പശ്ചാത്തലത്തിൽ ജനിച്ചു എന്നുള്ളതല്ല, അനുകൂലമല്ലാത്ത സാഹചര്യത്തെ അനുകൂലമാക്കി മാറ്റുന്നതിലാണു വിജയിക്കുന്നത്' ഇതാണു വിജയന്റെ വിജയരഹസ്യം.
മറുനാടന് മലയാളി ബ്യൂറോ