തിരുവനന്തപുരം: ഇന്റലിജന്‍സ് എ.ഡി.ജി.പി: പി. വിജയനെതിരേ ഗുരുതര ആരോപണവുമായി എ.ഡി.ജി.പി: എം.ആര്‍. അജിത് കുമാര്‍ എത്തിയതിന്റെ ഞെട്ടലില്‍ കേരളാ പോലീസ്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ പി. വിജയന് പങ്കുണ്ടെന്ന് എസ്.പി: സുജിത് ദാസ് അറിയിച്ചിട്ടുണ്ടെന്നു സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ മൊഴിയില്‍ അജിത് കുമാര്‍ വിശദീകരിക്കുന്നു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന വിശദീകരമമാണ് സുജിത് ദാസ് നല്‍കുന്നതെന്നാണ് സൂചന. പോലീസിലെ മുതിര്‍ന്ന ഐപിഎസുകാരുടെ ഭിന്നത പുതിയ തലത്തിലേക്ക് എത്തിക്കുന്നതാണ് ഈ ആരോപണം.

താന്‍ ഇത്തരത്തില്‍ പി.വിജയനെതിരേ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സുജിത് ദാസിന്റെ വിശദീകരണം. പി. വിജയനെതിരേ ഒരക്ഷരം പറഞ്ഞിട്ടില്ല. എ.ഡി.ജി.പിയുടേതു വ്യാജ മൊഴിക്കു സമാനമാണെന്നും ചിന്തിക്കാത്ത കാര്യങ്ങളാണു അജിത് കുമാര്‍ പറഞ്ഞതെന്നും സുജിത് ദാസ് പറഞ്ഞു. ഇതോടെ പോലീസില്‍ വീണ്ടും അജിത് കുമാര്‍ വിരുദ്ധ വികാരം ശക്തമാകുകയാണ്. നിലവില്‍ ഇന്റലിജന്‍സ് എഡിജിപിയാണ് വിജയന്‍. പോലീസിലെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് വിജയന്‍ എത്താതിരിക്കാനുള്ള കരുതലാണ് ഈ ആരോപണമെന്ന വിലയിരുത്തലും സജീവമാണ്. അതിനിടെ ഈ വെളിപ്പെടുത്തലില്‍ വിജയന്‍ നിയമ നടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്. സര്‍ക്കാരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും.

എലത്തൂര്‍ തീവണ്ടി കത്തിക്കല്‍ കേസില്‍ പി. വിജയനെ സസ്പെന്‍ഡ് ചെയ്തത് അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. പിന്നീട് തെളിവില്ലാത്തതു കൊണ്ട് സര്‍വീസില്‍ തിരിച്ചെത്തി. അടുത്തിടെ വിവാദങ്ങളെത്തുടര്‍ന്ന് അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റി എ.ഡി.ജി.പി: മനോജ് ഏബ്രഹാമിനു ചുമതല നല്‍കിയിരുന്നു. ഇതോടെ ഒഴിവു വന്ന ഇന്റലിജന്‍സ് എ.ഡി.ജി.പി. പദവി പി. വിജയനാണ് സര്‍ക്കാര്‍ നല്‍കിയത്. സര്‍ക്കാര്‍ പ്രതിശ്ചായ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു മാറ്റങ്ങള്‍.

കേരളത്തിലെ ഏറ്റവും ജനകീയനായ പോലീസ് ഉദ്യോഗസ്ഥനായാണ് വിജയനെ പരിഗണിക്കുന്നത്. ജീവിത സാഹചര്യങ്ങളോട് പടവെട്ടി ഐപിഎസ് നേടിയ സാധാരണക്കാരന്‍. ആദ്യ വട്ടം പത്താം ക്ലാസ് ജയിക്കാന്‍ കഴിയാത്ത ജീവിത ദുരിതങ്ങളെയാണ് കഠിനാധ്വാനത്തിലൂടെ വിജയന്‍ മറികടന്നത്. സേനയില്‍ എത്തിയ ശേഷം അന്വേഷണ മികവു കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. സ്റ്റുഡന്റ് കേഡറ്റും ശബരിമലയിലെ പുണ്യം പൂങ്കാവനവും വലിയ ചര്‍ച്ചയായി. എന്നാല്‍ എഡിജിപി എംആര്‍ അജിത് കുമാറിന് വിജയനെ തീരെ താല്‍പ്പര്യമില്ലായിരുന്നു. ഈ താല്‍പ്പര്യക്കുറവാണ് മൊഴിയിലും പ്രതിഫലിക്കുന്നത്. ഒരു തെളിവുമില്ലാതെയാണ് അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് വിജയനെതിരെ ആരോപണം വരുന്നത്.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഐ.ജി. ആയിരിക്കെ പി. വിജയനു സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായാണ് ആരോപണം. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ മറ്റു ചില അംഗങ്ങള്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി സുജിത് ദാസ് അറിയിച്ചിരുന്നെന്നും ഇക്കാര്യം അറിഞ്ഞ ശേഷമാണു സ്വര്‍ണക്കടത്തിനെതിരേ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്നും അജിത് കുമാറിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് തെളിവുകളൊന്നും അജിത് കുമാര്‍ ഹാജരാക്കിയിട്ടില്ല. സുജിത് ദാസ് നിഷേധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ നിയമ പോരാട്ടം വിജയന്‍ ആലോചിക്കുന്നുണ്ട്. സര്‍ക്കാരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

അജിത് കുമാറിനു സ്വര്‍ണക്കടത്തുമായി ബന്ധമുള്ളതായി പി.വി. അന്‍വര്‍ എം.എല്‍.എ. ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നു ഡി.ജി.പിക്കു നല്‍കിയ വിശദീകരണത്തിലാണ് എം.ആര്‍. അജിത് കുമാര്‍, പി. വിജയനെതിരേ ആരോപണം ഉന്നയിച്ചത്. തനിക്കെതിരായ ആരോപണത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് അപ്പുറം വിജയനെ കുടുക്കുകയെന്ന ലക്ഷ്യവും മൊഴി നല്‍കലില്‍ എഡിജിപി പുറത്തെടുത്തുവെന്നാണ് വിലയിരുത്തല്‍.

എഡിജിപി പി.വിജയനെതിരായി എം.ആര്‍ അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ മൊഴിയില്‍ അടിമുടി ദുരൂഹതയാണ്. വിജയന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് മുന്‍ എസ്.പി സുജിത് ദാസ് പറഞ്ഞെന്ന അജിത് കുമാറിന്റെ മൊഴി ആഭ്യന്തര വകുപ്പോ ഡിജിപിയോ മുഖവിലയ്‌ക്കെടുത്തിട്ടില്ല. വിജയനെതിരായി തന്റെ മൊഴിയില്‍ ഒരു പരാമര്‍ശം പോലും സുജിത് ദാസും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയത്. പകരം ആ സ്ഥാനത്ത് ഇന്റലിജന്‍സ് മേധാവിയായിരുന്ന മനോജ് എബ്രഹാം വന്നതോടെ ഇന്റലിജന്‍സ് മേധാവിയായി ഇപ്പോള്‍ എഡിജിപിയായ പി വിജയനെ നിയമിക്കുകയും ചെയ്തു. അജിത് കുമാറിന്റെ മൊഴി മുഖവിലയ്‌ക്കെടുത്തിരുന്നെങ്കില്‍ വിജയനെ ഇന്റലിജന്‍സ് മേധാവി സ്ഥലത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കില്ലായിരുന്നു. അജിത് കുമാര്‍ വിജയനെതിരെ നല്‍കിയ മൊഴിയില്‍ ഒരു കഴമ്പുമില്ലെന്നാണ് ഡിജിപിയുടെയും ആഭ്യന്തര വകുപ്പിന്റെയും വിലയിരുത്തലെന്നാണ് സൂചന.