ദുബായ്: പ്രവാസി വ്യവാസയി സോഹൻ റോയിയുടേയും പ്രശസ്ത ഫാഷൻ, ഇന്റീരിയർ ഡിസൈനർ അഭിനി സോഹന്റേയും മകൾ നിർമ്മാല്യയും ഇറ്റാലിയൻ സ്വദേശി ഗിൽബെർട്ടോയും തമ്മിലുള്ള വിവാഹം പോയവാരം അത്യാർഭാഢപൂർവം ദുബായിൽ വെച്ചു നടന്നിരുന്നു. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്റ്റണിലെ വിദ്യാർത്ഥികളായിരുന്ന ഇരുവരും നേവൽ ആർക്കിടെക്ടുകളാണ്. അതുകൊണ്ട് തന്നെ ആർക്കിടെക്ടുകൾ തമ്മിലുള്ള ഈ വിവാഹം അതിഗംഭീരമാക്കാൻ ഒരുക്കങ്ങളും സജീവമായിരുന്നു. ഇതിനായി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മാതൃകയിൽ ദുബായിൽ കല്യാണ മണ്ഡപം സ്ഥാപിക്കാനായിരുന്നു ശ്രമം. ഇതിനു വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയെങ്കിലും അവസാന നിമിഷം അതിന് സാധിക്കാതെ വന്നു.

മുപ്പതു ബില്യൻ ഡോളറിന്റെ നിധിശേഖരമുള്ള ലോകത്തിലെ ഏറ്റവും വില കൂടിയ ക്ഷേത്രമായ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്വർണ്ണ പ്രഭ ഒട്ടും ചോർന്നു പോകാതെ അതേ രൂപത്തിൽ പണിതീർത്ത വിവാഹ മണ്ഡപമായിരുന്നു ശിൽപികകൾ തയ്യാറക്കിയത്. അൻപതോളം ശില്പികളുടെ നിരവധി മാസങ്ങൾ നീണ്ടു നിന്ന കരവിരുതിന്റെ ബാക്കിപത്രം. നാലു രാജ്യങ്ങളിലായി പന്ത്രണ്ടോളം ചടങ്ങുകളോടെ ഒരു വർഷം നീണ്ടു നിന്ന ലോകത്തിലെ ഏറ്റവും നീണ്ട വിവാഹാഘോഷമെന്ന ഖ്യാതി നേടിയ, പ്രശസ്തമായ ഒരു ഇന്തോ ഇറ്റാലിയൻ വിവാഹത്തിന്റെ പ്രധാന ചടങ്ങിനായൊരുക്കിയ സ്വർണ്ണ വർണ്ണത്തിലുള്ള ഏഴുനില മണ്ഡപം.

കൃത്യ സമയത്തിനു പണി തീർന്നെങ്കിലും, അൻപതിലധികം രാജ്യങ്ങളിൽ നിന്നെത്തിയ ആയിരത്തിനാണൂറോളം അതിഥികൾക്കതു പക്ഷേ ദർശിക്കാനുള്ള ഭാഗ്യം മാത്രമുണ്ടായില്ല. ഏഴു കണ്ടെയിനറുകളിലായി ഇന്ത്യയിൽ നിന്നും പുറപ്പെട്ട കപ്പൽ ദൂബായിലെത്താൻ മൂന്നു ദിവസം വൈകി. ഗുജറാത്തിൽ നിന്നും ദുബായിൽ നേരിട്ടെത്തേണ്ടിയിരുന്ന കപ്പൽ അവസാന നിമിഷം ബോംബെയിലേക്ക് വഴി തിരിച്ചു വിട്ടതായിരുന്നു കാരണം.

എയർ കാർഗോ ആയി മുംബൈയിൽ നിന്നും കൊണ്ടു വരുവാനുള്ള അവസാന നിമിഷ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ നാലു ദിവസങ്ങൾ കൊണ്ട് തിരുപ്പതി ക്ഷേത്ര മാതൃകയിൽ മറ്റൊരു മണ്ഡമുണ്ടാക്കി ചടങ്ങു ഭംഗിയായി നടത്തിയെങ്കിലും ചരിത്രമണ്ഡപം നേരിട്ടു കാണുവാനുള്ള അസുലഭ ഭാഗ്യം അതിഥികൾക്കും അതിലുപരി വേദിയൊരുക്കി ചരിത്രത്താളുകളിൽ ഇടം പിടിക്കാനുള്ള അവസരം ദുബായ്ക്കും നഷ്ടമായി.

അതേസമയം നിർമ്മാല്യയുടുയെും ഗിൽബർട്ടിന്റെയും വിവാഹം കേരളാ, ഇറ്റാലിയൻ ശൈലിയിൽ തന്നെയാണ് നടന്നത്. ഭാരതീയ വസ്ത്രങ്ങളണിഞ്ഞെത്തിയ വിദേശികളും, അതിഥികളെ സ്വീകരിക്കാൻ നിന്ന റോബോട്ടിക്ക് ആനകളും, കഥകളി, മയിലാട്ടം തുടങ്ങിയ ക്ഷേത്രകലകളും, കേരളത്തിന്റെ നേർക്കാഴ്ചകളും, നൂറിലേറെ വിഭവങ്ങളുമായി ഫുഡ് കോർട്ടും ഫേസ് ഡിറ്റക്ഷൻ ടെക്‌നോളജി പ്രയോജനപ്പെടുത്തി ലഭ്യമാക്കിയ ഇൻസ്റ്റന്റ് ഫോട്ടോ ആൽബവും, തന്ത്രിയുടെ മന്ത്രാച്ചാരണത്തോടൊപ്പം സദസ്യരൊന്നടങ്കം നടത്തിയ മണികിലുക്കവും, മെറ്റാവേഴ്‌സ് മ്യൂസിക്ക് ആൽബവും, ജുമൈറ ഗോൾഫ് എസ്റ്റേറ്റിന്റെ മനോഹാരിതയും ചടങ്ങിനെ ദുബൈ ദർശിച്ച ഏറ്റവും മികച്ച ഇന്ത്യൻ വിവാഹച്ചടങ്ങാക്കി മാറ്റി.

അഞ്ചു മണിക്കൂറിലധികം നീണ്ടു നിന്ന ചടങ്ങുകൾ, ഓരോ നിമിഷവും തങ്ങൾക്ക് അവിസ്മരണീയ അനുഭമാണ് സമ്മാനിച്ചതെന്ന് അതിഥികൾ ഒന്നടങ്കം പറഞ്ഞതായിരുന്നു വധൂവരന്മാർക്ക് ലഭിച്ച ഏറ്റവും മികച്ച വിവാഹ സമ്മാനം. വധു പ്രവേശന വേളയിലും കന്യാദാനച്ചടങ്ങിലും പ്രകൃതി അനുഗ്രഹിക്കുന്നതു പോലെ ഏതാനും നിമിഷങ്ങൾ ചാറിയ ചാറ്റൽ മഴ, ഒരത്ഭുതം എന്നതിലുപരി മണ്ഡപം എത്താത്തതിലുള്ള മാതാപിതാക്കളുടെ മന:പ്രയാസം പാടേ തുടച്ചു മാറ്റുകയായിരുന്നു.

ലോകചരിത്രത്തിൽ തന്നെ ആദ്യമായി മുഴുവൻ ഈവൻന്റ് വീഡിയോകളും പന്ത്രണ്ട് ഗാനങ്ങൾ അടങ്ങിയ ഒരു മ്യൂസിക് ആൽബത്തിന്റെ രൂപത്തിൽ മെറ്റാവേഴ്‌സിലൂടെ റിലീസ് ചെയ്തു കൊണ്ടാണ് ഒരു വർഷം നീണ്ടുനിന്ന ആഘോഷ പരിപാടികൾ ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ സമാപിച്ചത്. ചടങ്ങിന്റെ പിറ്റേ ദിവസം മാത്രം ദുബായിലെത്തിയ മണ്ഡപം, രാപകലദ്ധ്വാനിച്ച ശില്പികളുടെ നൊമ്പരം പേറി ഒരു ചോദ്യചിഹ്നമായി മോക്ഷലബ്ധിക്ക് വേണ്ടി കാത്തിരിപ്പു തുടരുന്നു..