- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇതുതീര്‍ത്തും അസാധാരണം! ഒരേ സമയം പേജറുകള്‍ പൊട്ടിത്തെറിച്ചു; ലെബനനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു; 2750 ലേറെ പേര്‍ക്ക് പരുക്കേറ്റു; ഇസ്രയേലിന്റെ ആസൂത്രിത ആക്രമണമെന്ന് ഹിസ്ബുല്ല
ഹിസ്ബുല്ലയെ ലക്ഷ്യമാക്കി 'പേജര്‍' ആക്രമണം
ബെയ്‌റൂട്ട്: ലെബനനില്‍ ഭീകരവാദി ഗ്രൂപ്പായ ഹിസ്ബുല്ലയെ ലക്ഷ്യമാക്കി 'പേജര്‍' ആക്രമണം. ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് എട്ട് പേര്‍ കൊല്ലപ്പെട്ടു. 2750 ലേറെ പേര്‍ക്ക് പരുക്കേറ്റു. ലബനനിലെ തങ്ങളുടെ അംബാസഡര്‍ മൊജ്താബ അമാനിക്കും പരുക്കേറ്റതായി ഇറാന്‍ സര്‍ക്കാര്‍ മാധ്യമം അറിയിച്ചു.
വൈകുന്നേരം ആറുമണിയോടെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. എട്ട് പേര്‍ക്ക് മരണം സംഭവിച്ചതായി ലബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അബിയദ് സ്ഥിരീകരിച്ചു. എട്ടുപേരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. പരുക്കേറ്റവരില്‍ 200 ഓളം പേരുടെ നില ഗുരുതരമാണ്. മുഖത്തും, കൈകളിലും വയറ്റിലുമാണ് മിക്കവര്‍ക്കും പരുക്കേറ്റത്.
അമേരിക്കയും, യൂറോപ്യന്‍ യൂണിയനും നിരോധിച്ച ഹിസ്ബുള്ള ഇറാന്റെ പിന്തുണയുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമാണ് ഹിസ്ബുല്ല. 2023 ഒക്‌ടോബര്‍ മുതല്‍ ഇസ്രയേലുമായി യുദ്ധം തുടരുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പാണ്.
ലെബനീസ് പാര്‍ലമെന്റിലെ ഹിസ്ബുല്ല പ്രതിനിധി അലി അമ്മറിന്റെ ഒരു മകനും പേജര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൗദി വാര്‍ത്താ ചാനല്‍ അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തു.
സൈബര്‍ ആക്രമണം വഴി ലിതിയം ബാറ്ററികള്‍ അമിതമായി ചൂടായാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, പേജറുകള്‍ വിതരണം ചെയ്യും മുമ്പ് തന്നെ അതിനുള്ളില്‍ നേരിയ പാളികളായി സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നതായും വാര്‍ത്തകള്‍ വരുന്നു.
ഇസ്രയേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിസ്ബുള്ള ആരോപിച്ചു. ഇതുവരെ നേരിട്ടതില്‍ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്നും ഗ്രൂപ്പ് പ്രതികരിച്ചു. എല്ലാ പേജറുകളും ഒരേ സമയത്താണ് പൊട്ടിത്തെറിച്ചതെന്നും തങ്ങളുടെ വിവരവിനിമയ ശൃംഖല ഇസ്രയേല്‍ ഭേദിച്ചതിന്റെ ഫലമാണ് സ്‌ഫോടനം എന്നും ഹിസ്ബുല്ല പറഞ്ഞു.
ലെബനന് പുറത്തും സ്‌ഫോടനങ്ങള്‍ ഉണ്ടായി. സിറിയയില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഡമാസ്‌കസില്‍ ഒരു വാഹനത്തിനുള്ളില്‍ ഒരുപേജര്‍ പൊട്ടിത്തെറിച്ചായി റിപ്പോര്‍ട്ടുണ്ട്. തങ്ങള്‍ സ്വന്തമായി സ്ഥാപിച്ച ടെലികമ്യൂണിക്കേഷന്‍സ് സംവിധാനം വഴിയാണ് ഹിസ്ബുല്ല ആശയവിനിമയം നടത്തുന്നത്. ഗാസ യുദ്ധം തുടങ്ങിയ ശേഷം മൊബൈലുകള്‍ ഉപയോഗിക്കരുതെന്ന് തങ്ങളുടെ അംഗങ്ങള്‍ക്ക് ഗ്രൂപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേലിന്റെ അത്യാധുനിക സാങ്കേതിക വിദ്യ പ്രയോഗിച്ച് തങ്ങളുടെ വിവര വിനിമയ ശൃംഖല തകര്‍ക്കാതിരിക്കാനാണ് ജാഗ്രത പുലര്‍ത്തിയത്. എന്നാല്‍, പേജറുകള്‍ ഉപയോഗിച്ചിട്ടും ഇസ്രയേല്‍ നുഴഞ്ഞുകയറിയെന്ന് വേണം അനുമാനിക്കാന്‍. ഹിസബുല്ലയുടെയും ഇറാന്റെയും ആരോപണങ്ങളോട് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.