ന്യൂഡല്‍ഹി: ഭീകരതയ്ക്ക് എതിരെ കാശ്മീര്‍ മാറുകയാണെന്ന തിരിച്ചറിവിലേക്ക് പാക്കിസ്ഥാന്‍. ഭീകരാക്രമണത്തിനെതിരെ ഒറ്റക്കെട്ടായി കശ്മീരില്‍ ജനതാ ബന്ദ്. വിവിധ സംഘടനകളുടെ ആഹ്വാന പ്രകാരം കടകളും വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകളും അടച്ചിട്ടു. പൊതുഗതാഗതം നിലച്ചു. ഭീകരവാദത്തെ തള്ളിപ്പറഞ്ഞ് റാലിയും നടത്തി. ഭീകരാക്രമണത്തിനെതിരെ 35 വര്‍ഷത്തിനിടെ ആദ്യമായാണ് കശ്മീരില്‍ ബന്ദ് നടക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ടികള്‍ പ്രതിഷേധ റാലി നടത്തി. ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫാറൂഖ് അധ്യക്ഷനായ മതസംഘടനകളുടെ കൂട്ടായ്മയായ മുതാഹിദ മജ്‌ലിസ ഉലെമയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, കശ്മീര്‍ ട്രേഡേഴ്‌സ് ആന്‍ഡ് മാനുഫാക്ടേഴ്‌സ് ഫെഡറേഷന്‍ എന്നിവരും ബന്ദിന് ആഹ്വാനംചെയ്തു. ഇതെല്ലാം പാക്കിസ്ഥാനെ ഞെട്ടിച്ചു. തീവ്രവാദികള്‍ തീര്‍ത്തും ഒറ്റപ്പെടുകയാണ്.

ഇതിനൊപ്പം പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങളും നേതാക്കളും സംഘടനകളും രംഗത്ത് വന്നു. ഇന്ത്യക്ക് ഐക്യദാര്‍ഢ്യം അറിയിച്ച നേതാക്കള്‍ ഭീകരതക്കെതിരായ പോരാട്ടത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ ആക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ശക്തമായി അപലപിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാന്‍ ദുയാറിക് പറഞ്ഞു. ഇത് നയതന്ത്ര തലത്തിലും ഇന്ത്യയ്ക്ക് ഗുണകമായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവര്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ശക്തമായി അപലപിച്ചു. പാകിസ്ഥാന്‍, ചൈന, ജര്‍മനി, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ ഓഫീസുകള്‍ അനുശോചനം രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരും ഭീകരാക്രമണത്തെ അപലപിച്ചു. ഈ സാഹചര്യത്തില്‍ തിരിച്ചടിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്ക് കൂടുകയാണ്. കശ്മീര്‍ വിനോദസഞ്ചാര വരുമാനത്തിന്റെ നല്ലൊരു പങ്ക് പഹല്‍ഗാമില്‍ നിന്നാണ്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള പാതയും ഇതുവഴിയാണ്. ഭീകരാക്രമണത്തോടെ മുന്‍കൂട്ടിയുള്ള ബുക്കിങ്ങുകളെല്ലാം സഞ്ചാരികള്‍ കൂട്ടത്തോടെ റദ്ദാക്കുന്ന സ്ഥിതിയാണ്. ഇത് ഈ മേഖലയെ പ്രതിസന്ധിയിലാക്കും. കാശ്മീരിലെ ടൂറിസത്തെ ആകെ ഈ സംഭവം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' (ടിആര്‍എഫ്) ലഷ്‌കര്‍ ഇ തായ്ബയുടെ ബി ടീം എന്ന് വിശേഷിക്കപ്പെടുന്ന ഭീകരസംഘടന. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ടിആര്‍എഫ് പിറവി. ജമ്മു കശ്മീരിന്റെ 'സ്വാതന്ത്ര്യത്തിനായി' പ്രവര്‍ത്തിക്കുന്ന തദ്ദേശീയ പ്രതിരോധ പ്രസ്ഥാനമെന്ന അവകാശവാദത്തോടെയാണ് പ്രവര്‍ത്തനം. കറാച്ചിയില്‍നിന്ന് ഓണ്‍ലൈനായി ആറുമാസത്തോളം പ്രവര്‍ത്തിച്ച ടിആര്‍എഫ് അതിനുശേഷം ജമ്മു കശ്മീരില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ലഷ്‌കറിന് പാകിസ്ഥാന്‍ നല്‍കിയ പുതിയ വിളിപ്പേരാണ് ടിആര്‍എഫ് എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 2023 ജനുവരിയില്‍ ടിആര്‍എഫിനെ ആഭ്യന്തരമന്ത്രാലയം യുഎപിഎ നിയമപ്രകാരം നിരോധിച്ചു. ടിആര്‍എഫിന്റെ കമാന്‍ഡര്‍ ഷെയ്ക്ക് സജ്ജാദ് ഗുല്ലിനെ ഭീകരനായി പ്രഖ്യാപിച്ചു. നാട്ടുകാരെ ലക്ഷ്യമിട്ട് ആക്രമിക്കുന്നതാണ് ടിആര്‍എഫ് ശൈലി. കശ്മീരിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍, കശ്മീരി പണ്ഡിറ്റുകള്‍ തുടങ്ങിയവര്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായി. 2021 ജൂണില്‍ വ്യോമസേനാകേന്ദ്രത്തിന് നേരെയുണ്ടായ 'ഇരട്ട ഡ്രോണ്‍' ആക്രമണത്തിന് പിന്നിലും ടിആര്‍എഫ് ആയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത തീരുമാനങ്ങളുമായി ഇന്ത്യ രംഗത്തു വന്നിട്ടുണ്ട്. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇനി മുതല്‍ വിസ നല്‍കില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. നിലവില്‍ ഇന്ത്യയില്‍ തങ്ങുന്ന പാക് പൗരന്‍മാര്‍ രണ്ട് ദിവസത്തിനകം ഇന്ത്യ വിടണമെന്നതാണ് മറ്റൊരു തീരുമാനം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി.

പാകിസ്ഥാനിലുള്ള ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതാണ് മറ്റൊരു തീരുമാനം. വാഗ - അട്ടാരി അതിര്‍ത്തി അടച്ച് പൂട്ടാനുള്ളതാണ് മറ്റൊരു സുപ്രധാനമായ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റിയിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. തീരുമാനങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ തലസ്ഥാനത്ത് മടങ്ങിയെത്തിയിരുന്നു. അക്രമണം നടത്തിയവരേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന വാദമാണ് പാക്കിസ്ഥാന്‍ ഉന്നയിക്കുന്നത്.പഹല്‍ഗാം ആക്രമണത്തിന് കാരണക്കാരായവര്‍ക്ക് വ്യക്തവും ശക്തവുമായ മറുപടി ഉടന്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആക്രമണം നടത്തിയവര്‍ മാത്രമല്ല അതിന് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും വ്യക്തവും ശക്തവുമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ദൃഢനിശ്ചയത്തോടെയുള്ള പോരാട്ടം ഉണ്ടാകും. പ്രതിരോധ മന്ത്രി വ്യക്തമാക്കി.