തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ തമ്മിലടിയായിരുന്നു ഇതുവരെ പിണറായി സര്‍ക്കാരിന് തലവേദന, ഇപ്പോള്‍, അത് ഐപിഎസ് തലത്തിലേക്കും എത്തിയിരിക്കുന്നു. യഥാര്‍ഥത്തില്‍ ഐപിഎസ് തലത്തില്‍, ചാരം മൂടി കിടക്കുന്ന ചില പ്രശ്‌നങ്ങളാണ് വീണ്ടും പൊന്തി വന്നിരിക്കുന്നത്.

പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ എഡിജിപി അഡിത് കുമാറിന് ക്ലീന്‍ ചിറ്റ് കിട്ടിയതിന് പിന്നാലെയാണ് മറ്റൊരു നീക്കം. എം.ആര്‍.അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന ഇന്റലിജന്‍സ് എഡിജിപി പി.വിജയന്റെ പരാതിയാണ് സര്‍ക്കാരിന് തലവേദനയാകുന്നത്. തനിക്കു കരിപ്പൂരിലെ സ്വര്‍ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് എം.ആര്‍.അജിത്കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി.വിജയന്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. അവിടം കൊണ്ടുതീരുന്നില്ല കാര്യങ്ങള്‍. എ.ഡി.ജി.പി. പി. വിജയന്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണ്. ഇക്കാര്യത്തില്‍ സമര്‍പ്പിച്ച പരാതിയില്‍ രണ്ടുമാസമായിട്ടും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണിത്. ഇതിനായി സര്‍ക്കാരിന്റെ അനുമതിതേടും.

ആരോപണങ്ങള്‍ക്കു പിന്നാലെ അജിത്കുമാറില്‍നിന്ന് പോലീസ് മേധാവി മൊഴി രേഖപ്പെടുത്തിയിരുന്നു. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ വിജയന് ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായി അജിത്കുമാര്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍, ഈ മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയന്‍ പോലീസ് മേധാവിക്ക് കത്തുനല്‍കി. അദ്ദേഹം ഈ കത്ത് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. മൊഴി സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു.

തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ്കാലത്ത് വിജയന്‍ നേതൃത്വം നല്‍കിയ ഭക്ഷണവിതരണ പരിപാടിയില്‍ മുജീബും ബന്ധപ്പെട്ടിരുന്നു. മാമി തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ 'നന്മ' എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാറിന്റെ മൊഴിയിലുണ്ട്. തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാര്‍ നല്‍കിയ മൊഴിയെന്നു കാട്ടിയാണ് വിജയന്‍ പരാതിനല്‍കിയത്.

സാധാരണനിലയില്‍ ഡിജിപിക്കു തന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന 2 മുതിര്‍ന്ന ഓഫിസര്‍മാര്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ പരാതി, 'ആവശ്യമായ' നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ച് ആഭ്യന്തരവകുപ്പിനു കൈമാറി. പി.വി.അന്‍വര്‍ എംഎല്‍എ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡിജിപി എസ്.ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിക്കായിരുന്നു എഡിജിപി അജിത്കുമാര്‍ ഇന്റലിജന്റ്സ് എഡിജിപി പി.വിജയനെതിരെ മൊഴി നല്‍കിയത്. പി.വിജയനും തീവ്രവാദവിരുദ്ധ സേനയിലെ ചില അംഗങ്ങള്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത്ദാസ് തന്നോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു മൊഴി. എന്നാല്‍ ഇത്തരം ഒരു വിവരവും അജിത്കുമാറിനോടു പറഞ്ഞിട്ടില്ലെന്നായിരുന്നു സുജിത് ദാസിന്റെ മറുപടി. ഇതോടെ വിവാദം പുതിയ തലത്തിലെത്തി. കള്ളമൊഴി ആരോപണവും സജീവമായി. മുമ്പ് പി വിജയനോട് പ്രതികാരത്തോടെ പെരുമാറിയ വ്യക്തിയാണ് അജിത് കുമാര്‍.

അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് പി.വിജയന്‍. കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതികളെ പിടികൂടി കേരളത്തിലേക്കു കൊണ്ടുവരുന്നതിനിടെ യാത്രാവിവരം ചില മാധ്യമങ്ങള്‍ക്കു വിജയന്‍ ചോര്‍ത്തിനല്‍കിയെന്നായിരുന്നു അജിത്തിന്റെ റിപ്പോര്‍ട്ട്. കേരള പൊലീസിലെ തീവ്രവാദവിരുദ്ധ സേനയുടെ തലവനായിരുന്ന വിജയനെ 2023 മേയില്‍ സസ്പെന്‍ഡ് ചെയ്തു. പിന്നീട് എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി. ഒരു തെറ്റും പി വിജയന്‍ ചെയ്തില്ലെന്നും വ്യക്തമായി.

സസ്പെന്‍ഷന്‍ അവലോകനം ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച 4 അംഗ സമിതിയും വിജയന് അനുകൂലമായാണു റിപ്പോര്‍ട്ട് നല്‍കിയത്. സര്‍വീസില്‍ തിരിച്ചെത്തിയ വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. പി.വി.അന്‍വര്‍ വിവാദത്തില്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയതോടെയുണ്ടായ അഴിച്ചുപണിയില്‍ പി.വിജയന്‍ ഇന്റലിജന്‍സ് മേധാവിയായി. ഇതിനിടെയാണ് അജിത് കുമാറിന്റെ മൊഴി പുറത്തു വന്നത്. ഇക്കാര്യത്തില്‍ പോലീസ് മേധാവി സാക്ഷിയാണ്. അതുകൊണ്ട് തന്നെ അജിത് കുമാറിന്റെ മൊഴിയില്‍ ഉത്തമ ബോധ്യം പോലീസ് മേധാവിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഫയല്‍ ആഭ്യന്തര വകുപ്പിന് നല്‍കിയത്.

എ.ഡി.ജി.പി. അജിത് കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന തീര്‍പ്പുമായി വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട് അനധികൃത സ്വത്ത് സമ്പാദനം, കുറഞ്ഞവിലയ്ക്ക് ഫ്ലാറ്റ് വാങ്ങി മറിച്ചുവിറ്റ് കള്ളപ്പണം വെളിപ്പിച്ചു, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം, മലപ്പുറം എസ്.പി. ക്യാമ്പിലെ മരംമുറി തുടങ്ങിയവയായിരുന്നു അജിത് കുമാറിനെതിരേയുള്ള പരാതി. പി.വി. അന്‍വര്‍ എം.എല്‍.എ.യാണ് ആരോപണം ഉന്നയിച്ചതും പരാതി നല്‍കിയതും. ഇതിലൊന്നിലും വസ്തുതയില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അന്വേഷണറിപ്പോര്‍ട്ട് ഉടന്‍ കൈമാറും. അജിത് കുമാറിനെ ഡി.ജി.പി.യാക്കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ്, ആരോപണങ്ങളില്‍ ക്ലീന്‍ചിറ്റ് നല്‍കുന്ന വിജിലന്‍സ് കണ്ടെത്തലും.

തൃശ്ശൂര്‍പ്പൂരം കലക്കിയെന്നതും ആര്‍.എസ്.എസ്. നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതും സംബന്ധിച്ചുള്ള ആരോപണം മാത്രമാണ് ഇനി അജിത് കുമാറിനെതിരേ ബാക്കിയുള്ളത്. ഇതിലും അദ്ദേഹത്തിന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്. ഇതിനിടെയാണ് വിജയന്റെ പരാതിയും ചര്‍ച്ചകളില്‍ വരുന്നത്.