ഇടുക്കി: ആരോഗ്യ വിഭാഗത്തിന്റെ അന്വേഷണത്തെ തുടര്‍ന്ന് പൈനാവിലുള്ള ബുഹാരി ഹോട്ടല്‍ അടച്ച് പൂട്ടി. ഈ ഹോട്ടലിന്റെ ഉടമ നടത്തിയിരുന്ന ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനും ആരോഗ്യ അധികൃതര്‍ പൂട്ടിയിട്ടുണ്ട്. വൃത്തിഹീനമായ അടുക്കള, അമിതമായി കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ ഹോട്ടലില്‍ കണ്ടെത്തി. ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു ഹോട്ടല്‍ നടത്തിയിരുന്നത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടലിനെതിരെ നടപടി എടുക്കുകയായിരുന്നു.

ഹോട്ടലിന് പഞ്ചായത്ത് ലൈസന്‍സും, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലായിരുന്നുവെന്നും പരിശോധനയില്‍ ആരോഗ്യ വിഭാഗം കണ്ടെത്തി. പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജിന്റെ കാന്റീനില്‍ ജോലിക്കാര്‍ക്കാണ് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തത്. കാന്റീന്‍ ലൈസന്‍സ് ഇല്ലാതെയുമാണ് പ്രവര്‍ത്തിച്ചിരുന്നത്. അടുക്കള വൃത്തിഹീനമായിരുന്നു. കുടിവെള്ളം പരിശോധച്ചതിന്റെ രേഖകള്‍ ഇല്ല. അമിതമായ കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളമായിരുന്നു ഹോട്ടലിലും, കാന്റീനിലും ഉപയോഗിച്ചിരുന്നത്. ഭക്ഷണത്തിന് ഒപ്പം വിളമ്പുന്ന മയോണൈയസില്‍ പച്ച മുട്ട ചേര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്നാണ് കാന്റീനും, ഹോട്ടലും അടച്ച് പൂട്ടിയത്. നാസറിന്റെ ഭാര്യ ജവന്‍സിയുടെ പേരിലാണ് ബുഹാരി ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏഴ് ദിവസത്തിനകം ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഇരുവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദമാക്കിയിരിക്കുന്നത്.

പല സ്ഥലങ്ങളിലും ബുഹാരി ഹോട്ടലിന് മറ്റ് ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. ഇതിന് മുന്‍പും ബുഹാരി ഹോട്ടലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് നടത്തി വന്നിരുന്ന ബുഹാരി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. നേരത്തെയും വൃത്തിഹീനമായ ഭക്ഷണം വിളമ്പി കുപ്രസിദ്ധി നേടിയ ഹോട്ടലാണ് ബുഹാരി ഹോട്ടല്‍. പല തവണ ആരോഗ്യ വകുപ്പ് എത്തി അടപ്പിച്ചിരുന്നുവെങ്കിലും എന്തെങ്കിലും അറ്റകുറ്റപണികള്‍ നടത്തി വീണ്ടും തുറക്കും. 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് ബുഹാരി.

സമാനമായ മറ്റൊരു സംഭവത്തില്‍ ഗുരുവായൂര്‍ കിഴക്ക നടയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും വാങ്ങിയ മസാല ദോശയില്‍ ചത്ത പഴുതാര കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയില്‍ ചത്ത പഴുതാരയെ ലഭിച്ചത്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവര്‍ നടപടി സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് പരാതിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചതോടെ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടപ്പിച്ചിരുന്നു.