- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പേജര്‍ സ്ഫോടനത്തില്‍ മരിച്ചവരില്‍ ലെബനീസ് പാര്‍ലമെന്റിലെ ഹിസ്ബുള്ള അംഗത്തിന്റെ മകനും; ഇറാന്‍ സ്ഥാനപതിക്കും പരിക്ക്; പൊട്ടിത്തെറിച്ചത് തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്ത 'ഗോള്‍ഡ് അപ്പോളോ' എന്ന കമ്പനിയുടെ പേജറുകളെന്ന് റിപ്പോര്‍ട്ട്
പൊട്ടിത്തെറിച്ചത് തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്ത 'ഗോള്‍ഡ് അപ്പോളോ' എന്ന കമ്പനിയുടെ പേജറുകള്‍
ബെയ്‌റൂത്ത്: ലബനാനില്‍ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംഖ്യ ഉയരുന്നുയ. മരണസംഖ്യ 11 ആയി ഉയര്‍ന്നിട്ടുണ്ട്. മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. 200ലേറെ പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു.
അതേസമയം ലബനാനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്ന് കണ്ടെത്തി. 'ഗോള്‍ഡ് അപ്പോളോ' എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചത്. ഇക്കാര്യം റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, കമ്പനി അധികൃതര്‍ ഇതോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നെന്നും ലബനാനില്‍ എത്തുന്നതിന് മുമ്പ് കൃത്രിമം നടന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദി ഇസ്രായേലാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. അവര്‍ക്ക് തക്കശിക്ഷ തന്നെ നല്‍കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കുന്നു.
ഇത്രയും വിപുലമായ രീതിയില്‍ ഒരേസമയം ആക്രമണം നടത്തണമെങ്കില്‍ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രായേലിന് കിട്ടിയിരിക്കണമെന്നാണ് സൈനിക വിദഗ്ധനായ എലിജ് മാഗ്‌നിയര്‍ പറയുന്നത്. ആക്രമണം നടത്തിയത് ഇസ്രായേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ്, പേജറുകളുടെ ഉത്പാദന-വിതരണ സമയം മുതലുള്ള ഘട്ടങ്ങളില്‍ തന്നെ ഇടപെട്ടിട്ടുണ്ടാകാമെന്നാണ് പറയപ്പെടുന്നത്.
അതേസമയം പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവം വലിയ സുരക്ഷാ വീഴ്ചയായാണ് ഹിസ്ബുല്ല കാണുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ ലെബനീസ് പാര്‍ലമെന്റിലെ ഹിസ്ബുള്ള അംഗത്തിന്റെ മകനാണ്. ലെബനനിലെ ഇറാന്‍ അംബാസഡറായ മൊജ്തബ അമാനിക്ക് നിസ്സാര പരിക്കേറ്റുവെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നജീബ് മികാതി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു. ലബനാന്റെ പരമാധികാരത്തിന്റെ ഗുരുതര ലംഘനമാണിതെന്നും സകല മാനദണ്ഡങ്ങള്‍ പ്രകാരവും കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞതായി സര്‍ക്കാര്‍ മാധ്യമമായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. പേജര്‍ പൊട്ടിത്തെറിച്ച് ആയിരങ്ങള്‍ക്ക് പരിക്കേറ്റതിനെക്കുറിച്ച് യു.എന്നില്‍ പരാതിപ്പെടുമെന്ന് ലബനാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ആക്രമണം അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.
അതേസമയം ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ ശക്തമായി അപലപിച്ച ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്, ഇസ്രായേലിന്റേത് യുദ്ധക്കുറ്റമാണെന്നും ഹിസ്ബുല്ല കനത്ത തിരിച്ചടി നല്‍കുമെന്നും വ്യക്തമാക്കി. ഹിസ്ബുല്ലക്കെതിരെ യുദ്ധം ശക്തമായി തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ തിങ്കളാഴ്ച വൈകീട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പേജര്‍ ആക്രമണം.
കഴിഞ്ഞ വര്‍ഷം ഗസ്സയില്‍ ആക്രമണം തുടങ്ങിയ ശേഷമാണ് ഇസ്രായേലുമായി ഹിസ്ബുല്ല ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. തുടര്‍ന്ന് ലബനാനുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര മേഖലയില്‍നിന്ന് 60,000ത്തോളം ഇസ്രായേല്‍ പൗരന്മാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നിരുന്നു. സ്വന്തം വീടുകളിലേക്ക് ഇവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുകയാണ് ഹിസ്ബുല്ലയുമായുള്ള യുദ്ധത്തിന്റെ ലക്ഷ്യമെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു.
ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ തലസ്ഥാനമായ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏത് ഘട്ടത്തിലും ഇറാന്റെ ആക്രമണമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കവേയാണ് സ്ഥാനപതിയും പേജര്‍ ആക്രമണത്തിന് ഇരയായത്.
ആദ്യ സ്‌ഫോടനം വൈകീട്ട് മൂന്നിന് ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശത്ത്.
ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കന്‍ ബെക്കാ താഴ്വരയിലും പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സ്‌ഫോടനങ്ങള്‍ ആരംഭിച്ചത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായ ഈ പ്രദേശങ്ങളില്‍ ഏകദേശം ഒരു മണിക്കൂര്‍ നേരം സ്‌ഫോടനങ്ങള്‍ തുടര്‍ന്നു. കൂട്ടത്തോടെ പേജറുകള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പേജറുകള്‍ മുഴങ്ങിയതിന് ശേഷമാണ് ചില സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണുകള്‍ക്കു മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണം. എസ്എംഎസ് പോലെ സന്ദേശം കൈമാറാന്‍ മാത്രമേ കഴിയൂ, കോള്‍ പറ്റില്ല. ഉപയോഗിക്കുന്നവരുടെ ലൊക്കേഷനും മറ്റും കണ്ടുപിടിക്കുക എളുപ്പമല്ലാത്തതിനാലാണ് ഹിസ്ബുല്ല പോലുള്ള ഗ്രൂപ്പുകള്‍ക്ക് പേജര്‍ ഇപ്പോഴും പ്രിയം.
ലൊക്കേഷനും നീക്കങ്ങളും മറ്റും ഇസ്രയേല്‍ കണ്ടുപിടിക്കുമെന്ന ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി കുറഞ്ഞ സാങ്കേതികവിദ്യയുള്ള പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്. പൊട്ടിത്തെറിച്ച പേജറുകള്‍ സമീപ മാസങ്ങളില്‍ ഹിസ്ബുല്ല ഉപയോഗിച്ചു തുടങ്ങിയ പുതിയ മോഡലാണെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താരതമ്യേന ചെറിയ സ്‌ഫോടനങ്ങളാണ് ഉണ്ടായത്. പേജര്‍ ഉപയോഗിക്കുന്ന വ്യക്തിക്കോ അതിനടുത്തായി നിന്നിരുന്ന വ്യക്തിക്കോ മാത്രമാണ് മരണം സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തത്. വിരലുകള്‍ക്കും പേജര്‍ സൂക്ഷിച്ചിരുന്ന ഭാഗത്തും മറ്റുമാണ് പലര്‍ക്കും പരുക്കേറ്റത്. പേജറിലെ സന്ദേശം വായിച്ചുകൊണ്ടിരുന്നവരുടെ മുഖത്തും പരുക്കേറ്റു.