ന്യൂഡൽഹി: ഇന്ത്യയുടെ ശത്രുക്കളായ ഭീകരർക്കെല്ലാം കുറച്ചുകാലമായി കഷ്ടമാകാലമാണ്. നിരവധി ഭീകരരാണ് അജ്ഞാതരുടെ വെടിയേറ്റ് വിദേശങ്ങളിൽ വെച്ചു കൊല്ലപ്പെട്ടത്. ഏറ്റവും ഒടുവിലായി ജെയ്ഷെ മുഹമ്മദ് ഭീകരനും മൗലാന മസൂദ് അസറിന്റെ ഉറ്റസുഹൃത്തുമായ മൗലാന റഹീമുല്ലാ താരിഖും വെടിയേറ്റ് മരിച്ചു.

കറാച്ചിയിലെ ഒറംഗി ടൗണിൽവെച്ച് അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന താരിഖിന് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകം ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ മുതിർന്ന കമാൻഡറായ അക്രം ഖാൻ ഗസ്സിയെ വെടിവെച്ച് കൊലപ്പെടുത്തി ദിവസങ്ങൾ കഴിയുമ്പോഴാണ് താരിഖിനെയും വധിക്കുന്നത്. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ബജൗർ ജില്ലയിൽ ബൈക്കിലെത്തിയ അക്രമികളാണ് ഗസ്സിയെ വെടിവച്ചു കൊലപ്പെടുത്തിയത്. കാശ്മീരിൽ നുഴഞ്ഞുകയറിയ തീവ്രവാദികളെ റിക്രൂട്ട് ചെയ്തതിൽ പ്രധാനിയായിരുന്നു ഗസ്സി.

2018-ൽ ജമ്മു കശ്മീരിലെ സുഞ്ജുവാനിലെ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പങ്കുള്ള പ്രധാന ലഷ്‌ക്കർ കമാൻഡറായ മിയ മുജാഹിദ് എന്ന ഖ്വാജ ഷാഹിദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ഷാഹിദ് ലത്തീഫിനെയും അജ്ഞാതർ പള്ളിയിലെ പ്രാർത്ഥനക്കിടെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. 2016ൽ പഠാൻകോട്ട് വ്യോമതാവളത്തിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയ നാലു ഭീകരരുടെ ഹാൻഡ്‌ലർ ആയിരുന്നു ലത്തീഫ്.

ഇന്ത്യക്കെതിരെ ആയുധമെടുത്ത് പോരാടാൻ പ്രേരിപ്പിച്ച ഭീകരർ തങ്ങളുടെ കേന്ദ്രങ്ങളിൽ മുമ്പും അജ്ഞാതരാൽ വധിക്കപ്പെട്ടിരുന്നു. ഖാലിസ്ഥാൻ നേതാക്കൾ കാനഡയിൽ കൊല്ലപ്പെട്ടതും ലഷ്‌കർ ഇ തൊയിബ ഭീകരർ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടതിന് പിന്നിലും ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യക്കെതിരെ ആയുധമെടുത്ത ഭീകരസംഘടനാ നേതാക്കളെ കാലപുരിക്കയയ്ക്കുന്ന അജ്ഞാതർ ആരാണ് എന്ന ചോദ്യമാണ് ഉയരുന്നത്.

പാക്കിസ്ഥാനിൽ ലഷ്‌കർ ഇ തൊയിബ നേതാക്കളാണ് ഒന്നൊന്നായി കൊല്ലപ്പെടുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും പാക് ഭീകരസംഘടനയായ ലഷ്‌കർ ഇ തൊയിബയുടെ തലവനുമായ ഹഫീസ് സെയ്ദിന്റെ മകനേയും അടുത്ത അനുയായിയേയും അടുത്തടുത്ത ദിവസങ്ങളിലാണ് അജ്ഞാതർ വധിച്ചത്. ഹഫീസ് സെയ്ദിന്റെ മകൻ ഇബ്രാഹിം ഹഫീസ് കമാലുദിൻ സെയ്ദിന്റെ മൃതദേഹം പെഷാവറിനടുത്ത് ജാബാവാലിയിൽ കണ്ടെത്തുകയായിരുന്നു. സയീദിന്റെ ഏറ്റവുമടുത്തയാളായ മുഫ്തി ഖൈസർ ഫാറൂഖിക്കുനേരെ അജ്ഞാതരായ ഒരുസംഘം ആളുകൾ കറാച്ചിയിൽവെച്ച് വെടിയുതിർക്കുകയായിരുന്നു.

ഫെബ്രുവരിയിൽ റാവൽപിണ്ടിയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീന്റെ കമാൻഡറും അടുത്ത അനുയായിയുമായ ബഷീർ പീർ കൊല്ലപ്പെട്ടിരുന്നു. ഐഎസ്‌ഐ ആസ്ഥാനത്തിന്റെ സമീപത്ത് വച്ചാണ് അജ്ഞാതരർ പീറിനെ കൊലപ്പെടുത്തിയത്. സപ്തംബറിൽ റാവൽകോട്ടിൽ അബു ഖാസിം കശ്മീരി, നസിമാബാദിലെ ഖാരി ഖുറം ഷെഹ്‌സാ ദ് എന്നീ ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടു. ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ള മൗലവി, മൗലാന സിയാവൂർ റഹ്മാനേയും അജ്ഞാതർ കൊന്നിരുന്നു.

ഈ കൊലപാതകങ്ങൾ പാക് ചാരസംഘടനയായ ഐഎസ്‌ഐ യെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. ഐഎസ് ഐ കൈയാളായി പ്രവർത്തിക്കുന്ന ഭീകരരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാക്ക് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കാൻ സാധ്യതയുള്ളതാണ് ലഷ്‌കർ ഇ തൊയിബ നേതാക്കളുടെ കൊലപാതകങ്ങൾ.