കൊല്ലം: ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴിയില്‍ നിറയുന്നത് പക. ഭാര്യയ്ക്ക് കച്ചവടസ്ഥാപനത്തിലെ പാര്‍ട്ണറുമായുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിന് കാരണമായതെന്നും ഭാര്യയെ കൊലപ്പെടുത്തിയതില്‍ യാതൊരു മാനസികപ്രയാസവുമില്ലെന്നുമാണ് പ്രതി പദ്മരാജന്‍(60) പോലീസിന് നല്‍കിയ മൊഴി. 14 വയസ്സുള്ള മകളെ ഓര്‍ത്തുമാത്രമാണ് തനിക്ക് വിഷമമുള്ളതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

കാറിലെത്തിയ പ്രതി ഭാര്യ ഓടിച്ചിരുന്ന കാര്‍ തടഞ്ഞശേഷം അതിനോട് ചേര്‍ത്തുനിര്‍ത്തി ഭാര്യയുടെ നേരേ പെട്രോളൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവസമയം അനിലയ്ക്കൊപ്പം ബേക്കറിയിലെ ജീവനക്കാരനായ യുവാവ് കാറിലുണ്ടായിരുന്നു. ഡോര്‍ തുറന്ന് രക്ഷപ്പെട്ട യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനിലയുടെ ബേക്കറിയിലെ പാര്‍ട്ണറും സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ പദ്മരാജന്‍ ഭാര്യയോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനില ഇതിന് കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം ബേക്കറിയില്‍വെച്ച് സുഹൃത്ത് മര്‍ദിച്ചതായാണ് പദ്മരാജന്റെ മൊഴി. അനിലയുടെ മുന്നില്‍വെച്ചായിരുന്നു മര്‍ദനം. കണ്‍മുന്നിലിട്ട് തന്നെ മര്‍ദിച്ചിട്ടും ഭാര്യ പിടിച്ചുമാറ്റാന്‍ പോലും തയ്യാറായില്ലെന്നും ഇത് വലിയ മാനസികവിഷമമുണ്ടാക്കിയെന്നും പദ്മരാജന്‍ പോലീസിനോട് പറഞ്ഞു.

നായേഴ്സ് ഹോസ്പിറ്റലിനു സമീപം മൂന്നുമാസംമുന്‍പ് തുടങ്ങിയ ബേക്കറി പൂട്ടി കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു അനില. അനിലയ്ക്കൊപ്പം ബേക്കറിയിലെ പാര്‍ട്ണര്‍ ആണെന്ന് കരുതിയാണ് പദ്മരാജന്‍ ആക്രമണം നടത്തിയത്. അനിലയും സുഹൃത്തും തമ്മിലുള്ള സൗഹൃദം പദ്മരാജന് ഇഷ്ടമായിരുന്നില്ല. അതിനാലാണ് ഇരുവരെയും കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടത്. സംഭവത്തില്‍ അനിലയുടെ കാറും പത്മരാജന്റെ കാറും പൂര്‍ണമായും കത്തിനശിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി ഓട്ടോ വിളിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നാട്ടില്‍ കാറ്ററിങ് സര്‍വീസ് നടത്തുകയാണ് പദ്മരാജന്‍.

അടുത്തിടെയാണ് അനില, നായേഴ്‌സ് ആശുപത്രിക്കു സമീപം ബേക്കറി തുടങ്ങിയത്. ഇതില്‍ കടപ്പാക്കട സ്വദേശിയായ യുവാവ് പങ്കാളിയായിരുന്നു. തുടക്കംമുതലേ പദ്മരാജന്‍ ഇതിനെ എതിര്‍ത്തു. ഇതിനിടെ യുവാവും പദ്മരാജനും തമ്മില്‍ വാക്കേറ്റമുണ്ടായി. കഴിഞ്ഞദിവസം കൈയാങ്കളിയായി. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് അംഗം സാജന്‍ സംഭവത്തില്‍ മധ്യസ്ഥത വഹിച്ചു. ഒടുവില്‍ തന്റെ മൂലധനമായ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ പിരിഞ്ഞുപോകാമെന്ന് യുവാവ് പറഞ്ഞു. ഈമാസം പത്തിന് പണം നല്‍കാമെന്ന് പദ്മരാജന്‍ സമ്മതിച്ചു. ഇങ്ങനെ ചൊവ്വാഴ്ച ഉച്ചയോടെ ഈ പ്രശ്‌നം രമ്യമായി പരിഹരിച്ചു. 'തര്‍ക്കങ്ങളെല്ലാം ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ പറഞ്ഞുതീര്‍ത്തതാണ്. പക്ഷേ, മണിക്കൂറുകള്‍ക്കകം കൊലപാതകത്തിലേക്ക് നയിച്ച സംഭവം എന്താണെന്നറിയില്ല.'-ഗ്രാമപ്പഞ്ചായത്ത് അംഗം സാജന്‍ പറഞ്ഞു.

സംഭവം അപകടമാണെന്നാണ് ആദ്യം ദൃക്‌സാക്ഷികള്‍ കരുതിയത്. അപകടത്തെത്തുടര്‍ന്ന് കാറുകള്‍ കത്തിയെന്ന് അവര്‍ സംശയിച്ചു. രണ്ടു കാറുകള്‍ കൂട്ടിമുട്ടി തീപ്പൊരി ഉയര്‍ന്നതാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് കൊലപാതകമാണെന്ന് മനസ്സിലായത്. 'ഒരു തീനാളം കണ്ടു. അരനിമിഷംകൊണ്ട് അത് അഗ്‌നിഗോളമായി. ഒരു കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന സ്ത്രീയുടെ ദേഹമാകെ തീപടര്‍ന്നിരുന്നു. അവര്‍ ഉറക്കെ നിലവിളിച്ചു. രക്ഷിക്കാനായി ഞാന്‍ അടുത്തേക്കോടി. പക്ഷേ, 10 മീറ്റര്‍ ദൂരെപ്പോലും എത്താനാകാത്തവിധം ചൂടായിരുന്നു. ഇടതുവശത്തെ സീറ്റിലിരുന്ന ചെറുപ്പക്കാരന്‍ ഡോര്‍ തുറന്ന് ഇറങ്ങുന്നതു കണ്ടു. അയാള്‍ പേടിച്ച് എങ്ങോട്ടോ ഓടിമറഞ്ഞു. പ്രതിയെന്നു സംശയിക്കുന്നയാള്‍ പരാക്രമത്തോടെ ഓടിപ്പോയി. ഒന്നും ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു'-മുഹമ്മദ് ഇര്‍ഷാദ് പറഞ്ഞു.

അഗ്‌നിരക്ഷാസേന വന്ന് തീ കെടുത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. രണ്ടു കാറുകളും പൂര്‍ണമായും കത്തിനശിച്ചു. അനിലയുടെ കാറില്‍ പച്ചക്കറിയും പഴവുമെല്ലാമുണ്ടായിരുന്നു. പദ്മരാജന്‍ ഓടിച്ചുവന്ന കാറില്‍ പെട്രോള്‍ കൊണ്ടുവന്ന ബക്കറ്റ് കത്തിയമര്‍ന്നനിലയിലാണ്.