- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിയും എതിരായി; അടുത്ത വർഷത്തെ ഹജ്ജിനായി മലപ്പുറത്ത് നിന്ന് സൗദി വരെ കാൽനടയായി പുറപ്പെട്ട ശിഹാബ് ചേറ്റുരിന് പാക്കിസ്ഥാനിൽ കടക്കാനാവില്ല; മൂന്നുമാസമായി സ്കൂളിന്റെ ടെറസിൽ തമ്പടിച്ചതിന് പുറമേ യൂടൂബിലും ആളുകുറഞ്ഞു; കേരളത്തിലേക്ക് ഉടൻ മടക്കമില്ല; റൂട്ട് മാറ്റാനും ആലോചന
മലപ്പുറം: കേരളത്തിൽനിന്ന് സൗദി അറേബ്യവരെ നടന്ന് ഹജ്ജ് ചെയ്യാനായി യാത്ര തിരിച്ച ശിഹാബ് ചേറ്റുർ എന്ന 29 കാരനെ ഓർമ്മയില്ലേ. സംഭവം വലിയ വാർത്തയായതോടെ ശിഹാബിന്റെ യാത്രക്ക് യൂട്യൂബിലുടെ ലക്ഷക്കണക്കിന് വ്യുവേഴ്സാണുണ്ടായത്. കേരളത്തിലെ മാധ്യമങ്ങളും ശിഹാബിന്റെ യാത്രയെ വാനോളം പുകഴ്ത്തിയിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ഇറാക്ക്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ നടന്ന് കവർ ചെയ്ത് സൗദ്യ അറേബ്യയിലെത്തി ഹജ്ജ് ചെയ്യുകയാണ് ഇയാളുടെ ലക്ഷ്യം. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ ശിഹാബ് എന്ന യുവാവ് 8640 കിലോമീറ്റാണ് നടക്കാൻ ലക്ഷ്യമിട്ടത്. യാത്രയ്ക്ക് 280 ദിവസമാണ് പ്ലാൻ ചെയ്തത്. അടുത്തവർഷത്തെ ഹജ്ജ് ആണു ശിഹാബിന്റെ ലക്ഷ്യം.
2022 ജൂൺ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടിലെ വീട്ടിൽ നിന്ന് ശിഹാബ് എന്ന ശിഹാബ് ചേറ്റൂർ വൻ മാധ്യമ പ്രചാരണത്തോടെ ഹജ്ജിനായി പുറപ്പെട്ടത്. മലപ്പുറത്തുനിന്ന് കാൽനടയായി കേരള കർണാടക അതിർത്തി കടക്കുമ്പോൾ തന്നെ ശിഹാബിനെ അനുഗമിച്ചു ആയിരക്കണക്കിന് പേരാണ് ഒപ്പം ചേർന്ന് യാത്രക്ക് പിന്തുണ നൽകിയത്. വലിയ സമ്മേളനം പോലെയാണ് ഓരോ പ്രദേശത്തും ശിഹാബ് വരുമ്പോൾ ആളുകൾ തടിച്ചു കൂടിയിരുന്നത്.
യാത്ര തുടങ്ങുമ്പോൾ വിസ സംബന്ധമായ എല്ലാ രേഖകളും ശരിയാക്കിയതായും ഇതിനായി ഡൽഹി പോയെന്നും ബിജെപി നേതാക്കളുടെ സഹായിച്ചിരുന്നതായും ശിഹാബ് മാധ്യമങ്ങളോട് അറിയിച്ചിരുന്നു. കാൽനട യാത്ര കർണാടകയിൽ എത്തിയതോടെ ശിഹാബിന് ഔദ്യോഗികമായി പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. ഗുജറാത്തിലേക്ക് കടന്നപ്പോൾ പൂർണ്ണമായി പൊലീസ് വലയത്തിലാണ് ശിഹാബ് നടന്നു നീങ്ങിയത്. ഉത്തർപ്രദേശിലും പഞ്ചാബിലും സമാന രീതിയിൽ സംരക്ഷണവും വരവേൽപ്പുമാണ് ശിഹാബിന് ലഭിച്ചത്.
സ്വതന്ത്ര്യത്തിനു ശേഷം ഒരാൾ നടന്ന് ഹജ്ജിനു പോകുന്നു എന്നുള്ള പ്രചാരണം 20 ഓളം യൂട്യൂബ് ചാനലുകളിലൂടെ നടത്തിയാണ് ഓരോ ഘട്ടവും ശിഹാബ് നടന്ന് നീങ്ങിയത്. 24000 ഫോളോവേഴ്സ് ഉണ്ടായിരുന്ന ശിഹാബ് ചേറ്റൂരിന്റെ യൂട്യൂബ് ചാനൽ രണ്ട് മില്യനിലേക്ക് എത്തിയതും ഈ യാത്രയ്ക്കിടയിലാണ്. ഇസ്ലാമിക വീക്ഷണത്തിൽ യൂട്യൂബ് വരുമാനം നിഷിദ്ധമാണെന്നും ഈ പണം കൊണ്ട് ഹജ്ജ് എന്ന പുണ്യകർമ്മം നിർവഹിക്കാൻ പാടില്ലെന്നും മുസ്ലിം പണ്ഡിതനായ സിംസാറുൽ ഹക്ക് പറഞ്ഞതോടെ ശിഹാബിന്റെ യാത്രയ്ക്ക് വലിയ രീതിയിലുള്ള വിമർശനം ഉയർന്നു തുടങ്ങി. അതേസമയം യൂട്യൂബ് വരുമാനം സ്വീകരിക്കാമെന്ന് സുന്നി വിഭാഗത്തിലെ മൂന്നോളം പണ്ഡിതർ പ്രഖ്യാപിക്കുകയും ശിഹാബിന് പൂർണ്ണ പിന്തുണയും നൽകുകയും ചെയ്തു.
3000 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിർത്തിയിൽ ശിഹാബ് എത്തിയപ്പോഴാണ് യാത്ര രേഖകൾ ഒന്നും ശരിയാക്കിയിട്ടില്ലെന്ന വിവരം പുറത്ത് വരുന്നത്. ഇതോടെ ശിഹാബിന്റേത് യൂട്യൂബ് വരുമാനത്തിന് മാത്രമായുള്ള ഒരു തട്ടിപ്പ് യാത്രയാണെന്ന രീതിയിലുള്ള വിമർശനങ്ങളും പുറത്ത് വന്നു തുടങ്ങി.
വിമർശകരെ പ്രകോപിപ്പിക്കുന്ന രീതിയിൽ യൂട്യൂബ് വീഡിയോകൾ നിർമ്മിച്ച ശിഹാബും പ്രതികരിച്ചപ്പോൾ മലയാളികളായ സബ്സ്ക്രൈബർമാർ പലരും ശിഹാബിൽ നിന്നും അകലാൻ തുടങ്ങിയിരുന്നു. നിലവിൽ ഉത്തരേന്ത്യയിലെയും അതിലേറെ ബംഗ്ലാദേശിലെയും ആളുകളാണ് ശിഹാബിന്റെ യൂട്യൂബ് ചാനൽ പിന്തുടരുന്നതിൽ പ്രതികരണം രേഖപ്പെടുത്തുന്നതും.
യാത്ര രേഖകൾ ഇല്ലാത്തതിനാൽ വാഗ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ മാറി ഒരു സ്കൂളിന്റെ ടെറസിൽ ശിഹാബ് തമ്പടിച്ചു രണ്ടുമാസം പിന്നിടുകയാണ്.
പഞ്ചാബിലെ പാടശേഖരങ്ങളും മാർക്കറ്റുകളും വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനയുള്ള കാൽനട യാത്രയുടെ വിശേഷങ്ങളും ഈ കാലയളവിൽ ശിഹാബ് പകർത്തി യൂട്യൂബ് ചാനൽ വഴി തന്റെ പ്രേക്ഷകർക്ക് നൽകിയിരുന്നു.
നേരത്തെ പാക്കിസ്ഥാൻ എമിഗ്രേഷൻ യാത്രാ രേഖകൾ ഇല്ലാത്തതിനെ തുടർന്ന് ശിഹാബിനെ പാക്കിസ്ഥാനിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് പാക്കിസ്ഥാനിലെ യൂട്ഊബർ യാത്ര രേഖകൾ അനുവദിക്കാൻ ഡിവിഷൻ കോടതിയെ സമീപിച്ചിരുന്നു. സംഭവബഹുലമായതും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതുമായ യാത്രയ്ക്ക് സുരക്ഷ നൽകാൻ സാധിക്കില്ലന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് കോടതി ആ തീരുമാനത്തോടൊപ്പം നിന്നു.
ഇതോടെയാണ് പ്രാദേശിക യൂട്ഊബർ സർവാർ താജ് പാക്കിസ്ഥാൻ ഹൈക്കോടതിയെ സമീപിക്കുന്നത്. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങുന്ന ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളുകയും സിംഗിൾ ബെഞ്ചിന്റെ തീരുമാനം ഡിവിഷൻ ബെഞ്ച് ശരിവെക്കുകയും ചെയ്ത് ഉത്തരവിട്ടു.. കോടതി ഉത്തരവ് വന്നതോടുകൂടി ശിഹാബിന് പാക്കിസ്ഥാൻ വഴി കാൽനടയായി ഹജ്ജിനു പോകാൻ സാധിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
അതേസമയം ശിഹാബുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം ഇങ്ങനെയാണ്, 'പാക്കിസ്ഥാൻ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശിഹാബ് കേരളത്തിലേക്ക് പെട്ടെന്ന് മടങ്ങില്ല. ചൈന, തജക്കിസ്ഥാൻ വഴി അഫ്ഗാനിലേക്ക് പ്രവേശിച്ച്, ഇറാൻ ഇറാഖ് വഴി സൗദിയിലേക്ക് നടന്നുപോകാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.'
എന്നാൽ ദൂരക്കൂൂടുതലും സമയക്കുറവും സുരക്ഷാപ്രശ്നവും യാത്രയ്ക്ക് തടസമാകുമോ എന്ന ആശങ്കയിലാണ് യൂട്ഊബർമാരായ സുഹൃത്തുക്കൾ. മാത്രമല്ല ഈ രാജ്യങ്ങളിൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്നുള്ളത് യാത്രയുടെ പ്രതിസന്ധിയാണ്. ഇനി എല്ലാം തരണം ചെയ്തു സൗദിയിൽ എത്തിയാൽ തന്നെ അടുത്ത വർഷത്തെ ഹജ്ജിന് പങ്കെടുക്കാൻ സാധിക്കണമെന്നും ഇല്ലെന്നും ഇവർ പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്