ഉറി: രാത്രിയിൽ മുൾച്ചെടികൾക്കിടയിലെ ഒരു അനക്കം ശ്രദ്ധിച്ചാണ് സൈനികർ ജാഗ്രതയിലായത്. ഉടനെ തന്നെ റൈഫിളുകൾ ലോഡ് ചെയ്ത് നിന്നു. പെടുന്നനെ നുഴഞ്ഞുകയറ്റുകാരൻ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജമ്മുകശ്മീരിരെ ബഹാമുള്ളയിലാണ് വീണ്ടും രാജ്യത്തെ ആശങ്കയിലാഴ്ത്തി ആക്രമണം നടന്നത്. സംഭവത്തിൽ രണ്ടു സൈനികർക്ക് വീരമൃത്യു വരിച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ജമ്മുകശ്മീരിരെ ബഹാമുള്ളയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയില്‍ രണ്ട് സൈനികരാണ് ജീവത്യാഗം വരിച്ചത്. പാക് സൈന്യത്തിന്റെ ഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ ( ബിഎടി) സഹായത്തോടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം പ്രതിരോധിച്ചതോടെയുണ്ടായ വെടിവെപ്പിലാണ് സൈനികന്‍ വീരമൃത്യുവരിച്ചത്. ശിപായ് ബനോത് അനില്‍കുമാര്‍ ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി തുടങ്ങിയ ആക്രമണം ബുധനാഴ്ച പുലര്‍ച്ചെവരെ നീണ്ടുനിന്നു. നിയന്ത്രണരേഖയോട് ചേര്‍ന്ന ബരാമുള്ളയിലെ ഉറി സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. സൈന്യത്തിന്റെ ശ്രദ്ധതിരിക്കാന്‍ ബിഎടി ഉറിയിലെ ഫോര്‍വേര്‍ഡ് പോസ്റ്റിന് നേര്‍ക്ക് തുടര്‍ച്ചയായി നിറയൊഴിച്ചു. സൈന്യത്തിന്റെ 16-ാം സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ നേതൃത്വത്തില്‍ തിരച്ചടിച്ചു. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് സൈനികര്‍ക്ക് പരിക്ക് പറ്റിയത്.

ഹവില്‍ദാര്‍ അന്‍കിത്, ശിപായ് ബനോത് അനില്‍കുമാര്‍ എന്നിവര്‍ക്കാണ് മാരകമായി പരിക്കേറ്റത്. ഇതില്‍ ബനോത് അനില്‍കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ ജീവന്‍വെടിഞ്ഞു. രാത്രിയില്‍ ഏതെങ്കിലും ഭീകരവാദികള്‍ നിയന്ത്രണരേഖ മറികടന്നോയെന്ന് കണ്ടെത്താന്‍ പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്.

ഓപ്പറേഷന്‍ അഖാല്‍ എന്ന പേരില്‍ ദക്ഷിണ കശ്മീരില്‍ ഭീകരവാദികളെ കണ്ടെത്താനുള്ള സൈനിക നടപടി തുടരുന്നതിനിടെയാണ് വീണ്ടും നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായി അഞ്ച് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. രണ്ട് സൈനികര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ദൗത്യം കഴിഞ്ഞ 13 ദിവസമായി തുടരുകയാണ്. വനത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരവാദികളെ കണ്ടെത്തി പിടികൂടുകയോ വധിക്കുകയോ ആണ് ലക്ഷ്യം.

ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ നടത്തിയ സൈനിക നടപടിയില്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പറേഷന്‍ അഖാല്‍ ആരംഭിച്ചത്. ഇതിനിടെ ഓപ്പറേഷന്‍ ശിവ് ശക്തി എന്നപേരില്‍ നടത്തിയ ദൗത്യത്തിനിടെ രണ്ട് ഭീകരവാദികളെയും വധിച്ചിരുന്നു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ എന്ന് സൈന്യം ചൂണ്ടിക്കാട്ടുന്ന സുലൈമാൻ ഷായാണ് കൊല്ലപ്പെട്ടത്. 2024 ഒക്ടോബറിൽ നടന്ന സോനാമാർഗ് ടണൽ ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന ജിബ്രാൻ എന്ന ഭീകരനും കൊല്ലപ്പെട്ടു. ഹംസ അഫ്‌ഗാനി എന്നയാളാണ് കൊല്ലപ്പെട്ട മൂന്നാമൻ. ഒരു എം4 കാർബിൻ റൈഫിളും രണ്ട് എകെ റൈഫിളുകളും വെടിയുണ്ടകളും ഇവരുടെ പക്കൽ നിന്നും കണ്ടെത്തി.

കഴിഞ്ഞ 14 ദിവസമായി ഈ മേഖല കേന്ദ്രീകരിച്ച് സൈന്യം നിരീക്ഷണം നടത്തിയിരുന്നു. ഭീകരർ ഉപയോഗിച്ചിരുന്ന അൾട്രാ സെറ്റുകളിലെ സിഗ്നലുകൾ ചോർത്തിയത് വഴിത്തിരിവായി. ഉൾവനത്തിലേക്ക് നീങ്ങിയ ഭീകരർ മറ്റൊരു ആക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് വിവരം. കൊല്ലപ്പെട്ട ഭീകരൻ സുലൈമാൻ നേരത്തെ പാക്ക് സേനയിലെ കമാൻഡോയായിരുന്നു.

ഭീകരർക്കായി ശ്രീനഗറിലെ ദാര മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഹർവാനിലെ മുൾനാർ പ്രദേശത്ത് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു.