- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുണം കിട്ടില്ലെന്ന വിലയിരുത്തലിൽ കേരളത്തിലെ നെൽ കർഷകർ
പാലക്കാട്: നെല്ലിന്റെ താങ്ങുവില കേന്ദ്രം കിലോയ്ക്ക് 23 രൂപയായി കേന്ദ്രം കൂട്ടിയെങ്കിലും അതിന്റെ ഗുണം മലയാളി കർഷകർക്ക് കിട്ടില്ലെന്ന് സൂചന. നിലവിൽ സംസ്ഥാനം നൽകിവരുന്ന പ്രോത്സാഹന വിഹിതവും ചേർത്ത് നെല്ലുവില കിലോയ്ക്ക് 29.37 രൂപയായി ഉയരേണ്ടതാണ്. നിലവിൽ കേരളത്തിലെ കർഷകർക്ക് ഇപ്പോൾ കിട്ടുന്ന സംഭരണ വില 28.20 രൂപയാണ്. ഇത് കൂടുതലാണെന്ന നിഗമനത്തിലാണ് കേരള സർക്കാർ. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കൂടുതൽ നൽകാൻ കഴിയാത്തത്.
2023 ജൂണിൽ 20.40 രൂപയായിരുന്ന താങ്ങുവില കേന്ദ്രം 21.83 രൂപയാക്കിയെങ്കിലും ഈ ആനുകൂല്യം സംസ്ഥാനത്തെ കർഷകർക്ക് കിട്ടിയില്ല. കേന്ദ്രം താങ്ങുവില കൂട്ടിയപ്പോൾ സംസ്ഥാനസർക്കാർ പ്രോത്സാഹനത്തുക ആനുപാതികമായി കുറച്ചു. ഇതോടെ സംഭരണ വില 28.20 ആയി തുടർന്നു. മുമ്പ് നൽകിയിരുന്ന പ്രോത്സാഹനവിഹിതമായ 7.80 രൂപ 6.37 രൂപയായി കുറയ്ക്കുകയാണ് സംസ്ഥാനം ചെയ്തത്. കേന്ദ്രം വീണ്ടും വില കൂട്ടുമ്പോഴും കേരളം ഈ പാത പിന്തുടരാനാണ് സാധ്യത. അങ്ങനെ വന്നാൽ കേരളത്തിലെ നെൽ കർഷകർക്ക് വില കൂടില്ല.
ഉത്പാദനച്ചെലവ് നാലുവർഷത്തിനിടെ മൂന്നിരട്ടിയായി ഉയർന്നതോടെ ചെറുകിട-ഇടത്തരം കർഷകർക്ക് നെൽക്കൃഷി വലിയ ബാധ്യതയായി മാറിയെന്നതാണ് യാഥാർത്ഥ്യം. എന്നാൽ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ബാധ്യത കുറയ്ക്കാൻ കേന്ദ്ര വിഹിതം കൂടുന്നതിനെ സമർത്ഥമായി ഉപയോഗിക്കുകായണ് പിണറായി സർക്കാർ. ഇത്തവണയും ഇതു തന്നെ സംഭവിക്കുമെന്ന് കർഷകർ കരുതുന്നു.
മുമ്പ് കേന്ദ്രം വില കൂട്ടിയിരുന്ന സമയത്ത് ആനുപാതികമായി സംസ്ഥാനവിഹിതവും കൂട്ടിയിരുന്നത് കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു. കൂട്ടിയില്ലെങ്കിലും വിഹിതം നിലനിർത്തണമെന്നാണ് കർഷകരുടെ ആവശ്യം. അങ്ങനെ വന്നാൽ പോലും കേന്ദ്രം കൂട്ടിയതിന്റെ ആനുകൂല്യം കർഷകർക്ക് കിട്ടും. കമ്മിഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസ് (സി.എ.സി.പി.) നിർദേശപ്രകാരം കഴിഞ്ഞ ഖാരിഫ് വിളക്കാലത്തെ (വേനൽക്കാല) ഉത്പാദനച്ചെലവ് കണക്കാക്കിയാണ് കേന്ദ്രം താങ്ങു വില കൂട്ടിയത്.
നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 117 രൂപ വർദ്ധിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകിയത്. സാധാരണ ഇനത്തിന് താങ്ങുവില ക്വിന്റലിന് 2300 രൂപയായും (പഴയ വില ക്വിന്റലിന് 2183രൂപ) ഗ്രേഡ് എ ഇനത്തിന് ക്വിന്റലിന് 2320 രൂപയായും (പഴയ വില ക്വിന്റലിന് 2203രൂപ) വർദ്ധിക്കും. എണ്ണക്കുരുക്കൾക്കും പയർ വർഗങ്ങൾക്കും മുൻവർഷത്തെ അപേക്ഷിച്ച് താങ്ങുവിലയിൽ ഉയർന്ന വർദ്ധന ശുപാർശ ചെയ്തിട്ടുണ്ട്. നൈഗർ വിത്തിനാണ് കൂടുതൽ (ക്വിന്റലിന് 983 രൂപ). എള്ളിന് ക്വിന്റലിന് 632 രൂപയും അർഹാർ പരിപ്പിന് ക്വിന്റലിന് 550 രൂപയും കൂടും. 2024-25 വിപണിവർഷത്തിലേക്കാണ് വില വർധിപ്പിച്ചിരിക്കുന്നത്.
സാധാരണ നെല്ല് ക്വിന്റലിന് 2,300 രൂപയും ഗ്രേഡ് എ തരത്തിന് 2,320 രൂപയുമാണ് മിനിമം താങ്ങുവില. 2023-24 വിപണിവർഷം യഥാക്രമം 2,183 രൂപയും 2,203 രൂപയുമായിരുന്നു. ഒരു കിലോഗ്രാം നെല്ലിന് 1.17 രൂപയാണ് ഉയർത്തിയിരിക്കുന്നത്. 50 പൈസ കിലോഗ്രാമിന് കൈകാര്യച്ചെലവായും നൽകും. കേരളത്തിൽ ഗ്രേഡ് തിരിച്ചല്ല നെല്ല് സംഭരണം. സാധാരണ നെല്ലിന്റെ താങ്ങുവിലയാണു സംസ്ഥാനത്തു നൽകുന്നത്.
23 വിളകൾക്ക് താങ്ങുവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് രണ്ടാം മോദി സർക്കാരിന്റെ കാലത്ത് കർഷകസമരം നടന്നത്. ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റ തിരിച്ചടിയും മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുന്നതിനു കാരണമായി.
കൂലി, യന്ത്രക്കൂലി, പാട്ടവാടക, വളം, വിത്ത്, ജലസേചനം എന്നിവ പരിഗണിച്ചാണ് മിനിമം താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്. 2018-19 വർഷത്തെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിരുന്ന വിലവർധനയാണ് കേന്ദ്രം നടപ്പിലാക്കുന്നത്. വിളകളുടെ ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങ് എങ്കിലും താങ്ങുവിലയായി ലഭിക്കണമെന്നാണ് കർഷകസംഘടനകളുടെ ആവശ്യം. എന്നാൽ ബജ്‌റയ്ക്ക് 77 ശതമാനവും പരിപ്പിന് 59 ശതമാനവും ഉഴുന്നിന് 52 ശതമാനവുമാണ് താങ്ങുവില ഏർപ്പെടുത്തിയിരിക്കുന്നത്. എണ്ണക്കുരുക്കൾക്ക് വൻ വർധന ഏർപ്പെടുത്തിയിട്ടുണ്ട്.