തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ പവിത്രമായി സംരക്ഷിക്കേണ്ട പത്മതീർത്ഥം മാലിന്യത്തിൽ മുങ്ങി. പ്‌ളാസ്റ്റിക് കുപ്പികൾ, വസ്ത്രങ്ങൾ, പ്‌ളാസ്റ്റിക് കവറുകൾ, മറ്റ് മാലിന്യങ്ങൾ എന്നിവ കടവുകളിൽ അടിഞ്ഞിരിക്കുകയാണ്. ശ്രീപത്മനാഭന് അഭിഷേകം ചെയ്യുന്ന ജലം പത്മതീർത്ഥത്തിലേക്ക് എത്തുന്നതായാണ് വിശ്വാസം. കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിലൂടെ ഒരുകോടിയോളം രൂപ വിനിയോഗിച്ച് നവീകരിച്ച പത്മതീർത്ഥമാണ് അധികൃതരുടെ അശ്രദ്ധമൂലം മാലിന്യക്കുളമായി മാറിയിരിക്കുന്നത്.

പ്‌ളാസ്റ്റിക്ക് കുപ്പികളും, തുണികളുമടക്കമുള്ള മാലിന്യങ്ങളാണ് പത്മതീർത്ഥത്തെ മലിനമായിരിക്കുന്നത്. ശ്രീപത്മനാഭന് അഭിഷേകം ചെയ്യുന്ന ജലം പത്മതീർത്ഥത്തിലേക്കാണ് എത്തുന്നത് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വളരെ പവിത്രമായാണ് ഈ ജലാശയത്തെ ഭക്തർ കണക്കാക്കുന്നത്. പൈങ്കുനി ഉത്സവം നടക്കുന്ന സമയത്തുപോലും കുളം വൃത്തിയാക്കുന്നതിന് യാതൊരുവിധ നടപടിയും ക്ഷേത്രഭരണ സമിതി കൈകൊണ്ടിട്ടില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭക്തരുടെ ഫേസ്‌ബുക്ക് കൂട്ടായ്മയായ 'ഒരു നഗരത്തിന്റെ കഥ അധികൃതർ' പത്മതീർത്ഥം വൃത്തിയാക്കുന്നത് സംബന്ധിച്ച് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് പരാതി നൽകിയെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചിട്ടുള്ളത്. ഏപ്രിൽ 2ന് നടക്കുന്ന കമ്മിറ്റിയിൽ വച്ച് മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ എന്നാണ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിട്ടുള്ളത്. പൈങ്കുനി ഉത്സവത്തിന് മുമ്പായി കുളം വൃത്തിയാക്കാൻ ഭക്തർ തയ്യാറാണെന്നും ഇതിനു വേണ്ടതായ സന്നാഹങ്ങളെല്ലാം ഒരുക്കാമെന്ന് അറിയിച്ചിട്ടും ക്ഷേത്രഭരണ സമിതിയിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല.

അതേസമയം കൊറോണയ്ക്ക് ശേഷമാണ് പത്മതീർത്ഥത്തിൽ മാലിന്യം വൻതോതിൽ അടിയാൻ തുടങ്ങിയതെന്ന് ഭക്തജനങ്ങൾ പറയുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള കച്ചവടക്കാരുടെ അനാസ്ഥ പ്രധാന കാരണമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർ കറുത്ത തുണികൾ കുളത്തിലേക്ക് വ്യാപകമായി ഒഴുക്കി വിടുന്നുണ്ട്. എന്നാൽ ഇതു തടയുന്നതിന് ഒരു ജീവനക്കാരനെ പോലും ഭരണ സമിതി നിയോഗിച്ചിട്ടില്ല. അങ്ങനെ നിയോഗിച്ചിരുന്നെങ്കിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കഴിയുമായിരുന്നുവെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു.

പത്മ തീർത്ഥക്കരയിലെ റോഡുകളിൽ നിന്നാണ് വെള്ളക്കുപ്പികൾ ഉൾപ്പടെയുള്ള പ്‌ളാസ്റ്റിക്കുകൾ കുളത്തിലേക്ക് വലിച്ചെറിയുന്നത്. സ്വദേശ് ദർശൻ പരിപാടിയുടെ ഭാഗമായി പ്രകൃതിദത്ത മാർഗങ്ങളിലൂടെയായിരുന്നു പത്മതീർത്ഥം ശുചീകരിച്ചത്. പടവുകളും ചുറ്റമുള്ള മണ്ഡപങ്ങളുമെല്ലാം പുനർനിർമ്മിച്ച് രാജപ്രൗഡി വീണ്ടെടുത്ത പത്മതീർത്ഥത്തെ മതിയായ നിലയിൽ സംരക്ഷിക്കാൻ തുടർ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നതു തന്നെയാണ് വാസ്തവം.

ക്ഷേത്രത്തിന്റെ വടക്കേനടയിലെയും കിഴക്കേനടയിലെയും റോഡുകൾ പത്മതീർത്ഥത്തിനരികിലൂടെയാണ് കടന്നുപോകുന്നത്. ഇവിടങ്ങളിൽ കുളത്തിന് ചുറ്റുമതിലുണ്ടെന്നല്ലാതെ കുളത്തിലേക്ക് എന്തെങ്കിലും നിക്ഷേപിച്ചാൽ കണ്ടെത്താൻ യാതൊരു സംവിധാനവുമില്ല. മുമ്പ് മാലിന്യങ്ങൾ കലർന്ന് മത്സ്യങ്ങളും മറ്റും കൂട്ടത്തോടെ ചത്തുപൊങ്ങിയിട്ടും കരുതൽ നടപടികളായി യാതൊന്നും ചെയ്യാൻ ക്ഷേത്രം അധികാരികൾ തയ്യാറായില്ല. കുളത്തിന്റെ വശങ്ങളിൽ കാമറകൾ സ്ഥാപിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയോ ചെയ്യാത്തതാണ് പ്രശ്‌നം.

അതേസമയം തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വാർഷിക ഉത്സവങ്ങളിൽ ആദ്യത്തേതാണ് പൈങ്കുനി ഉത്സവം. മലയാളം കലണ്ടർ അനുസരിച്ച് മീനമാസത്തിലെ രോഹിണി നാളിൽ കൊടിയേറ്റോടു കൂടി തുടങ്ങി പത്താം ദിവസം അത്തം നാളിൽ സമാപിക്കുന്ന ഈ ക്ഷേത്രത്തിലെ ഉത്സവമാണ് പൈങ്കുനി ഉത്സവം. വളരെയേറെ പ്രത്യേക ചടങ്ങുകളും മറ്റ് കലാപരിപാടികളും കഥകളിയും മറ്റും ഉത്സവനാളുകളിലുണ്ടാവും. ഒമ്പതാം ദിവസം തിരുവിതാംകൂർ രാജവംശത്തിലെ ഏറ്റവും മുതിർന്ന അംഗം പള്ളിവേട്ടയ്ക്കു പുറപ്പെടും. കിഴക്കേക്കോട്ടയിലെ തന്നെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലേക്കാണ് ഈ എഴുന്നള്ളത്ത്. പത്താം ദിവസം ആരാധനാ വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുമുഖം കടൽത്തീരത്തേക്ക് ആറാട്ടെഴുന്നള്ളത്ത് നടക്കും.